ad
Deshabhimani

വി ബി ജി റാം ജി പദ്ധതിയിൽ സംസ്ഥാനങ്ങൾക്ക് 55, 300 കോടിയുടെ അധികബാധ്യത: വി ശിവദാസൻ എംപി

Sivadasan.jpg
വെബ് ഡെസ്ക്

Published on Mar 13, 2026, 07:33 PM | 1 min read

ന്യൂഡൽഹി: പുതിയ ഗ്രാമീണ തൊഴിൽ പദ്ധതിയായ വി ബി ജി റാം ജി (VBGRG) വഴി തൊഴിലുറപ്പ് പദ്ധതിയുടെ സാമ്പത്തിക ബാധ്യത സംസ്ഥാന സർക്കാരുകളുടെ മേൽ അടിച്ചേൽപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് ഡോ. വി ശിവദാസൻ എംപി. പുതിയ പദ്ധതിയിൽ സാധാരണ സംസ്ഥാനങ്ങൾക്ക് 60:40 അനുപാതത്തിലാണ് കേന്ദ്രവും സംസ്ഥാനവും ചെലവ് വഹിക്കേണ്ടത് എന്ന് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിൽ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.


എന്നാൽ നിലവിൽ നടപ്പിലുള്ള മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ വേതനച്ചെലവിന്റെ 100 ശതമാനവും കേന്ദ്ര സർക്കാർ തന്നെയാണ് വഹിക്കുന്നത്. കൂടാതെ മെറ്റീരിയൽ ചെലവിന്റെ 75 ശതമാനവും കേന്ദ്രമാണ് നൽകുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി എംജിഎൻആർഇജിഎ പദ്ധതിക്കായി കേന്ദ്രം നൽകിയ ധനസഹായവും കുറയുന്ന പ്രവണതയിലാണ്. 2020–21ൽ 1,11,171 കോടി, 2021–22ൽ 98,468 കോടി, 2022–23ൽ 90,810 കോടി, 2023–24ൽ 89,268 കോടി, 2024–25ൽ 85,839 കോടി എന്നിങ്ങനെയാണ് കേന്ദ്ര സർക്കാർ രാജ്യസഭയിൽ നൽകിയ കണക്ക്.


ഗ്രാമീണ തൊഴിലവസരങ്ങൾക്കുള്ള ആവശ്യകത ഉയരുന്ന സാഹചര്യത്തിൽ ധനസഹായം തുടർച്ചയായി കുറയുന്നത് ആശങ്കാജനകമാണെന്ന് വി ശിവദാസൻ പറഞ്ഞു. പുതിയ പദ്ധതിക്കായി 95,692 കോടി കേന്ദ്ര വിഹിതമായി ബജറ്റിൽ വകയിരുത്തിയതായി സർക്കാർ പറയുമ്പോഴും, മൊത്തം പദ്ധതി ചെലവായി പറയുന്ന 1.51 ലക്ഷം കോടി സംസ്ഥാന സർക്കാരുകളുടെ വിഹിതം ഉൾപ്പെടുത്തിയുള്ള കണക്കാണ്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനങ്ങൾക്ക് 55, 300 കോടിയുടെ അധികബാധ്യതയാണ് ഉണ്ടാവുക എന്നത് മറുപടിയിൽ നിന്ന് വ്യക്തമാണ്.


ഗ്രാമീണ ഇന്ത്യയുടെ തൊഴിൽ അവകാശം ഉറപ്പാക്കേണ്ട പദ്ധതിയിൽ കേന്ദ്ര സർക്കാർ സാമ്പത്തിക ഉത്തരവാദിത്വം കുറയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും, തൊഴിലുറപ്പ് പദ്ധതിയെ ദുർബലപ്പെടുത്തുന്ന നടപടികളിൽ നിന്ന് സർക്കാർ പിൻമാറണമെന്നും വി ശിവദാസൻ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home