80 ദിവസത്തെ ജോലി നിബന്ധന: പ്രസവാനുകൂല്യം നിഷേധിക്കാൻ സർക്കാരിന് കഴിയില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി

Representative Image | AI
ഭോപ്പാൽ: 80 ദിവസം ജോലി ചെയ്താലേ പ്രസവാനുകൂല്യം ലഭിക്കൂ എന്ന നിബന്ധന സർക്കാർ സ്ഥാപനങ്ങൾക്ക് ബാധകമല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. പൗരന്മാർക്കായി ക്ഷേമ നടപടികൾ സ്വീകരിക്കാൻ സംസ്ഥാനത്തിന് ബാധ്യതയുണ്ട്. ഈ ഉത്തരവ് സംസ്ഥാന സർക്കാരിന് ബാധകമായിരിക്കുമെന്നും ജസ്റ്റിസ് വിശാൽ ധഗത് ഉത്തരവിട്ടു.
2023ൽ പ്രസവാവധി അനുവദിച്ചെങ്കിലും സംസ്ഥാന സർക്കാർ വേതനം നൽകാതിരുന്നതിനെതിരെ ഒരു അധ്യാപിക നൽകിയ ഹർജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. മാതൃത്വ ആനുകൂല്യ നിയമത്തിലെ സെക്ഷൻ 5(2) ചൂണ്ടിക്കാട്ടി, നിശ്ചിത ദിവസം ജോലി ചെയ്തിട്ടില്ലെന്ന കാരണത്താലാണ് ശമ്പളത്തോടുകൂടിയ അവധി നിഷേധിച്ചതെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. എന്നാൽ ഇത്തരം തടസ്സങ്ങൾ ചൂണ്ടിക്കാട്ടി പ്രസവാനുകൂല്യങ്ങൾ നിഷേധിക്കാൻ സംസ്ഥാനത്തിന് കഴിയില്ലെന്ന് നിരീക്ഷിച്ച കോടതി, ഹർജിക്കാരിയായ അധ്യാപികയ്ക്ക് 26 ആഴ്ചത്തെ ശമ്പളത്തോടുകൂടിയ അവധിക്ക് അർഹതയുണ്ടെന്ന് വിധിച്ചു.
“ഈ കാലയളവിൽ ഹർജിക്കാരിക്ക് വേതനത്തിന്റെ ആനുകൂല്യം നൽകണം. ബാക്കിയുള്ള അവധി കാലയളവിൽ ഓണറേറിയത്തിന് അർഹതയുണ്ടാവില്ല, അത് ശമ്പളമില്ലാത്ത അവധിയായി കണക്കാക്കും,” വിധിയിൽ പറയുന്നു.
“ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 38 അനുസരിച്ച്, ജനങ്ങളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനം പരിശ്രമിക്കണം. തൊഴിലാളികളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യവും കരുത്തും സംരക്ഷിക്കുന്ന രീതിയിലായിരിക്കണം സംസ്ഥാനത്തിന്റെ നയമെന്ന് ആർട്ടിക്കിൾ 39 വ്യക്തമാക്കുന്നു. ആർട്ടിക്കിൾ 39എ പ്രകാരം തുല്യനീതിയും സൗജന്യ നിയമസഹായവും നൽകാനും സംസ്ഥാനത്തിന് ബാധ്യതയുണ്ട്. ഈ നിർദേശക തത്വങ്ങൾ സംസ്ഥാന സർക്കാരിന് അവരുടെ നയങ്ങൾ രൂപീകരിക്കുന്നതിനുള്ള മാർഗനിർദേശങ്ങളാണ്,” കോടതി നിരീക്ഷിച്ചു.
ഹർജിക്കാരിക്കായി അഭിഭാഷകരായ ഹിതേന്ദ്ര കുമാർ ഗോൾഹാനിയും കാജൽ വിശ്വകർമ്മയും ഹാജരായി. അഡ്വക്കേറ്റ് കമൽ സിംഗ് ബാഗേൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായി.










0 comments