ad
Deshabhimani

"ഇന്ത്യ കാത്തുസൂക്ഷിച്ച അന്തസ്സും ആഭിമാനവും നഷ്ടപ്പെടുത്തി"- അരുന്ധതി റോയ്

Arundhati Roy
വെബ് ഡെസ്ക്

Published on Mar 10, 2026, 03:28 PM | 2 min read

ന്യൂഡൽഹി: അമേരിക്കയുടെയും ഇസ്രായേലിന്റെയും ഇറാൻ അധിനിവേശത്തിൽ ഇന്ത്യ പുലർത്തുന്ന മൗനത്തെയും മൃദുസമീപനത്തെയും "നട്ടെല്ലില്ലാത്തതും ഭീരുത്വവും"എന്ന് വിശേഷിപ്പിച്ച് അരുന്ധതി റോയ്. പണ്ട് ദരിദ്രമായ രാജ്യമായിരുന്നപ്പോഴും ഇന്ത്യ കാത്തുസൂക്ഷിച്ചിരുന്ന അന്തസ്സും ആഭിമാനവും ഇന്ന് നഷ്ടപ്പെട്ടുവെന്ന് അവർ ചൂണ്ടി കാട്ടി.


ഒരുകാലത്ത് നമ്മൾ പാവപ്പെട്ടവരുടെ രാജ്യമായിരുന്നുവെങ്കിലും നമുക്ക് ആത്മാഭിമാനവും അന്തസ്സും ഉണ്ടായിരുന്നു. ഇന്ന് ഇന്ത്യ സമ്പന്നമായ രാജ്യമായി മാറിയെങ്കിലും ഭൂരിഭാഗം ജനങ്ങളും ദരിദ്രരും തൊഴിലില്ലാത്തവരുമാണ്. അവർക്ക് ഭക്ഷണത്തിന് പകരം വിദ്വേഷവും നുണകളുമാണ് വിളമ്പുന്നത്. നമ്മുടെ ധൈര്യവും അന്തസ്സും ഇപ്പോൾ സിനിമകളിൽ മാത്രമായി ഒതുങ്ങിയിരിക്കുന്നു.


ഡൽഹിയിൽ ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് ഇറാനെതിരെ ഇസ്രയേലും അമേരിക്കയും നടത്തുന്ന അതിക്രമങ്ങളിൽ കേന്ദ്ര സർക്കാരിന്റെ സമീപനം "നട്ടെല്ലില്ലാത്തതും ഭീരുത്വം നിറഞ്ഞതുമെന്ന്"അവർ വിശേഷിപ്പിച്ചത്.


മറ്റു രാജ്യങ്ങളുടെ തലവന്മാരെ അമേരിക്ക തട്ടിക്കൊണ്ടുപോകുമ്പോഴും വധിക്കുമ്പോഴും അതിനെതിരെ ശബ്ദമുയർത്താൻ കഴിയാത്ത വിധം ഇന്ത്യൻ സർക്കാർ ഭീരുക്കളായി മാറിയിരിക്കുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ പോലും അമേരിക്കയുടെ 'അനുമതി'ക്കായി കാത്തുനിൽക്കുന്ന അവസ്ഥയാണ്. "ഇനി അമ്മയെ കാണാനും ബാത്ത്റൂമിൽ പോകാനും അമേരിക്കയുടെ അനുമതി വേണോ?"എന്ന് അവർ ചോദിച്ചു.


ഇസ്രയേലിൽ ഇന്ത്യൻ തൊഴിലാളികൾക്ക്

ബങ്കറുകളിൽ വിവേചനം


ഗാസയിൽ വംശഹത്യ നടക്കുമ്പോൾ പലസ്തീൻ തൊഴിലാളികൾക്ക് പകരമായി ആയിരക്കണക്കിന് ഇന്ത്യൻ തൊഴിലാളികളെ ഇസ്രായേലിലേക്ക് അയച്ചു. എന്നാൽ ഇപ്പോൾ ഇസ്രായേലിൽ ആക്രമണം നടക്കുമ്പോൾ സ്വദേശികൾക്ക് ബങ്കറുകളിൽ അഭയം നൽകുന്നു. അതേ സമയം ഇന്ത്യൻ തൊഴിലാളികളെ ബങ്കറുകളിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ല. ലജ്ജാകരമാണ് സാഹചര്യങ്ങൾ എന്ന് അവർ ചൂണ്ടിക്കാട്ടി.


ഇന്ത്യൻ സിനിമകൾ വെറും രക്തദാഹം വളർത്തുന്ന വിഡ്ഢിത്തങ്ങളാണ് വിളമ്പുന്നത്. എന്നിട്ട് സിനിമകളിൽ മാത്രം ധീരത കാണിക്കുന്ന ഒരു ജനതയായി നമ്മൾ മാറി. ഇന്ത്യയെ "സാമ്രാജ്യത്വത്തിന്റെ ഓമന നായ"എന്ന നിലയിലേക്ക് എത്തിച്ചിരിക്കയാണ്.


അമേരിക്കയും ഇസ്രായേലും ചേർന്ന് പുരാതന നഗരങ്ങളായ ടെഹ്‌റാൻ, ഇസ്ഫഹാൻ, ബെയ്റൂട്ട് എന്നിവയെ ചാമ്പലാക്കുകയാണ്. ലോകം ഒരു ആണവ ദുരന്തത്തിന്റെ വക്കിലാണെന്നും, ഹിരോഷിമയിൽ ബോംബിട്ടവർ മറ്റൊരു പുരാതന സംസ്കാരത്തെ തകർക്കാൻ ഒരുങ്ങുകയാണെന്നും അവർ മുന്നറിയിപ്പ് നൽകി.


ഭരണകൂടങ്ങളെ മാറ്റേണ്ടത് അതാത് രാജ്യത്തെ ജനങ്ങളാണെന്നും അല്ലാതെ ബോംബുകളിലൂടെയും അധിനിവേശത്തിലൂടെയും പുറത്തുനിന്നുള്ള ശക്തികളല്ലെന്നും അരുന്ധതി റോയ് വ്യക്തമാക്കി. ആഗോള സമ്പദ്‌വ്യവസ്ഥ തകർച്ചയിലായിരിക്കുമ്പോഴും യുദ്ധക്കൊതിയുമായി നീങ്ങുന്ന അമേരിക്കൻ-ഇസ്രായേൽ സഖ്യത്തെ പിന്തുണയ്ക്കുന്നത് ഇന്ത്യയ്ക്ക് വിനയാകുമെന്ന് അവർ ഓര്‍മ്മപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home