print edition സോഴ്‌സ്‌കോഡ് തേടിയെന്ന വാർത്ത നിഷേധിച്ച് കേന്ദ്രം

ന്യൂഡൽഹി
സ്‌മാർട്ട്‌ഫോൺ നിർമാതാക്കളിൽനിന്ന് മൊബൈൽഫോണുകളുടെ സോഴ്‌സ്‌കോഡ് തേടിയെന്ന വാർത്ത നിഷേധിച്ച് കേന്ദ്രസർക്കാർ. സൈബർസുരക്ഷ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പതിവ് കാര്യങ്ങൾ മാത്രമാണ് ആവശ്യപ്പെട്ടതെന്നും നിർമാതാക്കൾക്ക് നിർദേശങ്ങൾ നൽകുന്നകാര്യം ഇപ്പോൾ പരിഗണനയിലില്ലെന്നും കേന്ദ്ര ഇലക്‌ട്രോണിക്‌സ്, വിവര സാങ്കേതിക മന്ത്രാലയം വിശദീകരിച്ചു.
ആപ്പിൾ, സാംസങ്, ഷവോമി എന്നീ കന്പനികളോട് സോഴ്‌സ്‌കോഡ് തേടിയെന്ന് റോയിറ്റേഴ്‌സാണ് റിപ്പോർട്ട് ചെയ്‌തത്. പ്രധാന സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകൾ സർക്കാരിനെ അറിയിക്കണം, ഫോണുകളുടെ ഡാറ്റാ ആക്‌റ്റിവിറ്റി 12 മാസമെങ്കിലും സ്റ്റോർ ചെയ്യണം തുടങ്ങിയ നിർദേശങ്ങളും സർക്കാർ നൽകിയെന്നും പറഞ്ഞിരുന്നു. വിവര ചോർച്ചയും സ്വകാര്യതാ ലംഘനവും ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ഫോൺ നിർമാതാക്കൾ ശക്തമായി എതിർത്തതായും റിപ്പോർട്ടിലുണ്ടായിരുന്നു. നേരത്തെ, ഫോണുകളിൽ ‘സഞ്ചാർസാഥി’ ആപ്പ് ഇൻസ്റ്റാൾ ചെയ്‌ത് വിവരങ്ങൾ ചോർത്താനുള്ള കേന്ദ്രസർക്കാർ നീക്കം വൻപ്രതിഷേധമുയർന്നതിനെ തുടർന്ന് മരവിപ്പിച്ചിരുന്നു.
സ്‌മാർട്ട് ടിവിയിൽ കേന്ദ്രസർക്കാർ ആപ്പ്
സ്‌മാർട്ട്‌ടിവി നിർമാതാക്കളോട് പ്രസാർഭാരതിയുടെ ഒടിടി ആപ്പായ ‘വേവ്‌സ്’ ടിവികളിൽ നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യണമെന്ന് കേന്ദ്രസർക്കാർ. വാർത്താവിതരണ, പ്രക്ഷേപണ മന്ത്രാലയമാണ് നിർദേശം നൽകിയത്.











0 comments