'വീട്ടിൽ വിവാഹം നടക്കുകയാണ്': അമ്മയുടെ മൃതദേഹം പിന്നീട് വന്ന് ഏറ്റുവാങ്ങാമെന്ന് മകൻ

ലഖ്‌നൗ: വീട്ടിൽ വിവാഹം നടക്കുന്നതിനാൽ അമ്മയുടെ മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ച് മകൻ. പകരം മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഉത്തർപ്രദേശിലെ ജൗൻപൂരിലാണ് സംഭവം.
ദീർഘകാലമായി രോഗബാധിതയായിരുന്ന ശോഭ ദേവി വൃദ്ധസദനത്തിൽവെച്ചാണ് മരിച്ചത്. മരണവിവരം അറിഞ്ഞ മകൻ, മൃതദേഹം ഉടൻ വീട്ടിലേക്ക് കൊണ്ടുവരുന്നത് അശുഭകരമാണെന്നും, വീട്ടിലെ വിവാഹം കഴിയുന്നതുവരെ നാല് ദിവസത്തേക്ക് ഡീപ്പ് ഫ്രീസറിൽ സൂക്ഷിക്കണമെന്നും വൃദ്ധസദനത്തിലെ അധികൃതരോട് ആവശ്യപ്പെട്ടു. തുടർന്ന്, വൃദ്ധസദനത്തിലെ ജീവനക്കാർ മറ്റ് ബന്ധുക്കളെ വിവരം അറിയിക്കുകയും അവർ എത്തി മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
എന്നാൽ, ശോഭ ദേവിയെ ദഹിപ്പിക്കുന്നതിന് പകരം കുടുംബം മൃതദേഹം കുഴിച്ചിടുകയാണ് ചെയ്തത്. നാല് ദിവസത്തിന് ശേഷം മൃതദേഹം പുറത്തെടുത്ത് ദഹിപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഭർത്താവ് ഭുവൽ ഗുപ്ത കുടുംബാംഗങ്ങളോട് പറഞ്ഞു.
ഗോരഖ്പൂർ സ്വദേശികളായ ഭുവൽ ഗുപ്തയ്ക്കും ശോഭ ദേവിക്കും മൂന്ന് ആൺമക്കളും മൂന്ന് പെൺമക്കളുമുണ്ട്. ഒരു വർഷം മുമ്പ് കുടുംബത്തിലുണ്ടായ വഴക്കിനെ തുടർന്ന് മൂത്ത മകൻ ദമ്പതികളെ വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച ഭുവലിനെ നാട്ടുകാർ പിന്തിരിപ്പിക്കുകയും അയോധ്യയിലേക്കോ മഥുരയിലേക്കോ പോകാൻ ഉപദേശിക്കുകയും ചെയ്തു. അവിടെ സൗകര്യങ്ങൾ ലഭിക്കാതെ വന്നതോടെയാണ് ജൗൻപൂരിലെ വൃദ്ധസദനത്തിൽ എത്തുന്നത്.
നവംബർ 19-ന് ചികിത്സയിലിരിക്കെയാണ് ശോഭ ദേവിക്ക് അസുഖം മൂർച്ഛിച്ച് മരിച്ചത്. ഭർത്താവ് ഭുവൽ ഗുപ്ത ഇളയ മകനെ വിളിച്ചപ്പോൾ, മൂത്ത സഹോദരനോട് ആലോചിച്ച ശേഷം മറുപടി നൽകാമെന്നാണ് പറഞ്ഞത്. പിന്നീട് മൂത്ത മകനാണ്, മകൻ്റെ കല്യാണം നടക്കുന്നതിനാൽ നാല് ദിവസം കഴിഞ്ഞ് മാത്രമേ മൃതദേഹം ഏറ്റെടുക്കാനാവൂ എന്ന് വൃദ്ധസദനത്തിൻ്റെ ഉടമ രവി കുമാർ ചൗബേയെ അറിയിച്ചത്. മറ്റ് ബന്ധുക്കൾ ഇടപെട്ടതിനെത്തുടർന്ന് മൃതദേഹം ജൗൻപൂരിൽ നിന്ന് ഗോരഖ്പൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു.
എന്നാൽ, അന്തിമ കർമ്മങ്ങൾ നടത്താതെ മൂത്ത മകൻ മൃതദേഹം കുഴിച്ചിട്ടു. നാല് ദിവസത്തിനുള്ളിൽ മൃതദേഹം പുഴുക്കൾ തിന്നുമെന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്നും, പിന്നീട് പുറത്തെടുത്ത് ദഹിപ്പിക്കുമെന്നുമാണ് ഭുവലിനോട് പറഞ്ഞത്. വൃദ്ധസദനത്തിൽ കഴിഞ്ഞിരുന്ന കാലയളവിൽ ഇളയ മകൻ മാത്രമാണ് ഇവരെ വിളിച്ച് വിവരങ്ങൾ തിരക്കിയിരുന്നത്. കുടുംബാംഗങ്ങളിൽ മറ്റാരും അവരെ സന്ദർശിച്ചിരുന്നില്ലെന്നും രവി കുമാർ ചൗബേ കൂട്ടിച്ചേർത്തു.









0 comments