print edition വില കുതിച്ചുകയറുമ്പോൾ നോക്കുകുത്തിയായി കേന്ദ്രം

ന്യൂഡൽഹി: പശ്‌ചിമേഷ്യൻ സംഘർഷത്തെ തുടർന്നുള്ള ഉൗർജ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാർ പൂർണമായും പരാജയപ്പെട്ടതോടെ രാജ്യത്ത് വിലക്കയറ്റം കുതിച്ചു. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം ഏപ്രിലിൽ 8.3 ശതമാനത്തിലേക്ക് ഉയർന്നു. മാർച്ചിൽ 3.88 ശതമാനമായിരുന്ന വിലക്കയറ്റ തോത് ഇരട്ടിയിലേറെയാണ് വർധിച്ചത്. കഴിഞ്ഞ മൂന്നര വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലക്കയറ്റ തോതാണിത്. ചില്ലറവിപണിയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റവും ഏപ്രിലിൽ കഴിഞ്ഞ 13 മാസത്തെ ഏറ്റവും ഉയർന്ന തോതിലെത്തിയിരുന്നു.
ഇന്ധന– ഉൗർജ സൂചികയിലാണ് വലിയ വർധനവുണ്ടായത്. മാർച്ചിൽ 1.05 ശതമാനം മാത്രമായിരുന്ന ഇന്ധന–ഉൗർജ സൂചിക ഏപ്രിലിൽ 24.71 ശതമാനത്തിലേക്ക് കുതിച്ചു. പ്രാഥമിക വസ്‌തുക്കളുടെ വിലക്കയറ്റം 6.37 ശതമാനത്തിൽ നിന്നും 9.17 ശതമാനമായി ഉയർന്നു. ഭക്ഷ്യവസ്‌തുക്കളുടെ വിലക്കയറ്റം 1.85 ശതമാനത്തിൽ നിന്നും 2.39 ശതമാനമായി. നിർമ്മിത ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം മാർച്ചിൽ 3.39 ശതമാനമായിരുന്നത് ഏപ്രിലിൽ 4.62 ശതമാനമായി.
ഇന്ധന ഉൽപ്പന്നങ്ങളിൽ പെട്രോൾ വിലവർധനവ് മാർച്ചിലെ രണ്ടര ശതമാനത്തിൽ നിന്നും ഏപ്രിലിൽ 32.4 ശതമാനത്തിലേക്ക് കുതിച്ചു. ഹൈസ്‌പീഡ് ഡീസൽ വിലക്കയറ്റം 3.26 ശതമാനത്തിൽ നിന്നും 25.19 ശതമാനത്തിലെത്തി. മാർച്ചിൽ 1.54 ശതമാനം വിലയിടിഞ്ഞ എൽപിജി ഏപ്രിലിൽ 10.92 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. പ്രകൃതി വാതകത്തിന്റെ വിലക്കയറ്റം 67.18 ശതമാനവും ക്രൂഡ് പെട്രോളിയത്തിന്റേത് 88.06 ശതമാനവുമാണ്.
പശ്‌ചിമേഷ്യൻ സംഘർഷത്തെ തുടർന്നുള്ള ഉൗർജ പ്രതിസന്ധി പരിഹരിക്കുന്നതിൽ കേന്ദ്രസർക്കാരിനുണ്ടായ പരാജയമാണ് വിലക്കയറ്റത്തിന്റെ അടിസ്ഥാനകാരണം. ഇറാനിൽ നിന്നും റഷ്യയിൽ നിന്നും ക്രൂഡോയിൽ വാങ്ങുന്നത് യുഎസ് തീട്ടൂരത്തെ തുടർന്ന് നിർത്തിയത് പ്രതിസന്ധി രൂക്ഷമാക്കി. എൽപിജിക്കും പ്രകൃതിവാതകത്തിനുമായി ഗൾഫ് രാജ്യങ്ങളെ കൂടുതലായി ആശ്രയിച്ചതും വിനയായി. ഹോർമുസ് കടലിടുക്ക് അടഞ്ഞപ്പോൾ മാത്രമാണ് ബദൽ വഴികൾ തേടിയത്. അത് ഏറെ വൈകിയുള്ള നീക്കവുമായി. വൈകാതെ പെട്രോൾ– ഡീസൽ വിലകൾ കൂടി വർധിപ്പിക്കുന്നതോടെ വിലക്കയറ്റം കൂടുതൽ കുതിക്കും.










0 comments