കര്‍ണാടക എസ്ഐആര്‍; വോട്ടർപട്ടിക പരിഷ്കരണത്തിൽ പുറത്താക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങൾ നൽകില്ലെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍

ബെംഗളൂരു: കർണാടകത്തിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് തുടക്കമായി. ഇതിനിടെ, വോട്ടര്‍പട്ടികയിൽ പേര് ഉറപ്പാക്കാൻ കഴിയാത്തവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങൾ നൽകില്ലെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാർ മുന്നറിയിപ്പ് നൽകി. വോട്ടർപട്ടികയിൽ പേരുണ്ടെന്ന് പൗരൻമാര്‍ ഉറപ്പുവരുത്തണമെന്നും വോട്ടവകാശം നഷ്ടപ്പെട്ടവർക്ക് സർക്കാർ ആനൂകൂല്യങ്ങൾ നഷ്ടപ്പെടുമെന്നുമാണ് എസ്ഐആര്‍ നടപടികൾ ആരംഭിക്കുമ്പോൾ തന്നെ മുഖ്യമന്ത്രിയുടെ ഭീഷണി.
പശ്ചിമബംഗാളിലെയും അസമിലെയും അനുഭവങ്ങൾ മുന്നിലുള്ളതിനാൽ ജനങ്ങളിൽ ഇത് തുടക്കം തന്നെ ഭീതി വിതച്ചു. ഇതിന് മുൻപ് 2002-ലാണ് കര്‍ണാടകയിൽ വോട്ടര്‍പട്ടിക പുതുക്കൽ നടത്തിയത്. അന്ന് മൂന്ന് കോടി വോട്ടർമാരുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഇരട്ടിയോളമായി വർധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആനുകൂല്യങ്ങൾ പോലും നിഷേധിക്കുമെന്ന മുഖ്യമന്ത്രിയുടെ തന്നെ മുന്നറിയിപ്പ് വലിയ ചര്‍ച്ചകൾക്കും ആശങ്കകൾക്കുമാണ് തുടക്കമിടുന്നത്.
'വോട്ട് ചെയ്യാനുള്ള അവകാശം ജീവിക്കാനുള്ള അവകാശമാണ് എന്ന വാക്കുകളോടെയായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. എസ്ഐആർ അടിസ്ഥാനപ്പെടുത്തി പശ്ചിമബംഗാളിൽ അർഹരല്ലാത്ത റേഷൻ ഉപഭോക്താക്കളെ പുറത്താക്കാൻ ഉത്തരവിട്ടിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലും സമാനമായ നടപടി തന്നെ ഉണ്ടാകും. നിങ്ങൾക്ക് വോട്ട് ചെയ്യാനുള്ള അവകാശം നഷ്ടപ്പെടുകയാണെങ്കിൽ സർക്കാർ ആനുകൂല്യങ്ങളും നഷ്ടപ്പെടും', ഡി.കെ. ശിവകുമാർ പറഞ്ഞു.
വിവരശേഖണത്തിനായുള്ള ബൂത്ത് ലെവൽ ഓഫീസർമാരുടെ (ബി.എൽ.ഒ.) ഭവന സന്ദർശനമാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. പ്രത്യേക എന്യൂമറേഷൻ ഫോമുകൾ മുഖേനയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ഇലക്ഷൻ കമ്മീഷന്റെ നേതൃത്വത്തിലുള്ള ഭവന സന്ദർശന വിവരശേഖരണം ചൊവ്വാഴ്ച മുതൽ ജൂലൈ 29 വരെ സംസ്ഥാനത്തുടനീളം തുടരും.
കർണാടക കൂടാതെ മേഘാലയ, മഹാരാഷ്ട്ര, ഝാർഖണ്ഡ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലും എസ്ഐആർ നടപടികൾ ആരംഭിച്ചു. അഞ്ച് സംസ്ഥാനങ്ങളിലുമായി 19.78 കോടി വോട്ടർമാരാണ് തീവ്ര പരിശോധനകൾക്ക് വിധേയമാകേണ്ടത്.
കർണാടകത്തിൽ 5.55 കോടി , മഹാരാഷ്ട്രയിൽ 9.86 കോടി, ഝാർഖണ്ഡ്-2.64 കോടി, ഡൽഹി-1.48 കോടി, മേഘാലയയിൽ 23.43 ലക്ഷം എന്നിങ്ങനെയാണ് വോട്ടർമാരുടെ കണക്ക്.
കോൺഗ്രസ് ഭരണത്തിലുള്ള കര്‍ണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചതിനെ തുടർന്ന് 2026 ജൂൺ 3 നാണ് ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സ്‌ഥാനമേറ്റത്. പരസ്പരം പദവി വീതം വെപ്പ് കരാര്‍ പാലിക്കാത്തിനെ ചൊല്ലി വലിയ തര്‍ക്കങ്ങൾക്കും ചര്‍ച്ചകൾക്കും ഒടുവിലാണ് അധികാരത്തിലെത്തിയത്.
വിവിധ സംസ്ഥാനങ്ങളിലായി പരന്നു കിടക്കുന്ന വൻകിട വ്യവസായ ബന്ധങ്ങളുള്ള രാജ്യത്തെ തന്നെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രിയാണ്. കോൺഗ്രസ് പാർട്ടി നേതാക്കളായ സോണിയ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്നു.










0 comments