മത്സ്യത്തൊഴിലാളികളോടുള്ള യുഡിഎഫ് സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണം: സജി ചെറിയാൻ

തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് വർഷങ്ങളായി ലഭിച്ചുകൊണ്ടിരുന്ന അവകാശങ്ങൾ നിഷേധിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങൾക്കെതിരെ നിയമസഭയിൽ രൂക്ഷവിമർശനവുമായി സജി ചെറിയാൻ എംഎൽഎ. ട്രഷറി നിയന്ത്രണത്തിന്റെ പേര് പറഞ്ഞ് ഫിഷറീസ് വകുപ്പ് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമ്പാദ്യ സമാശ്വാസ പദ്ധതി (26-27) പ്രകാരം മറൈൻ ജില്ലകളിൽ നിന്ന് 18,98,87,000 രൂപയും ഇൻലാൻഡ് ജില്ലകളിൽ നിന്ന് 1,83,23,000 രൂപയും ഉൾപ്പെടെ 20,82,10,000 രൂപ ഇതിനകം വിഹിതമായി സ്വീകരിച്ചിട്ടുണ്ട്. റേഷൻ വിതരണത്തിന് പണം അനുവദിച്ച നടപടിയെ അഭിനന്ദിക്കുന്നതോടൊപ്പം, മത്സ്യത്തൊഴിലാളികൾ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് എടുത്തിട്ടുള്ള വായ്പകൾക്ക് അടിയന്തരമായി മോറട്ടോറിയം പ്രഖ്യാപിക്കാൻ സർക്കാർ അനുകൂല തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര വിഹിതം ലഭിച്ച ശേഷം മാത്രമേ സംസ്ഥാന വിഹിതം നൽകൂ എന്ന മന്ത്രിയുടെ നിലപാട് തീരദേശത്തെ പ്രതിസന്ധിയിലാക്കും. കേന്ദ്ര വിഹിതം ഒരു ഘട്ടത്തിലും സമയത്ത് ലഭിക്കാറില്ലെന്ന് മുൻ ഫിഷറീസ് മന്ത്രി കൂടിയായ സജി ചെറിയാൻ വ്യക്തമാക്കി. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേന്ദ്ര വിഹിതം വൈകുമ്പോൾ സംസ്ഥാനം സ്വന്തം നിലയ്ക്ക് തുക കണ്ടെത്തി മത്സ്യത്തൊഴിലാളി സമൂഹത്തിന് നൽകുകയാണ് ചെയ്തത്. സമാനമായ രീതിയിൽ ഇത്തവണയും തുക മുൻകൂട്ടി നൽകാൻ യുഡിഎഫ് സർക്കാർ തയ്യാറാകണം. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. തീരദേശത്തെ വിദ്യാർഥികൾക്ക് ഏറെ തുണയായതും 106 ഡോക്ടർമാരെ വളർത്തിയെടുക്കാൻ സഹായിച്ചതുമായ 'വിദ്യാതീരം' പദ്ധതിയുടെ വിഹിതത്തിൽ 35 കോടിയും പഞ്ഞമാസ സഹായത്തിൽ 44 കോടിയും കുറച്ചു. കൂടാതെ മത്സ്യകൃഷി വികസനത്തിൽ 40 ശതമാനത്തിന്റെ കുറവ് വരുത്തുകയും 'പുനർഗേഹം' പദ്ധതിക്ക് 24 കോടി രൂപ വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഈ പദ്ധതിയിലെ ഉദ്യോഗസ്ഥരെ മുഴുവൻ മാറ്റിയതോടെ പുനർഗേഹം നിർത്തലാക്കുകയാണോ എന്ന ആശങ്കയിലാണ് തീരദേശം.
കാലാവസ്ഥാ വ്യതിയാനം, കടലാക്രമണം, ഇന്ധനവില വർദ്ധന, മത്സ്യലഭ്യതയിലെ കുറവ് എന്നിവ മൂലം സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് മത്സ്യത്തൊഴിലാളികൾ കടന്നുപോകുന്നത്. ഫിഷറീസ് മേഖലയ്ക്കായി 50 കോടി രൂപ അധികമായി പ്രഖ്യാപിച്ചെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ അവകാശപ്പെടുന്നു. പ്ലാൻ ഔട്ട് പരിശോധിച്ചാൽ എവിടെയും ഈ തുക കാണാനില്ലെന്ന് സജി ചെറിയാൻ ചൂണ്ടിക്കാട്ടി. 'മിഷൻ സമുദ്ര' പോലുള്ള വൻകിട പദ്ധതികൾക്ക് 400 കോടി രൂപ ഉൾപ്പെടെ കോടിക്കണക്കിന് രൂപ പ്രഖ്യാപിക്കുമ്പോഴും സാധാരണക്കാരായ മത്സ്യത്തൊഴിലാളികൾക്കായി വകയിരുത്തിയിരിക്കുന്നത് വളരെ തുച്ഛമായ തുകയാണ്. വിഴിഞ്ഞം പുനരധിവാസ പാക്കേജിനായി ബജറ്റിൽ ഒരു രൂപ പോലും വകയിരുത്താത്തത് തീരദേശത്ത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. എൽഡിഎഫ് ഭരണകാലത്ത് രാജ്യത്തെ ഏറ്റവും മികച്ച മറൈൻ സംസ്ഥാനമായി കേരളത്തെയും മികച്ച മറൈൻ ജില്ലയായി കൊല്ലത്തെയും മാറ്റിയെടുത്തിരുന്നു. ആ പാരമ്പര്യം നിലനിർത്താനും മത്സ്യത്തൊഴിലാളി സമൂഹത്തോട് നീതി കാണിക്കാനും സർക്കാർ അടിയന്തരമായി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.









0 comments