കർണാടകയിൽ സിദ്ധരാമയ്യയെ തെറിപ്പിച്ച് ഡി കെ ശിവകുമാർ മുഖ്യമന്ത്രി പദത്തിലേക്ക്; മന്ത്രിസ്ഥാനത്തിനായി ചേരിപ്പോര്

ഡി കെ ശിവകുമാർ
ബെംഗളൂരു: കർണാടക കോൺഗ്രസിൽ മാസങ്ങളായി പുകയുന്ന ആഭ്യന്തര തർക്കങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ അധികാരത്തിൽ നിന്നും തെറിപ്പിച്ച് ഡികെ ശിവകുമാർ മുഖ്യമന്ത്രി പദത്തിലേക്ക്. പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിനുള്ള നാടകീയമായ കോൺഗ്രസ് നിയമസഭാകക്ഷി (സിഎൽപി) യോഗം ഇന്ന് വൈകിട്ട് നാലിന് വിധാൻ സൗധയിൽ ചേരും.
ഹൈക്കമാൻഡ് പ്രതിനിധികളായ കെ സി വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം. തർക്കങ്ങൾ പരിധിവിട്ടതോടെ കഴിഞ്ഞദിവസം സിദ്ധരാമയ്യക്ക് ഗവർണർക്ക് രാജി സമർപ്പിക്കേണ്ടി വന്നിരുന്നു. ഗവർണർ താവർചന്ദ് ഗെഗ്‌ലോട്ട് മന്ത്രിസഭ പിരിച്ചുവിട്ടതോടെയാണ് കസേര കൈക്കലാക്കാൻ ഡി കെ ശിവകുമാറിന് വഴിതുറന്നത്.
സിദ്ധരാമയ്യയെക്കൊണ്ട് തന്നെ ഡി കെ ശിവകുമാറിന്റെ പേര് നിർദേശിപ്പിക്കാനാണ് ഹൈക്കമാൻഡ് നീക്കം. ഇതിന് വഴങ്ങിയില്ലെങ്കിൽ തീരുമാനം ഹൈക്കമാൻഡിന് വിട്ടുകൊണ്ടുള്ള പതിവ് ഒറ്റവരി പ്രമേയം പാസാക്കി നാടകം അവസാനിപ്പിക്കാനും കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ തന്നെ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഉണ്ടായേക്കും.
അധികാര കൈമാറ്റം ഉറപ്പായതോടെ പുതിയ മന്ത്രിസഭയിൽ കയറിപ്പറ്റാൻ കോൺഗ്രസ് നേതാക്കൾക്കിടയിൽ വൻ തർക്കവും പിടിവലിയുമാണ് ആരംഭിച്ചിരിക്കുന്നത്. മന്ത്രിസ്ഥാനം മോഹിക്കുന്ന പ്രമുഖ നേതാക്കളും എംഎൽഎമാരും ഹൈക്കമാൻഡ് നേതാക്കളുടെ വാതിലുകൾ തോറും ഗ്രൂപ്പ് മാനേജർമാരുമായി പാറിനടക്കുകയാണ്. ഡൽഹി കേന്ദ്രീകരിച്ചാണ് നിലവിൽ ഗ്രൂപ്പ് പോര് മുറുകുന്നത്. കഴിഞ്ഞ മന്ത്രിസഭയിലെ സിദ്ധരാമയ്യ പക്ഷക്കാരെ വെട്ടിനിരത്താനും തങ്ങളുടെ വിശ്വസ്തരെ തിരുകിക്കയറ്റാനും ശിവകുമാർ ക്യാമ്പ് ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്.
അധികാര വീതംവെപ്പിലെ തർക്കങ്ങൾ പരിഹരിക്കാൻ ഒന്നിലധികം ഉപമുഖ്യമന്ത്രി പദവികൾ നൽകി നേതാക്കളെ തൃപ്തിപ്പെടുത്താനും നീക്കമുണ്ട്. അതിനിടെ ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകുമ്പോൾ ഒഴിവുവരുന്ന കെപിസിസി അധ്യക്ഷ കസേരയ്ക്ക് വേണ്ടിയും നേതാക്കൾ ചരടുവലി തുടങ്ങി.










0 comments