ad
Deshabhimani

കർണാടകത്തിൽ അധികാരപ്പോര് തെരുവിലേക്ക്: സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഡൽഹിയിൽ

Image Credit : India Today

സിദ്ധരാമയ്യ, ഡി കെ ശിവകുമാർ Image Credit : India Today

വെബ് ഡെസ്ക്

Published on May 26, 2026, 12:50 PM | 1 min read

ന്യൂഡൽഹി: അധികാരക്കൈമാറ്റത്തെച്ചൊല്ലിയുള്ള കടുത്ത വിഭാഗീയതയും തർക്കങ്ങളും രൂക്ഷമായ പശ്ചാത്തലത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഡൽഹിയിലെത്തി. കോൺഗ്രസ് കേന്ദ്ര നേതൃത്വം അടിയന്തരമായി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കാനാണ് ഇരുവരും രാജ്യതലസ്ഥാനത്ത് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പദത്തെച്ചൊല്ലി ഇരുപക്ഷവും തമ്മിലുള്ള ചേരിപ്പോര് പാർട്ടിയെ വൻ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് എഐസിസി നേതൃത്വത്തിന്റെ ഇടപെടൽ.


സർക്കാരിന്റെ മൂന്ന് വർഷം പൂർത്തിയായതോടെ നേരത്തെ ധാരണയായെന്ന് പറയപ്പെടുന്ന 'അധികാരം പങ്കിടൽ' ഫോർമുല നടപ്പാക്കണമെന്നാണ് ഡി കെ ശിവകുമാർ പക്ഷത്തിന്റെ ശക്തമായ ആവശ്യം. എന്നാൽ മുഖ്യമന്ത്രി പദം വിട്ടുകൊടുക്കാൻ സിദ്ധരാമയ്യ വിഭാഗം തയ്യാറല്ല. ഡൽഹിയിലെ ഇന്ദിരാ ഭവനിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തുടങ്ങിയവരുമായി നേതാക്കൾ പ്രത്യേകമായി ചർച്ച നടത്തി.


ഡൽഹിയിലും ശക്തിപ്രകടനം നടത്താനുള്ള നീക്കത്തിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി തന്റെ വിശ്വസ്തരായ മന്ത്രിമാർക്കും എംഎൽഎമാർക്കും അദ്ദേഹം കർണാടക ഭവനിൽ പ്രഭാതവിരുന്ന് നൽകി. നിലവിൽ 17ലധികം എംഎൽഎമാർ സിദ്ധരാമയ്യയ്ക്ക് പിന്തുണയുമായി ഡൽഹിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. കൂടുതൽ എംഎൽഎമാരെ ഡൽഹിയിലെത്തിച്ച് ഹൈക്കമാൻഡിന് മേൽ സമ്മർദ്ദം ചെലുത്താനാണ് സിദ്ധരാമയ്യ ക്യാമ്പിന്റെ നീക്കം.


രാജ്യസഭാ തിരഞ്ഞെടുപ്പ്, മന്ത്രിസഭാ പുനഃസംഘടന എന്നിവയാണ് ചർച്ചാവിഷയമെന്ന് പാർട്ടി നേതൃത്വം ഔദ്യോഗികമായി വ്യക്തമാക്കുന്നുണ്ടെങ്കിലും യഥാർത്ഥ അജണ്ട കടുത്ത അധികാരത്തർക്കം പരിഹരിക്കൽ തന്നെയാണ്. നേതൃമാറ്റത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ സിദ്ധരാമയ്യയോ മല്ലികാർജുൻ ഖാർഗെയോ തയ്യാറായില്ല. എന്നാൽ "കൂടുതൽ കാര്യങ്ങൾ രാഹുൽ ഗാന്ധി പറയും" എന്നായിരുന്നു ഖാർഗെയുടെ പ്രതികരണം. കര്‍ണാടകയില്‍ സിദ്ധരാമയ്യ അധികാരത്തിലേറിക്കഴിഞ്ഞ് രണ്ടര വര്‍ഷം കഴിയുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനം ഡി കെ ശിവകുമാറിന് നല്‍കുമെന്നായിരുന്നു ഇരുവര്‍ക്കുമിടയിലെ ധാരണ. എന്നാല്‍ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും സിദ്ധരാമയ്യ അധികാരം കൈമാറാന്‍ തയ്യാറാകാത്തതാണ് നിലവില്‍ ഗ്രൂപ്പ് പോരിന് കാരണമായിരിക്കുന്നത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home