ക്രിക്കറ്റിൽ വനിതകളുടെ ഉഗ്രൻ കടന്നുകയറ്റം, അഞ്ച് വര്‍ഷത്തിനിടെ പങ്കാളിത്തം ഇരട്ടിയായി


എൻ എ ബക്കർ
Published on Mar 13, 2026, 05:34 PM | 2 min read
ഇന്ത്യൻ ക്രിക്കറ്റിൽ വനിതകളുടെ പങ്കാളിത്തം കുതിച്ചുയരുന്നതായി പഠന റിപ്പോർട്ട്. ബിബിസിയും കളക്റ്റീവ് ന്യൂസ്‌റൂമും ചേർന്ന് നടത്തിയ സർവേയിലാണ് കണ്ടെത്തൽ. 2020-ന് ശേഷം രാജ്യത്തെ 14സംസ്ഥാനങ്ങളിൽ വനിതാ ക്രിക്കറ്റ് പങ്കാളിത്തം ഇരട്ടിയായി.
2020-ൽ അഞ്ച് ശതമാനം സ്ത്രീകൾ മാത്രമാണ് ക്രിക്കറ്റ് കളിച്ചിരുന്നതെങ്കിൽ നിലവിൽ അത് 10ശതമാനമായി ഉയർന്നു. പ്രത്യേകിച്ച് യുവതികൾക്കിടയിൽ ക്രിക്കറ്റ് ആവേശം കുതിപ്പിലാണ്. 15-24പ്രായക്കാർക്ക് ഇടയിൽ ഈ വളർച്ച അതിവേഗമാണ്. ഈ വിഭാഗത്തിൽ 16ശതമാനം പേരും ഇന്ന് സജീവമായി ക്രിക്കറ്റിൽ ഏർപ്പെടുന്നു. മുൻപ് ഇത് ആറ് ശതമാനം മാത്രമായിരുന്നു.
വ്യത്യസ്ത സംസ്ഥാനങ്ങളിലായി പതിനായിരത്തിലധികം സ്ത്രീകളെ ഉൾപ്പെടുത്തി നടത്തിയ പഠനമാണ്. ഉത്തർപ്രദേശിൽ മാത്രം ക്രിക്കറ്റ് പങ്കാളിത്തം ഒരു ശതമാനത്തിൽ നിന്ന് 10ശതമാനമായി. ഒരാൾ മാത്രം പിച്ചിലിറങ്ങിയിരുന്നത് മാറി ഇപ്പോൾ പത്ത് പേരായി. ടീം സെറ്റായി...
ലിംഗവിവേചനം പഴങ്കഥ
ക്രിക്കറ്റിലെ ലിംഗപരമായ ഇടവേളയും (Gender Gap) ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 2020-ൽ അഞ്ച് പുരുഷന്മാർക്ക് ഒരു സ്ത്രീ എന്നതായിരുന്നു ക്രിക്കറ്റ് കളിക്കുന്നവരുടെ അനുപാതമെങ്കിൽ, ഇന്ന് അത് മൂന്ന് പുരുഷന്മാർക്ക് ഒരു സ്ത്രീ എന്ന നിലയിലേക്ക് മെച്ചപ്പെട്ടു.

കബഡിയെ മറികടന്നു
ഗ്രാമീണ ഇന്ത്യയുടെ പ്രിയപ്പെട്ട കായിക വിനോദമായിരുന്ന കബഡിയെ വലിയൊരു വ്യത്യാസത്തിൽ പിന്നിലാക്കി ക്രിക്കറ്റ് ഒന്നാമതെത്തി. സർവേ നടന്ന മിക്ക സംസ്ഥാനങ്ങളിലും ഏറ്റവും കൂടുതൽ സ്ത്രീകൾ കളിക്കുന്ന കായിക ഇനമായി ക്രിക്കറ്റ് മാറി. നേരത്തെ പല സംസ്ഥാനങ്ങളിലും പ്രിയം കബഡിക്കായിരുന്നു.
മത്സരിക്കാൻ ബാഡ്മിന്റൺ
കായികരംഗത്തെ കരിയര്‍ ആയി സ്വീകരിക്കാൻ താല്പര്യപ്പെടുന്ന യുവതികളുടെ എണ്ണത്തിലും വർധനവുണ്ട്. 15-24പ്രായത്തിലുള്ള 26ശതമാനം യുവതികളും സ്പോർട്സ് ഒരു കരിയറായി പരിഗണിക്കുന്നു. തമിഴ്‌നാട് (27%), മധ്യപ്രദേശ് (19%), മേഘാലയ (19%) എന്നിവിടങ്ങളിലാണ് ഈ താല്പര്യം കൂടുതൽ പ്രകടം. ക്രിക്കറ്റിന് പുറമെ പഞ്ചാബ്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ബാഡ്മിന്റൺ കളിക്കുന്ന സ്ത്രീകളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.
ഇന്ത്യൻ വനിതാ ടീം നേടിയ കന്നി ഏകദിന ലോകകപ്പ് വിജയവും, ഓസ്‌ട്രേലിയക്കെതിരായ ചരിത്രപരമായ ടി20 പരമ്പര വിജയവും ഈ ജനപ്രീതിക്ക് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഐസിസി ലോകകപ്പ് വിജയം രാജ്യത്തെ വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലെ സുവർണ്ണാധ്യായത്തിന് തുടക്കമിട്ടു. ദക്ഷിണാഫ്രിക്കയെ 52 റൺസിന് തകർത്താണ് ഇന്ത്യ ആദ്യ കിരീടം സ്വന്തമാക്കിയത്.
ബിസിസിഐ അവതരിപ്പിച്ച വിമൻസ് പ്രീമിയർ ലീഗും (WPL) തുല്യ വേതനവും വനിതാ ക്രിക്കറ്റിനെ ഇതോടൊപ്പം ശക്തിപ്പെടുത്തി.

ഇത് ഒരു കേവല ആവേശം മാത്രമല്ല. ഇതിനൊപ്പം സുരക്ഷാ ആശങ്കകൾ ഇപ്പോഴും പലരെയും പിന്നോട്ടടിക്കുന്നുണ്ട്. സ്പോർട്സിൽ ഏർപ്പെടാൻ മടിച്ചു നിൽക്കുന്ന 13 ശതമാനം സ്ത്രീകളും സുരക്ഷാ പ്രശ്നങ്ങളെ ഒരു പ്രധാന തടസ്സമായി കാണുന്നു.
സാമൂഹികമായ മുൻവിധികളും പ്രായോഗിക ബുദ്ധിമുട്ടുകളും നിലനിൽക്കുന്നു എങ്കിലും പങ്കാളിത്തത്തിലും കാഴ്ചക്കാരുടെ എണ്ണത്തിലും ഉണ്ടായ ഈ വർധനവ് ശുഭസൂചനയാണ്. സമീപ ഭാവിയിൽ ഇനിയും കൂടുതൽ പേര്‍ രംഗത്തേക്ക് എത്തുമെന്നാണ് പ്രവണതകൾ സൂചിപ്പിക്കുന്നത്- പഠനം പറയുന്നു.










0 comments