Deshabhimani

കാമ്പസുകളിൽ തരം​ഗമായി എസ്‌എഫ്‌ഐ: രാജ്യത്തെ പുതുതലമുറ പുരോഗമന പ്രസ്ഥാനങ്ങൾക്കൊപ്പം

sfi kozhikkode west hill polytechnic college victory
വെബ് ഡെസ്ക്

Published on Oct 01, 2026, 08:00 PM | 2 min read

ന്യൂഡൽഹി: ഇന്ത്യയിലെ വിവിധ കോളേജുകളിലും സർവകലാശാലകളിലും നടന്ന യൂണിയൻ തെരഞ്ഞെടുപ്പുകളിൽ വിജയക്കൊടിയുയർത്തി എസ്‌എഫ്‌ഐ. രാജ്യത്തെ പുതുതലമുറ എപ്പോഴും പുരോഗമന വിദ്യാർഥി പ്രസ്ഥാനങ്ങൾക്കൊപ്പമാണ് നിലകൊള്ളുന്നത് എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു പുറത്തുവന്ന ഓരോ തെരഞ്ഞെടുപ്പ് ഫലങ്ങളും. എബിവിപിയുടെ കോട്ടകൾ തകർത്തെറിഞ്ഞും, കൈവിട്ടുപോയ സർവകലാശാലകൾ തിരിച്ചുപിടിച്ചും ക്യാമ്പസുകളിൽ എസ്‌എഫ്‌ഐ തങ്ങളുടെ സ്വാധീനം ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്.


കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിലാണ്‌ എസ്‌എഫ്‌ഐ ഏറ്റവും മികച്ച പ്രകടനം. കേരള, എംജി, കണ്ണൂ‍ർ സർവകലാശാലകളിലും സംസ്ഥാനത്തെ പോളിടെക്‌ടനിക്‌ കോളേജുകളിലും സ്‌കൂളുകളിലുമെല്ലാം എസ്‌എഫ്‌ഐ തരംഗമായിരുന്നു.


ഡൽഹിയിയാണ്‌ എസ്‌എഫ്‌ഐ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയ മറ്റൊരു സംസ്ഥാനം. എബിവിപിയുടെ പല കോട്ടകളും എസ്‌എഫ്‌ഐ തേരോട്ടത്തെത്തുടർന്ന്‌ കടപുഴകി. എബിവിപിയുടെ ഏറ്റവും വലിയ കുത്തകയായ ഭാസ്‌കരാചാര്യ കോളേജ്‌ ഓഫ്‌ അപ്ലെയ്‌ഡ്‌ സയൻസിൽ യൂണിയൻ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം ആർച്ചി ബിശ്വാസാണ്‌ വിജയിച്ചത്‌. ആദ്യമായാണ്‌ സംഘടന കോളേജിൽ വിജയിക്കുന്നത്‌. ആർഎസ്‌എസ്‌ നിയന്ത്രണത്തിലുള്ള അധ്യാപക –അനധ്യാപക സംഘടനകളെ തോൽപ്പിച്ചായിരുന്നു വിജയം.


ഡൽഹിയിലെ സാകിർ ഹുസൈന്‍ കോളേജില്‍ ജോയിന്റ്‌ സെക്രട്ടറി സ്ഥാനം എബിവിപിയിൽ നിന്ന്‌ എസ്‌എഫ്‌ഐയുടെ ജീതേന്ദ്രകുമാർ പിടിച്ചെടുത്തു. മിറാൻഡ ഹ‍ൗസ്‌ കോളേജിൽ കേന്ദ്ര ക‍ൗൺസിലറായി എസ്‌എഫ്‌ഐയുടെ ആദ്യ ശർമ ജയിച്ചു. ഡൽഹി സർവകലാശാല സ‍ൗത്ത്‌ ക്യാമ്പസിൽ എസ്‌എഫ്‌ഐ പിന്തുണച്ച പാനൽ സമ്പൂർണ വിജയം നേടി. ജാനകീദേവി മെമ്മോറിയൽ കോളേജില്‍ ജനറൽ സെക്രട്ടറിയായി എസ്‌എഫ്‌ഐ സ്ഥാനാർഥി റാഖിബ തരന്നും വിജയിച്ചു. ഡൽഹി സ്‌കൂൾ ഓഫ്‌ സോഷ്യൽ വർക്കിലും എസ്‌എഫ്‌ഐ വിജയം കൊയ്‌തു.

ലോകത്തിലെ ഏറ്റവും വലിയ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ്‌ നടക്കുന്ന ഡൽഹി സർവകലാശാലയിലും എസ്‌എഫ്‌ഐ മുന്നേറി. മുൻവർഷങ്ങളിലേക്കാൾ മികച്ച പ്രകടനം കാഴ്‌ചവെക്കാൻ എസ്‌എഫ്‌ഐക്ക്‌ സാധിച്ചു. സർവകലാശാലയിലെ ഐസിസി തെരഞ്ഞെടുപ്പിൽ വർഷങ്ങളകയി എസ്‌എഫ്‌ഐ ആണ്‌ വിജയിക്കുന്നത്‌.


എബിവിപിയുടെ മുഖത്തടിക്കുന്ന വിജയമാണ്‌ ഹൈദരാബാദ്‌ സർവകലാശാലയിൽ എസ്‌എഫ്‌ഐ സഖ്യം നേടിയത്‌. 2025ൽ യൂണിയൻ പിടിച്ച എബിവിപിക്ക്‌ ഇത്തവണ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പ്രധാനപ്പെട്ട നാല്‌ സീറ്റുകളിലും എസ്‌എഫ്‌ഐ സഖ്യം വിജയിച്ചു. പ്രസിഡന്റായി മലയാളി വിദ്യാർഥി കൂടിയായ എസ്‌എഫ്‌ഐ നേതാവ്‌ ദിൽഷാദ റൈഹാൻ തെരഞ്ഞെടുക്കപ്പെട്ടു.


ഉത്തരാഖണ്ഡ്‌ ഡെറാഡൂണിലെ ഡിഎവി പിജി കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ ചരിത്രവിജയം നേടി. ഉത്തരാഖണ്ഡിലെ ഏറ്റവും വലിയ സർക്കാർ കോളേജാണ്‌ ഡിഎവി. വൈസ്‌ പ്രസിഡന്റായി എസ്‌എഫ്‌ഐയുടെ ശൈലേന്ദ്ര സിങ്‌ നേഗിയാണ്‌ വിജയിച്ചത്‌. അസമിലെ മരിയാനി കോളേജിലും എസ്എഫ്ഐ നേട്ടമുണ്ടാക്കി. ജനറൽ സെക്രട്ടറി, സോഷ്യൽ സർവീസ് സെക്രട്ടറി, ഡിബേറ്റ് സെക്രട്ടറി, മേജർ ഗെയിം സെക്രട്ടറി സീറ്റുകളിലാണ്‌ എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചത്‌.


രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കാമ്പസുകളായ ജെഎൻയു, പോണ്ടിച്ചേരി, ഡൽഹി അംബേദ്‌കർ സർവകലാശാല എന്നിവിടങ്ങളിൽ ഇ‍ൗ അധ്യായന വർഷത്തെ തെരഞ്ഞെടുപ്പ്‌ നടന്നിട്ടില്ല. ഇ‍ൗ കാമ്പസുകളിലെല്ലാം നിലവിൽ എസ്‌എഫ്‌ഐയുടെ നേതൃത്വത്തിലുള്ള യൂണിയനാണ്‌ പ്രവർത്തിക്കുന്നത്‌. വരുന്ന തെരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ്‌ പ്രവർത്തകർ.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home