ആർഎസ്‌എസ് രാജ് അനുവദിക്കില്ല: എസ്എഫ്ഐ

കോഴിക്കോട്: ഗവർണർമാരെ ഉപയോഗിച്ച് ബിജെപി ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആർഎസ്എസ് രാജ് നടപ്പാക്കാൻ കേന്ദ്ര സർക്കാരിനെ അനുവദിക്കില്ലെന്ന് വ്യക്തമാക്കി എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനം. വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുകയറാനുള്ള ആർഎസ്‌എസ് നീക്കത്തിന്റെ ഏജന്റുമാരായി പ്രവർത്തിക്കുകയാണ് ഗവർണർമാർ. ഇതനുവദിക്കാനാവില്ലെന്നും അഖിലേന്ത്യാ ജോ. സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ, വൈസ് പ്രസിഡന്റ് കെ അനുശ്രീ എന്നിവർ ചേർന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരള രാജ്ഭവനിലെ ഭാരതാംബ പ്രശ്‌നം കേന്ദ്ര സർക്കാർ ശ്രമത്തിന് ഉദാഹരണമാണ്. മുൻ ഗവർണറുടെ അതേ നിലപാടാണ് പുതിയ ഗവർണറും നടത്തുന്നതെങ്കിൽ ശക്തമായ സമരവുമായി എസ്‌എഫ്‌ഐ മുന്നോട്ട് പോകും. സർവകലാശാലകൾ സ്വയം ഭരണാധികാര സ്ഥാപനങ്ങളാണെന്നും വിഷയങ്ങളിൽ ഒറ്റയ്‌ക്കല്ല സംസ്ഥാന സർക്കാരിനെ വിശ്വാസത്തിലെടുത്താണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും സമ്മേളനത്തിൽ ഭാരവാഹികൾ പറഞ്ഞു.
പുതിയ ദേശീയ വിദ്യഭ്യാസ നയം അടിച്ചേൽപ്പിക്കാനുള്ള മോദി സർക്കാരിന്റെ നീക്കം, സ്വകാര്യവൽക്കരണം, മറ്റു പ്രശ്‌നങ്ങൾ എന്നിവ പ്രതിനിധി സമ്മേളനം ചർച്ച ചെയ്തു. 14 സർവ്വകലാശാലകളിൽ നിന്നായി 37 പേർ മൂന്നു മണിക്കൂർ ചർച്ചയിൽ പങ്കെടുത്തു. യുദ്ധവും തീവ്രവാദവും വേണ്ട, എല്ലാവർക്കും സുരക്ഷിതമായ തൊഴിൽ ഉറപ്പാക്കുക, ഇന്റർനെറ്റ് ലഭ്യത രാജ്യത്തെ എല്ലായിടത്തും ലഭ്യമാക്കുക, ആദിവാസികളെ സംരക്ഷിച്ചു നിർത്തുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
ഫാസിസത്തിനും തീവ്രവാദത്തിനും ഒരുപോലെ ഇരയാകുകയാണ് കാശ്മീരി ജനതയെന്നും തീവ്രവാദത്തിനെതിരെ ഇതുവരെ പോരാടിയ തങ്ങൾ അത് ഇനിയും തുടരുമെന്നും കാശ്മീരിൽ നിന്നുള്ള പ്രതിനിധി അഖീൽ യൂസഫ് പറഞ്ഞു.










0 comments