Deshabhimani

ജെഎൻയു പിഎച്ച്ഡി പ്രവേശനത്തിൽ സംവരണ അട്ടിമറി; എസ്എഫ്‌ഐ പരാതിയിൽ ദേശീയ കമീഷനുകളുടെ ഇടപെടൽ

sfi flag
വെബ് ഡെസ്ക്

Published on Oct 28, 2026, 06:02 PM | 2 min read

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) 2026–27 അധ്യയനവർഷത്തെ പിഎച്ച്ഡി പ്രവേശനത്തിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെയും ഭിന്നശേഷിക്കാരുടെയും സംവരണം അട്ടിമറിച്ചതായുള്ള എസ്എഫ്‌ഐയുടെ പരാതിയിൽ ദേശീയ കമീഷനുകളുടെ ഇടപെടൽ. സെപ്തംബർ 29ന് എസ്എഫ്‌ഐ നൽകിയ പരാതിയിൽ ദേശീയ പട്ടികജാതി കമീഷൻ (എൻസിഎസ്‌സി) സർവകലാശാല രജിസ്ട്രാർക്ക് നോട്ടീസ് അയച്ചു. ഒക്ടോബർ എട്ടിന് നൽകിയ നോട്ടീസിൽ വിഷയവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും സ്വീകരിച്ച നടപടികളും അറിയിക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ ഒക്ടോബർ 23നകം മറുപടി നൽകാത്തതിനെ തുടർന്ന് 27ന് വീണ്ടും നോട്ടീസ് നൽകി. ഏഴ് ദിവസത്തിനകം മറുപടി നൽകുകയോ നടപടികൾ സ്വീകരിക്കുകയോ ചെയ്യണമെന്നാണ് നിർദേശം. ദേശീയ പട്ടികവർഗ കമീഷനും (എൻസിഎസ്ടി) വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.


2026–27 പിഎച്ച്ഡി പ്രവേശന പ്രോസ്‌പെക്ടസിലെ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് സംവരണ സീറ്റുകളിലെ കുറവ് കണ്ടെത്തിയതെന്ന് എസ്എഫ്‌ഐ വ്യക്തമാക്കി. ആകെയുള്ള 711 പിഎച്ച്ഡി സീറ്റുകളിൽ പട്ടികവർഗ വിഭാഗത്തിന് 7.5 ശതമാനം സംവരണപ്രകാരം ഏകദേശം 53 സീറ്റുകൾ ലഭിക്കേണ്ടതാണ്. എന്നാൽ 38 സീറ്റുകൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. പട്ടികജാതി വിഭാഗത്തിന് 15 ശതമാനം സംവരണപ്രകാരം ഏകദേശം 107 സീറ്റുകൾ ലഭിക്കേണ്ട സ്ഥാനത്ത് 103 സീറ്റുകളാണുള്ളത്. ഭിന്നശേഷിക്കാർക്കായി 36 സീറ്റുകൾ നീക്കിവയ്ക്കേണ്ട സ്ഥാനത്ത് 17 സീറ്റുകൾ മാത്രമാണുള്ളതെന്നും എസ്എഫ്‌ഐ പറഞ്ഞു.


സർവകലാശാല പിന്തുടരുന്ന 'മൈക്രോ യൂണിറ്റ്' സീറ്റ് വിഭജന രീതിയാണ് സംവരണ അട്ടിമറിക്ക് കാരണം. ആകെ പ്രവേശന സീറ്റുകളുടെ അടിസ്ഥാനത്തിൽ സംവരണം നിശ്ചയിക്കുന്നതിന് പകരം ഓരോ പഠനകേന്ദ്രത്തിലെയും സീറ്റുകൾ പ്രത്യേകം കണക്കാക്കുകയാണ് ചെയ്യുന്നത്. ഒന്നോ രണ്ടോ മൂന്നോ സീറ്റുകൾ മാത്രമുള്ള കേന്ദ്രങ്ങളിൽ 7.5 ശതമാനം സംവരണം കണക്കാക്കുമ്പോൾ ലഭിക്കുന്ന വിഹിതം പൂജ്യമായി ചുരുങ്ങുന്നു. ഇതോടെ പട്ടികവർഗ വിദ്യാർഥികൾക്ക് സീറ്റുകൾ ലഭിക്കാത്ത സാഹചര്യമുണ്ടാകുന്നു. നെറ്റ്–ജെആർഎഫ്, നെറ്റ്, ഗേറ്റ് പ്രവേശന വിഭാഗങ്ങളായി സീറ്റുകൾ വീണ്ടും വിഭജിക്കുന്നതും പ്രശ്നം രൂക്ഷമാക്കുന്നു. ഇത്തവണ 29 പഠനകേന്ദ്രങ്ങളിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് ഒരു സീറ്റുപോലും അനുവദിച്ചിട്ടില്ലെന്നും എസ്എഫ്‌ഐ ചൂണ്ടിക്കാട്ടി.


മുൻവർഷങ്ങളിൽ ഒഴിഞ്ഞുകിടന്ന സംവരണ സീറ്റുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റിയതും ആശങ്കയാകുന്നു. ഈ വർഷത്തെ പിഎച്ച്ഡി പ്രവേശനത്തിൽ തന്നെ സംവരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാണ് എസ്എഫ്‌ഐയുടെ ആവശ്യം. ദേശീയ കമീഷനുകൾ വിഷയത്തിൽ ഇടപെട്ടിട്ടും സംവരണ പ്രശ്നങ്ങൾ പരിഹരിക്കാതെ പ്രവേശന നടപടികളുമായി മുന്നോട്ടുപോകുന്നത് പിന്നാക്കവിഭാഗങ്ങളിലെ വിദ്യാർഥികളുടെ ഭരണഘടനാപരമായ അവകാശങ്ങളോടുള്ള അവഗണനയാണെന്നും എസ്എഫ്ഐ വ്യക്തമാക്കി.


ഉന്നതവിദ്യാഭ്യാസത്തിലും ഗവേഷണരംഗത്തും പിന്നാക്കവിഭാഗങ്ങളിലെ വിദ്യാർഥികളുടെ അവസരങ്ങൾ നിഷേധിക്കുന്നതിനെതിരെ പോരാട്ടം തുടരുമെന്നും എസ്എഫ്‌ഐ വാർ‌ത്താസമ്മേളനത്തിൽ വ്യക്തമാക്കി. പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ മുൻ രാജ്യസഭാംഗം ബൃന്ദ കാരാട്ട്, പശ്ചിമ ബംഗാൾ മുൻ മന്ത്രി ദേബലീന ഹെംബ്രം, എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്, ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ വൈസ് പ്രസിഡന്റ് ഗോപിക ബാബു, എസ്എഫ്‌ഐ ജെഎൻയു സെക്രട്ടറി സാഗർ സിംഗാൾ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home