ad
Deshabhimani

പരീക്ഷ നടത്തിപ്പിലെ കെടുകാര്യസ്ഥത

പ്രതിഷേധത്തിന് അനുമതി നിഷേധിച്ചത് അപലപനീയം; വിദ്യാർഥികളുടെ ഭാവിയ്ക്കായി കേന്ദ്രത്തിനെതിരെ സമരങ്ങൾ തുടരും: എസ്എഫ്ഐ

sfi flag
വെബ് ഡെസ്ക്

Published on Jun 16, 2026, 07:44 PM | 1 min read

ന്യൂഡൽഹി : നീറ്റ്, സിബിഎസ്ഇ പരീക്ഷകളുടെ നടത്തിപ്പിലെ കെടുകാര്യസ്ഥതയ്‌ക്കെതിരെ എസ്‌എഫ്‌ഐ നടത്തുന്ന പോരാട്ടങ്ങളെ അടിച്ചമർത്താൻ കേന്ദ്ര ബിജെപി സർക്കാർ നടത്തുന്ന ശ്രമങ്ങളെ ശക്തമായി അപലപിക്കുന്നതായി എസ്എഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി. ജൂൺ 19ന് വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് നടത്താനിരുന്ന മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി എസ്‌എഫ്‌ഐ പ്രസ്താവനയിൽ പറഞ്ഞു.


നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് ശേഷം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് മെയ് 12 ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. പ്രതിഷേധ പ്രകടനത്തിനിടെ എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്, ഡൽഹി സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ് എന്നിവരുൾപ്പെടെ 25ലധികം എസ്‌എഫ്‌ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. അതിനുശേഷം, 22 സംസ്ഥാനങ്ങളിലായി രാജ്യത്തുടനീളമുള്ള 630 കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ചുകളും പ്രകടനങ്ങളും നടന്നു.


ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, സിക്കാർ, ജുൻജുനു, ഷിംല, ഡെറാഡൂൺ, വിജയവാഡ, പൂനെ, ബീഡ്, ലഖ്‌നൗ, സുൽത്താൻപൂർ, ഗുവാഹത്തി, അഗർത്തല തുടങ്ങിയ, രാജ്യത്തെ പ്രധാന നഗരങ്ങളിൽ പ്രതിഷേധം നടന്നു. രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ കെടുകാര്യസ്ഥതയ്‌ക്കെതിരെ പ്രതിഷേധിച്ച് നിരവധി വിദ്യാർഥികൾ തെരുവിലിറങ്ങി. പ്രതിഷേധത്തിനിടെ 753 എസ്‌എഫ്‌ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ബിജെപിയും ആർഎസ്എസും ചേർന്ന കേന്ദ്രസർക്കാർ വിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവന്ന അഴിമതിക്കെതിരെ പ്രതിഷേധിച്ചതിന് ഇതുവരെ 16 എസ്എഫ്ഐ പ്രവർത്തകരെ ജയിലിലടച്ചു.


കേന്ദ്രത്തിലെ ബിജെപി സർക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും പൊലീസിനെ ഉപയോഗിച്ച് വിദ്യാർഥി പ്രതിഷേധത്തെ അടിച്ചമർത്താൻ ശ്രമിച്ചു. കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും ഇതേ സമീപനം സ്വീകരിച്ചിട്ടുണ്ട്. എങ്കിലും ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ തകർച്ചയ്‌ക്കെതിരെ ചെറുത്തുനിൽപ്പിനായി നിരവധി വിദ്യാർഥികൾ തെരുവിലിറങ്ങി.


രാജ്യത്തെ വിദ്യാഭ്യാസ മേഖല സംരക്ഷിക്കുന്നതിനുള്ള സമരത്തിൽ നിന്ന് എസ്‌എഫ്‌ഐ പിന്മാറില്ല. എൻ‌ടി‌എ റദ്ദാക്കണം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കുകയും അഴിമതികൾക്ക് പിന്നിലുള്ള എല്ലാ കുറ്റവാളികളെയും ശിക്ഷിക്കുകയും ചെയ്യുന്നതുവരെ സമരങ്ങൾ തുടരുമെന്നും എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ആ​ദർശ് എം സജി, ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home