ഒടിടി, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം നിരോധിക്കണം: ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും

ന്യൂഡൽഹി : ഒടിടി, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം സ്ട്രീം ചെയ്യുന്നത് നിരോധിക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്രത്തോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് പരിഗണിക്കുക. ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനായി ഒരു ദേശീയ ഉള്ളടക്ക നിയന്ത്രണ അതോറിറ്റി രൂപീകരിക്കണമെന്നും ഹർജിയിൽ പറയുന്നു. ജസ്റ്റിസുമാരായ ബി ആർ ഗവായി, അഗസ്റ്റിൻ ജോർജ്ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുക.
സോഷ്യൽ മീഡിയ സൈറ്റുകളിൽ ഫിൽട്ടർ ചെയ്യാതെ അശ്ലീല ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്ന പേജുകളും പ്രൊഫൈലുകളും ഉണ്ടെന്നും വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകൾ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ അടക്കമുള്ള ഉള്ളടക്കം സ്ട്രീം ചെയ്യുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു. ഇത്തരം ഉള്ളടക്കങ്ങൾ യുവാക്കളുടെയും കുട്ടികളുടെയും മനസ്സിനെ മലിനമാക്കുന്നുവെന്നും അതുവഴി കുറ്റകൃത്യങ്ങളുടെ നിരക്ക് വർദ്ധിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു. പൊതു സുരക്ഷയിലും ഇവ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഹർജിയിൽ പറയുന്നു.
അധികൃതരെ വിഷയം ബോധ്യപ്പെടുത്താൻ നിരവധി നടപടികൾ സ്വീകരിച്ചെന്നും അവയൊന്നും ഫലപ്രദമായിട്ടില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. കുട്ടികൾക്കും പ്രായപൂർത്തിയാകാത്തവർക്കും അശ്ലീല ഉള്ളടക്കങ്ങൾ അടങ്ങിയ കണ്ടന്റുകൾ ആക്‌സസ് ചെയ്യാൻ കഴിയുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു സംവിധാനം രൂപീകരിക്കുന്നതുവരെ സോഷ്യൽ മീഡിയ, ഒടിടി പ്ലാറ്റ്‌ഫോമുകളിൽ നിയന്ത്രണം വരുത്താൻ കേന്ദ്രത്തോട് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒടിടിയിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്നതിനോ സ്ട്രീം ചെയ്യുന്നതിനോ മേൽനോട്ടം വഹിക്കുന്നതിനും സാക്ഷ്യപ്പെടുത്തുന്നതിനും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ മാതൃകയിൽ വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ മേഖലയിലെ പ്രമുഖ വിദഗ്ധർ ഉൾപ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും ഹർജിയിൽ സുപ്രീം കോടതിയോട് ആവശ്യപ്പെടുന്നു.
ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം സ്ഥിരമായി കാണുന്നവരിൽ ഉണ്ടാക്കുന്ന പ്രതികൂല സ്വാധീനവും സമൂഹത്തിൽ അതിന്റെ അനന്തരഫലങ്ങളും വിലയിരുത്തുന്നതിനായി രാജ്യവ്യാപകമായി ഒരു പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനായി റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച മനഃശാസ്ത്രജ്ഞരുടെയും മറ്റ് വിദഗ്ധരുടെയും ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കാനും ആവശ്യപ്പെടുന്നുണ്ട്.










0 comments