ad
Deshabhimani

ഇന്ത്യ ട്രംപിന് വഴങ്ങുമോ, ഓഹരി വിപണി കുതിക്കുന്നു

nifty
വെബ് ഡെസ്ക്

Published on Oct 23, 2025, 11:04 AM | 2 min read

മുംബൈ: യുഎസ്-ഇന്ത്യ വ്യാപാര കരാറിനെക്കുറിച്ചുള്ള പ്രതീക്ഷകൾക്കിടയിൽ ഇന്ത്യയുടെ ഓഹരി വിപണി കുതിക്കുന്നു. വ്യാഴാഴ്ച ആദ്യ വ്യാപാരത്തിൽ സെൻസെക്സും നിഫ്റ്റിയും ശ്രദ്ധേയമായ കയറ്റം രേഖപ്പെടുത്തി.


30 ഓഹരികളുള്ള ബിഎസ്ഇ സെൻസെക്സ് 734.36 പോയിന്റ് ഉയർന്ന് 85,160.70 ലെത്തി. 50 ഓഹരികളുള്ള എൻഎസ്ഇ നിഫ്റ്റി 198.3 പോയിന്റ് ഉയർന്ന് 26,066.90 ലെത്തി.


പുതിയ വിദേശ ഫണ്ടുകളുടെ വരവ് ഉണർവ്വിന് ഊർജം പകർന്നു.  ഐടി ഓഹരികളിലെ വാങ്ങലുകളും സജീവമായതോടെ പ്രാരംഭ വ്യാപാരത്തിൽ തന്നെ വിപണി കയറി തുടങ്ങി.

സെൻസെക്സ് സ്ഥാപനങ്ങളിൽ, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ നേട്ടമുണ്ടാക്കി. എറ്റേണൽ, ബജാജ് ഫിൻസെർവ് എന്നിവ പിന്നിലായിരുന്നു.


വ്യാപാര കരാറോ കീഴടങ്ങലോ


ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചർച്ച പുരോഗമിക്കയാണ്. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റിന്റെ ഭീഷണിക്ക് പൂർണ്ണമായി വഴങ്ങുക എന്ന തീരുമാനത്തിലേക്ക് പോകുമോ എന്നതാണ് ചർച്ച.


ഇന്ത്യൻ ഇറക്കുമതിയുടെ തീരുവ 15 മുതൽ16 ശതമാനം വരെയായി കുറയ്ക്കാൻ യുഎസ് പദ്ധതിയിടുന്നു എന്നാണ് ഇതിനിടയിൽ ഉയരുന്ന പ്രതീക്ഷ. ഇത് വിപണിയിലെ പ്രതീക്ഷകൾ തന്നെയാണ്. വ്യാപാര മത്സരക്ഷമതയെയും കയറ്റുമതിയെയും ഇത് ഉത്തേജിപ്പിക്കും എന്നതാണ് ഓഹരി വിപണിയിലെ ഉണർവ്വിന് പിന്നിൽ.


ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് പൂർണ്ണമായും നിർത്താൻ സമ്മതിച്ചിട്ടുണ്ട് എന്നാണ് ട്രംപ് പറഞ്ഞത്. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നൽകിയിട്ടുണ്ട് എന്നും പറഞ്ഞു. ഇന്ത്യ ഇത് നിഷേധിച്ചു എങ്കിലും ട്രംപ് വാഗ്ദാനം സംബന്ധിച്ച പ്രസ്താവനയിൽ ഉറച്ചു നിന്നു. നേരത്തെ തന്നെ ഇന്ത്യ ഇതിനുള്ള പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു എന്നും നടപടികൾക്ക് സാവകാശം വേണ്ടി വരുന്നതിനാലുള്ള താമസം മാത്രമാണ് എന്നും വിശദീകരിച്ചു.


ഇത്തരത്തിൽ വ്യാപാര കരാറിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വിപണി വൃത്തങ്ങളിൽ പ്രചരിക്കുന്നുണ്ട്. നിഫ്റ്റിയിലൂടെയുള്ള വിപണി പ്രതികരണം ഈ സാഹചര്യത്തിലാണെന്നാണ് വിലയിരുത്തൽ.


ചൊവ്വാഴ്ച ഒരു മണിക്കൂർ നീണ്ടുനിന്ന പ്രത്യേക മുഹൂർത്ത വ്യാപാര സെഷനിൽ സെൻസെക്സ് 62.97 പോയിന്റ് അഥവാ 0.07 ശതമാനം ഉയർന്ന് 84,426.34 ൽ എത്തി. നിഫ്റ്റി 25.45 പോയിന്റ് അഥവാ 0.10 ശതമാനം ഉയർന്ന് 25,868.60 ൽ എത്തി.


ഏഷ്യൻ വിപണികളിൽ, ദക്ഷിണ കൊറിയയുടെ കോസ്പി ഉയർന്നപ്പോൾ ജപ്പാന്റെ നിക്കി 225 സൂചിക, ഷാങ്ഹായുടെ എസ്‌എസ്‌ഇ കോമ്പോസിറ്റ് സൂചിക, ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് എന്നിവ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തിയത്. യുഎസ് വിപണികൾ ബുധനാഴ്ച നെഗറ്റീവ് ടെറിട്ടറിയിൽ അവസാനിച്ചു.


ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ വില 2.56 ശതമാനം ഉയർന്ന് ബാരലിന് 64.19 ഡോളറിലെത്തി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home