ആർ രാജഗോപാലിന് പാസ്‌പോർട്ട് നിഷേധിക്കൽ; വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി: മുതിർന്ന പത്രപ്രവർത്തകൻ ആർ രാജഗോപാലിന് പാസ്‌പോർട്ട് നിഷേധിച്ചതിനെതിരെ രൂക്ഷമായി പ്രതികരിച്ച് രാജ്യസഭാ എം പി ജോൺ ബ്രിട്ടാസ്. എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ടതിന്റെ പേരിലാണ് രാജഗോപാലിന് പാസ്‌പോർട്ട് പുതുക്കലിന് അനുമതി നിഷേധിച്ചത്. നടപടിയിൽ ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കറുന് ജോൺ ബ്രിട്ടാസ് കത്തയച്ചു.
1967-ലെ പാസ്‌പോർട്ട് നിയമപ്രകാരം വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്നത്, പാസ്‌പോർട്ട് നിരസിക്കുന്നതിനുള്ള അയോഗ്യതയായി പാർലമെന്റ് നിശ്ചയിച്ചിട്ടില്ല. അപ്പോൾ അത് പാസ്‌പോർട്ട് പുതുക്കൽ തടയാനുള്ള കാരണമാകുന്നത് എങ്ങനെയെന്ന് ജോൺ ബ്രിട്ടാസ് ചോദിച്ചു. ആർട്ടിക്കിൾ 21 പ്രകാരം വിദേശയാത്രയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്നും, ഇത് പാസ്‌പോർട്ട് നിയമത്തിന് പുറത്തുള്ള കാരണങ്ങളാൽ തടയാൻ കഴിയില്ലെന്നും സുപ്രീം കോടതി വിധികൾ ഉദ്ധരിച്ചുകൊണ്ട് എംപി ചൂണ്ടിക്കാട്ടി.
2005ൽ പാസ്‌പോർട്ട് നൽകുകയും 2015ൽ പുതുക്കി നൽകുകയും ചെയ്ത ഒരാളുടെ പാസ്‌പോർട്ട് ഇപ്പോൾ നിഷേധിക്കുന്നത്, പഴയ രേഖകളുടെ വിശ്വാസ്യതയെ പരോക്ഷമായി ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്ന് അദ്ദേഹം വാദിക്കുന്നു.ജോൺ ബ്രിട്ടാസ് കത്തിൽ കുറിച്ചു.
ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വോട്ടർ പട്ടികയിലെ മാറ്റങ്ങൾ, പാസ്‌പോർട്ട് നിയമപ്രകാരമുള്ള അതോറിറ്റിയുടെ തീരുമാനങ്ങളെ മാറ്റിമറിക്കാൻ പാടില്ല. 1967ലെ പാസ്‌പോർട്ട് നിയമത്തിന്റെ പരിധിയിൽ നിന്ന് കേസ് പുനഃപരിശോധിക്കണമെന്നും, വോട്ടർ പട്ടികയിലെ നടപടികൾ പാസ്‌പോർട്ട് തടയാനുള്ള നിയമപരമായ അടിസ്ഥാനമല്ലെന്ന് മന്ത്രാലയം വ്യക്തത വരുത്തണമെന്നും ജോൺ ബ്രിട്ടാസ് എംപി കത്തിൽ ആവശ്യപ്പെട്ടു.










0 comments