ad
Deshabhimani

print edition ഗുജാറാത്തി ശതകോടീശ്വരൻ കബളിപ്പിച്ചത് 15.15 ലക്ഷം കോടി

rajesh mehta
വെബ് ഡെസ്ക്

Published on Jun 06, 2026, 12:00 AM | 1 min read

ഗാന്ധിനഗർ: ഗുജറാത്തിലെ ശതകോടീശ്വരനായ വ്യവസായിയും സ്വർണാഭരണ കയറ്റുമതി സ്ഥാപന മേധാവിയുമായ രാജേഷ് മേത്ത 15.15 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് വെളിപ്പെടുത്തൽ. ഇന്ത്യൻ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അക്കൗണ്ടിങ് തട്ടിപ്പുകളിൽ ഒന്നാണ് രാജേഷ് മേത്തയും അദ്ദേഹത്തിന്റെ കമ്പനി ആർഇഎല്ലും (രാജേഷ് എക്‌സ്‌പോർട്‌സ് ലിമിറ്റഡ്‌) നടത്തിയതെന്ന് രാജ്യത്തെ ഓഹരി വിപണിയുടെ പരമോന്നത നിയന്ത്രണ സംവിധാനമായ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) കണ്ടെത്തി.


അഞ്ച് വർഷത്തിനിടെ വരുമാനത്തിൽ 15.15 ലക്ഷം കോടി രൂപയുടെ കൃത്രിമം കാണിച്ചെന്നാണ് സെബി ഇടക്കാല റിപ്പോർട്ടിൽ പറയുന്നത്. ഇതേതുടർന്ന് രാജേഷ് മേത്തയെ ഓഹരി വിപണിയിൽനിന്ന് വിലക്കി. പിന്നാലെ, രാജേഷ് എകസ്‌പോർട്സ് ഓഹരികൾ അഞ്ചുശതമാനം വരെ ഒരു പകൽകൊണ്ട് ഇടിഞ്ഞു. ആയിരക്കണക്കിന് നിക്ഷേപകർക്ക് പണം നഷ്‌ടമായി.


രാജേഷ് എക്‌പോർട്സിന്റെ പ്രധാന വരുമാന സ്രോതസ്സായ സ്വിറ്റ്‌സർലൻഡിലെ വാൽക്കാമ്പി എന്ന ഉപകമ്പനി 2020-മുതൽ -2024വരെ 3,027 കോടി രൂപയുടെ വരുമാനമാണ് രേഖപ്പെടുത്തിയത്. എന്നാൽ, മാതൃകമ്പനി ഇതേ കാലയളവിൽ 15 ലക്ഷം കോടിയിലധികം രൂപയുടെ വരുമാനമാണ് കണക്കിൽ കാണിച്ചത്. വിദേശ കമ്പനിയുമായി ഇല്ലാത്ത ഇടപാട് നടത്തിയെന്നും രാജേഷ് എക്‌സ്‌പോർട്സ് രേഖപ്പെടുത്തിയതായി സെബി കണ്ടെത്തി.


ശതകോടികളുടെ ഉറവിടം മറച്ചുവെക്കുന്നതിനായി കമ്പനിയുടെ ഫണ്ടുകൾ പ്രൊമോട്ടറായ രാജേഷ് മേത്തയുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലൂടെ അനധികൃതമായി വകമാറ്റിയെന്നും കണ്ടെത്തി. ആഫ്രിക്കയിലെ സ്വർണഖനന ആസ്‌തികളിൽ1,035 കോടി രൂപ നിക്ഷേപിച്ചെന്ന് കമ്പനി അവകാശപ്പെട്ടെങ്കിലും, അങ്ങനെയൊരു നിക്ഷേപം നിലവിലുണ്ടെന്ന് തെളിയിക്കുന്ന ഉടമസ്ഥാവകാശ രേഖ ഹാജരാക്കാൻ കമ്പനിക്ക് കഴിഞ്ഞില്ല.​


ഓഡിറ്റർമാരുടെ ഭാഗത്തു വലിയ വീഴ്‌ചയുണ്ടായെന്നും അക്കാര്യം അന്വേഷിക്കാൻ നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ്‌ അതോറിറ്റിക്ക് നിർദേശം നൽകിയെന്നും സെബി അറിയിച്ചു. സെബി നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥർക്കും ഫോറൻസിക് ഓഡിറ്റർമാർക്കും ആവശ്യമായ വിവരങ്ങൾ നൽകാൻ കമ്പനി തയ്യാറായിട്ടില്ല. തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്നാണ് രാജേഷ് മേത്തയുടെ പ്രതികരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home