ad
Deshabhimani

ഉന്നാവോ ബലാത്സംഗ കേസിൽ ബിജെപി നേതാവ് കുൽദീപ്‌ സെംഗാറിന് തിരിച്ചടി; ജീവപര്യന്ത്യം മരവിപ്പിച്ച നടപടിക്ക് സുപ്രീം കോടതിയുടെ സ്റ്റേ

unnao case victim.

സുപ്രീം കോടതിയിൽ നിന്നും പുറത്തേക്ക് വരുന്ന ഉന്നാവ് അതിജീവിത /ഫോട്ടോ പി വി സുജിത്/

വെബ് ഡെസ്ക്

Published on Dec 29, 2025, 12:56 PM | 2 min read

ന്യൂഡൽഹി: രാജ്യം ശ്രദ്ധിച്ച ഉന്നാവോ ബലാത്സംഗ കേസിൽ ഉന്നാവോ പ്രതിയും ബിജെപി നേതാവുമായ കുൽദീപ്‌ സെംഗാറിന് സുപ്രീം കോടതിയിൽ തിരിച്ചടി. ജീവപര്യന്ത്യം മരവിപ്പിച്ച് ജാമ്യം നൽകിയ ഡൽഹി ഹൈക്കോടതി വിധി സുപ്രീംകോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.


ക്രൂരമായ പ്രവർത്തികൾക്കുള്ള മറുപടിയാണ് ശിക്ഷാവിധിയെന്നും സ്റ്റേ ചെയ്തുകൊണ്ട് കൂടുതൽ വാദത്തിലേക്ക് കടക്കാമെന്നും അതിജീവിതയ്ക്ക് നിയമസഹായം ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. പോക്സോ നിയമം വ്യാഖ്യാനം ചെയ്ത ഡൽഹി ഹൈക്കോടതിയുടെ രീതിയിൽ ആശങ്ക രേഖപ്പെടുത്തി സിബിഐയുടെ അപ്പീലിലാണ് സ്റ്റേ. ഇതോടെ പ്രതി ജയിലിൽ തുടരും.


ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്ത്‌ അധ്യക്ഷനായ സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിച്ചത്. കുൽദീപ്‌ സെംഗാറിന്റെ ശിക്ഷ മരവിപ്പിച്ച്‌ ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിൽ വലിയ പ്രതിഷേധം ഉയർന്നതോടെ സിബിഐ അപ്പീൽ ഫയൽ ചെയ്തത്.


അതേസമയം, ബലാത്സംഗക്കേസിലെ കുറ്റവാളിയും ബിജെപി നേതാവുമായ കുൽദീപ്‌ സെംഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി വിധിക്ക്‌ കാരണം സിബിഐയുടെ കുറ്റവാളിക്ക്‌ അനുക‍ൂലമായ നിലപാടാണെന്ന കാര്യം ആവർത്തിച്ച്‌ അതിജീവിത രംഗത്തെത്തിയിരുന്നു. ‘സുപ്രീംകോടതിയിൽ എനിക്ക്‌ വിശ്വാസമുണ്ട്‌. അവിടെ നിന്നും നീതി ലഭിക്കുമെന്ന്‌ ഞാൻ ഉറച്ചുവിശ്വസിക്കുന്നു. സിബിഐ നേരത്തെ കർശനമായ നിലപാട്‌ എടുത്തിരുന്നെങ്കിൽ എനിക്ക്‌ നീതി കിട്ടുമായിരുന്നു. എന്നെ ബലാത്സംഗത്തിന്‌ ഇരയാക്കിയ അയാൾക്ക്‌ ജാമ്യം കിട്ടില്ലായിരുന്നു. എന്റെ പിതാവിനെ കൊന്നു. കുടുംബാംഗങ്ങളെ കൊന്നു. എന്റെ കുടുംബത്തിന്റെയും സാക്ഷികളുടെയും സുരക്ഷ ഒഴിവാക്കി. എന്റെ ഭർത്താവിനെ ജോലിയിൽ നിന്നും പുറത്താക്കി. അയാൾ പുറത്തുള്ളത്‌ എന്റെ മക്കളുടെ ജീവന്‌ പോലും ഭീഷണിയാണ്‌’– നീതി തേടി ഡൽഹി ജന്തർമന്തറിൽ സമരം ചെയ്യുന്ന അതിജീവിത മുൻപ് മാധ്യമങ്ങളോട്‌ പ്രതികരിച്ചു.


അതിജീവിതയുടെ അമ്മയും അവരോടൊപ്പം പ്രതിഷേധിക്കാൻ എത്തിയിരുന്നു. കഴിഞ്ഞദിവസം സിബിഐയുടെ മുതിർന്ന ഉദ്യോഗസ്ഥരുമായി അതിജീവിത കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. അന്വേഷണഉദ്യോഗസ്ഥൻ കുൽദീപ്‌ സെംഗാറിന്‌ വേണ്ട ഒത്താശയെല്ലാം ചെയ്‌തുകൊടുത്തെന്നത്‌ ഉൾപ്പടെ ഗുരുതരആരോപണങ്ങളടങ്ങിയ പരാതിയും അവർ സിബിഐക്ക്‌ കൈമാറിയിരുന്നു. അന്വേഷണഉദ്യോഗസ്ഥനും സഹപ്രവർത്തകരും കുൽദീപ്‌സെംഗാറിന്റെ മകളുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നെന്നും അതിജീവിത പരാതിപ്പെട്ടു. ഉന്നാവോ ബലാത്സംഗക്കേസിൽ കുൽദീപ്‌ സെംഗാറിനെ 2019ൽ ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചിരുന്നു.


2017ൽ ഉത്തർപ്രദേശിലെ ഉന്നാവ എംഎൽഎയുമായിരുന്ന കുൽദീപ് സിങ് സെങ്കാർ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതാണ് കേസ്. പിന്നീട് റായ്ബറേലിയിലുണ്ടായ വാഹനാപകടത്തിൽ പെൺകുട്ടിക്ക് ഗുരുതര പരിക്കേറ്റിരുന്നു. അപകടവുമായി ബന്ധപ്പെട്ട് സെങ്കാറിനും കൂട്ടാളികൾക്കും എതിരെ പൊലീസ് കേസെടുത്തിരുന്നു.


ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവ് 2018 ഏപ്രിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ചു. പെൺകുട്ടിയുടെ പിതാവിൻറെ കൊലപാതക കേസിൽ കുൽദീപ്​ സിങ്​ അടക്കം ഏഴ്​ പ്രതികൾക്കും​ 10 വർഷം തടവ്​ വിധിച്ചിരുന്നു. കുൽദീപ്​ സെങ്കാറിൻറെ സഹോദരൻ അതുൽ സെങ്കാറും കേസിൽ പ്രതിയാണ്​. കുൽദീപ്​ സിങ്​ സെങ്കാറും കൂട്ടാളികളും ചേർന്ന്​ പെൺകുട്ടിയുടെ പിതാവിനെ മർദിക്കുകയും പിന്നീട്​ കേസിൽപ്പെടുത്തി അറസ്​റ്റ്​ ചെയ്യിപ്പിക്കുകയുമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home