തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന സമിതിയിൽ ചീഫ് ജസ്റ്റീസിനെ ഒഴിവാക്കിയ കേസ് സുപ്രീം കോടതി പരിഗണിക്കുന്നു

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന പാനലിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജികൾ നവംബർ 11 ന് സുപ്രീം കോടതി പരിഗണിക്കും.
ചീഫ് ഇലക്ഷൻ കമ്മീഷണറെയും മറ്റ് ഇലക്ഷൻ കമ്മീഷണർമാരെയും ഉൾപ്പെടെ നിയമിക്കുന്ന പാനലിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ 2023 ലെ ചീഫ് ഇലക്ഷൻ കമ്മീഷണർ ആക്ടിനെ ചോദ്യം ചെയ്യുന്ന ഹർജികളാണ് പരിഗണിക്കുന്നത്.
ജസ്റ്റിസ് സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ ഇന്ന് ഈ വിഷയം ലിസ്റ്റ് ചെയ്തിരുന്നതാണ്. സമയക്കുറവ് കാരണം അവർക്ക് പരിഗണിക്കാൻ കഴിഞ്ഞില്ല. ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഇക്കാര്യം പരാമർശിച്ചപ്പോൾ കോടതി നവംബർ 11 ന് കേസ് ലിസ്റ്റ് ചെയ്തു.
2023 ലെ ചീഫ് ഇലക്ഷൻ കമ്മീഷണർ നിയമത്തിന്റെ ഭരണഘടനാ സാധുതയെയാണ് സബ്ജക്റ്റ് ഹരജികൾ ചോദ്യം ചെയ്യുന്നത്.
കേന്ദ്രസർക്കാർ ലക്ഷ്യമാക്കിയ അട്ടിമറി
2023 മാർച്ചിൽ സുപ്രീം കോടതി ഇത് സംബന്ധിച്ച് വിധി പ്രസ്താവിച്ചിരുന്നു. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ഇന്ത്യൻ ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന ഒരു പാനലാണ് ഇസിമാരെ നിയമിക്കേണ്ടതെന്നായിരുന്നു വിധി.
ഇതിനെ ബിജെപി സർക്കാർ നിയമനിർമ്മാണം നടത്തി മറികടന്നു. തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നത് തങ്ങളുടെ നിയന്ത്രണത്തിലേക്കും താത്പര്യത്തിലേക്കും കൊണ്ടു വരിക ലക്ഷ്യം വെച്ചു. സുപ്രീം കോടതി വിധി മറികടന്ന് ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി 2023 ഡിസംബറിൽ പാർലമെന്റിൽ തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന നിയമം പാസാക്കി എടുത്തു. ചീഫ് ജസ്റ്റീസിന് പകരം പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന കാബിനറ്റ് മന്ത്രി എന്നാക്കി.
എക്സിക്യൂട്ടീവിന്റെ സ്വാധീനമില്ലാതെ സ്വതന്ത്രമായ രീതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നതെന്ന് ഉറപ്പാക്കാനാണ് നേരത്തെ കോടതി പാനൽ നിർദ്ദേശം പുറപ്പെടുവിച്ചത്. ഇതിനെ മറികടക്കാനായാണ് കേന്ദ്ര സർക്കാർ നിയമം നിർമ്മിച്ചത്. വോട് ചോരി ആരോപണം ഉൾപ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെയും പ്രതിയാവുകയും പക്ഷഭേദത്തിന്റെ പേരിൽ തുറന്നു കാട്ടപ്പെടുകയും ചെയ്തിരിക്കയാണ്. രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ തന്നെ അട്ടിമറിക്കുന്ന കൃത്രിമത്വം സംബന്ധിച്ച വിവരങ്ങളാണ് പുറത്ത് വന്നത്. ഈ സാഹചര്യത്തിലാണ് കേസ് വീണ്ടും പരിഗണനയിൽ വരുന്നത്.
കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതി പ്രകാരം പ്രധാനമന്ത്രി, പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു കേന്ദ്ര കാബിനറ്റ് മന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവർ ഉൾപ്പെടുന്നതായിരിക്കും സെലക്ഷൻ കമ്മിറ്റി എന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. ഈ നിയമം നടപ്പിലാക്കിയതിനെത്തുടർന്ന് നിരവധി കേസുകൾ ഉയർന്നുവന്നു. കോൺഗ്രസ് നേതാവ് ജയ താക്കൂർ, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്, മറ്റുള്ളവർ എന്നിവർ സുപ്രീം കോടതിയെ സമീപിച്ചു.
പാർലമെന്റ്, സംസ്ഥാന നിയമസഭകൾ, ഇന്ത്യയുടെ രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും ഓഫീസുകൾ എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളുടെ മേൽനോട്ടം, നിർദ്ദേശം, നിയന്ത്രണം എന്നിവ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ (ECI) ചുമതലയാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (CEC), രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ (ECs) എന്നിങ്ങനെ മൂന്ന് അംഗങ്ങൾ ECI-യിൽ ഉൾപ്പെടുന്നു.
കേസിന്റെ പശ്ചാത്തലവും
തെരഞ്ഞെടുപ്പ് അട്ടമറി ആരോപണങ്ങളും
അനൂപ് ബരൻവാൾ vs യൂണിയൻ ഓഫ് ഇന്ത്യ (2023) കേസിൽ, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾക്കുള്ള അവകാശം ലംഘനം ആരോപിക്കപ്പെട്ടു. ECI-യിലേക്ക് അംഗങ്ങളെ നിയമിക്കുന്ന രീതി ഭരണഘടനാ വിരുദ്ധമാണോ എന്നതായിരുന്നു കേസിലെ പ്രധാന വാദം. ഭരണഘടനയുടെ ആർട്ടിക്കിൾ 324 അനുസരിച്ച്, ECI-യിലേക്ക് അംഗങ്ങളെ നിയമിക്കുന്നതിന് പാർലമെന്റ് ഒരു നിയമം തയ്യാറാക്കാൻ ബാധ്യസ്ഥനാണെന്ന് ഹർജിയിൽ അവകാശപ്പെട്ടു.
അതുവരെ, പ്രധാനമന്ത്രിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ പ്രസിഡന്റ് ECI-യിലേക്ക് നിയമനങ്ങൾ നടത്തുകയായിരുന്നു പതിവ്. ഈ സംവിധാനം, ECI-യുടെ സ്വാതന്ത്ര്യത്തെ ലംഘിക്കുകയും നീതിയുക്തമായ തെരഞ്ഞെടുപ്പുകൾക്ക് ഭീഷണിയാകുകയും ചെയ്യുന്നുവെന്ന് ഹർജിക്കാർ അവകാശപ്പെട്ടു.
2023 മാർച്ച് 2 ന്, ജസ്റ്റിസ് കെ.എം. ജോസഫ് നയിച്ച അഞ്ച് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ച് കേസിൽ വിധി പ്രസ്താവിച്ചു. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ഇന്ത്യൻ ചീഫ് ജസ്റ്റിസ് എന്നിവർ ഉൾപ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിക്കാൻ ബെഞ്ച് നിർദ്ദേശിച്ചു.
ഇത് ഇസിഐ നിയമനങ്ങളിൽ പ്രസിഡന്റിനെ ഉപദേശിക്കും. നിയമനങ്ങൾക്കായി പാർലമെന്റ് ഒരു നിയമം കൊണ്ടുവരുന്നതുവരെ ഈ കമ്മിറ്റി നിലനിൽക്കും. എന്നിങ്ങനെയായിരുന്നു വിധി.
ഇതിന് പിന്നാലെ ഇസിഐ നിയമനങ്ങൾക്കായി യൂണിയൻ പുതിയ നിയമനിർമ്മാണം നടത്തി. 2023 ഡിസംബർ 12-ന്, രാജ്യസഭ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരും (നിയമനം, ഓഫീസ് വ്യവസ്ഥകൾ, ഓഫീസ് നിബന്ധനകൾ) ബിൽ- 2023 പാസാക്കി.
ബില്ലിൽ തന്ത്രപൂർവ്വം ചീഫ് ജസ്റ്റീസനെ വെട്ടി. തെരഞ്ഞെടുപ്പ് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്നതിനായി ബിൽ സ്വന്തമായി ഒരു കമ്മിറ്റിയെ നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസിന് പകരം പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്ത കാബിനറ്റ് മന്ത്രി, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, എന്നിങ്ങനെയാണ് അംഗങ്ങളെ നിശ്ചയിച്ചത്.
പുതിയ ബിൽ ഉടനടി വിമർശനത്തിന് വിധേയമായി. സുപ്രീം കോടതിയുടെ വിധിന്യായത്തിന്റെ ആത്മാവിന് വിരുദ്ധമാണെന്ന് പലരും ചൂണ്ടികാട്ടി. കാരണം അത് ചീഫ് ജസ്റ്റീസിനെ മാറ്റി കേന്ദ്ര മന്ത്രിസഭയിലെ ഒരു അംഗത്തെ കൊണ്ടുവന്നു.
പക്ഷെ, 2023 ഡിസംബർ 21-ന് ലോക്സഭയും ബിൽ പാസാക്കി. 2023 ഡിസംബർ 29 ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു.
നിയമത്തെ ചോദ്യം ചെയ്തപ്പോൾ സംഭവിച്ചത്
2024 ജനുവരി 2 ന് മധ്യപ്രദേശ് മഹിളാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഡോ ജയ താക്കൂർ പുതുതായി നടപ്പിലാക്കിയ നിയമം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. തുടർന്ന്, അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷൺ പ്രതിനിധാനം ചെയ്യുന്ന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും പുതിയ നിയമത്തെ ചോദ്യം ചെയ്ത് ഹർജികൾ സമർപ്പിച്ചു. അനൂപ് ബരൻവാളി കേസിലെ (2023) ഭരണഘടനാ ബെഞ്ചിന്റെ വിധിന്യായത്തിന് ഈ നിയമം വിരുദ്ധമാണെന്ന് ഹർജികൾ അവകാശപ്പെട്ടു. രാഷ്ട്രീയ, എക്സിക്യൂട്ടീവ് ഇടപെടലുകളിൽ നിന്ന് സെലക്ഷൻ കമ്മിറ്റിയെ സംരക്ഷിക്കണമെന്ന് അവർ വാദിച്ചു.
2024 ജനുവരി 12 ന്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദിപങ്കർ ദത്തയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി പ്രകാരം നിയമനിർമ്മാണം സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു.
പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം
2024 മാർച്ച് 9 ന്, അപ്രതീക്ഷിതമായും 2024 പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായും തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവച്ചു. മറ്റൊരു ഇസി അംഗമായ സതീഷ് ചന്ദ്ര പാണ്ഡെ 2024 ഫെബ്രുവരിയിൽ വിരമിച്ചിരുന്നു. അതിനാൽ, ഗോയലിന്റെ രാജി ഇസിഐയെ സിഇസി രാജീവ് കുമാർ മാത്രമുള്ള ഒറ്റ അംഗ സമിതിയായി ചുരുക്കി.
ഈ സാഹചര്യം കേന്ദ്ര സർക്കാർ നേരത്തെ നിർണ്ണയിച്ചതോ നിർമ്മിച്ചതോ ആയിരുന്നിരിക്കാം എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവിധ മണ്ഡലങ്ങളിൽ കണ്ടെത്തിയ ക്രിത്രിമത്വങ്ങളുടെ കണക്ക് വ്യക്തമാക്കുന്നത്.
ഇസിഐയിലേക്ക് പുതിയ അംഗങ്ങളെ നിയമിക്കുന്നതിന് കേന്ദ്ര സർക്കാർ സാഹചര്യം മുതലെടുക്കുമെന്ന് വ്യക്തമായിരുന്നു. ഈ സാഹചര്യത്തിൽ ജയ താക്കൂർ 2024 മാർച്ച് 11 ന് നിയമത്തിനെതിരെ സ്റ്റേ അപേക്ഷ സമർപ്പിച്ചു, 2024 മാർച്ച് 13 ന്, ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് 2024 മാർച്ച് 15 ന് ഈ വിഷയത്തിൽ അടിയന്തര വാദം കേൾക്കാൻ സമ്മതിച്ചു.
വാദം കേൾക്കും മുൻപേ നിയമനം
വാദം കേൾക്കാനുള്ള തീയതി പുറത്ത് വന്ന ദിവസം തന്നെ മുൻ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറിനെയും സുഖ്ബീർ സിംഗ് സന്ധുവിനെയും ഇസിഐയിൽ അംഗങ്ങളാക്കി കേന്ദ്ര സർക്കാർ കരുനീക്കി. കേസ് പരിഗണിക്കുന്നതിന് മുൻപ് തന്നെ ഇവരെ നിയമിച്ചുകൊണ്ട് പ്രസിഡന്റ് വിജ്ഞാപനം പുറത്തു വന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയാണ് അവരെ നാമനിർദ്ദേശം ചെയ്തത്. എന്നിരുന്നാലും, ഷോർട്ട്‌ലിസ്റ്റ് ചെയ്ത പേരുകൾ യോഗത്തിന് പത്ത് മിനിറ്റ് മുമ്പ് മാത്രമാണ് താനുമായി പങ്കിട്ടതെന്ന് പ്രതിപക്ഷത്തു നിന്നുള്ള ഏക പ്രതിനിധി ചൗധരി വിയോജനക്കുറിപ്പ് സമർപ്പിച്ചു.
2024 മാർച്ച് 15-ന്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത, എ.ജി. മാസിഹ് എന്നിവരടങ്ങുന്ന കോടതിയുടെ ഡിവിഷൻ ബെഞ്ച് കേസ് 2024 മാർച്ച് 21-ന് വീണ്ടും പരിഗണിക്കാൻ തീരുമാനിച്ചു.
2024 ഡിസംബർ 3-ന്, ചീഫ് ജസ്റ്റിസ് ഖന്ന, ജസ്റ്റിസ് പി.വി. സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ കേസ് ലിസ്റ്റ് ചെയ്തു. പക്ഷെ ഹർജികൾ കേൾക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസ് ഖന്ന പിന്മാറി.
ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള പുതിയ ബെഞ്ച് ഇനി ഹർജികൾ പരിഗണിക്കും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ജസ്റ്റിസ് സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ ഇന്ന് ഈ വിഷയം ലിസ്റ്റ് ചെയ്തിരുന്നതാണ്. പക്ഷെ, സമയക്കുറവ് എന്ന കാരണത്താൽ അവർക്ക് കേസ് പരിഗണിക്കാൻ കഴിഞ്ഞില്ല. ഇരുവരുടെയും ബെഞ്ചിലേക്ക് തന്നെയാണ് കേസ് ഇപ്പോൾ പരിഗണനയ്ക്കായി എത്തിയിരിക്കുന്നത്.










0 comments