ad
Deshabhimani

എല്ലാ പൊലീസ് സ്റ്റേഷനുകളിലും ശക്തമായ സിസിടിവി സംവിധാനം: കേരളത്തെ പ്രശംസിച്ച് സുപ്രീംകോടതി

vallikunnam police station

വള്ളികുന്നം പൊലീസ് സ്റ്റേഷൻ (PHOTO CREDIT: Vallikunnam Police Station's FACEBOOK PAGE)

വെബ് ഡെസ്ക്

Published on Apr 06, 2026, 02:54 PM | 2 min read

ന്യൂഡൽഹി: പൊലീസ് സ്റ്റേഷനുകളിൽ ശക്തമായ സിസിടിവി സംവിധാനങ്ങൾ നടപ്പിലാക്കിയതിൽ കേരളത്തെ പ്രശംസിച്ച് സുപ്രീംകോടതി. കേരള മോഡൽ രാജ്യത്ത് ഉടനീളം നടപ്പാക്കാനും സുപ്രീംകോടതി നിർദേശിച്ചു. കേരളത്തിൽ ഉന്നത ഉദ്യോഗസ്ഥർക്ക് മൊബൈൽ ആപ്പ് വഴി പൊലീസ് സ്റ്റേഷനുകളിലെ ദൃശ്യങ്ങൾ തത്സമയം നിരീക്ഷിക്കാൻ സാധിക്കുന്നുണ്ടെന്ന് അമിക്കസ് ക്യൂറി സിദ്ധാർഥ് ഡേവ് ചൂണ്ടിക്കാട്ടി. ഈ മാതൃക മറ്റ് സംസ്ഥാനങ്ങളും പിന്തുടരണമെന്നാണ് കോടതിയുടെ നിർദ്ദേശം. കേരളത്തിനൊപ്പം മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളെയും കോടതി പ്രശംസിച്ചു.


പൊലീസ് സ്റ്റേഷനുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. ജാർഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളിൽ സിസിടിവി സ്ഥാപിക്കുന്നതിൽ പുരോഗതിയില്ല. ഡൽഹിയിലും ചില കേന്ദ്ര ഏജൻസികളിലും പോരായ്മകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തെ പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിലെ മെല്ലെപ്പോക്കിൽ കേന്ദ്ര സർക്കാരിനെയും സംസ്ഥാനങ്ങളെയും സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. ഈ പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു.


"കേരളത്തിന് ഇത്രയും മികച്ച സംവിധാനം ഒരുക്കാമെങ്കിൽ മറ്റ് സംസ്ഥാനങ്ങൾക്ക് എന്തുകൊണ്ട് അത് പിന്തുടരാൻ കഴിയുന്നില്ല?" എന്ന് കോടതി ചോദിച്ചു. 2025ൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 11 കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് സുപ്രീം കോടതി സ്വമേധയാ (Suo Motu) എടുത്ത കേസിലാണ് ഈ പരാമർശങ്ങൾ. പ്രത്യേകിച്ച് രാജസ്ഥാനിലെ ഉദയ്പൂർ ഡിവിഷനിൽ മാത്രം 7 മരണങ്ങൾ നടന്നത് കോടതി ഗൗരവമായി എടുത്തു. ചോദ്യം ചെയ്യൽ മുറികളിൽ (Interrogation Rooms) ക്യാമറകൾ ഇല്ലാത്തത് മനുഷ്യാവകാശ ലംഘനങ്ങൾക്ക് കാരണമാകുന്നുവെന്നും സുതാര്യത ഉറപ്പാക്കാൻ ഇവിടെ സിസിടിവി അനിവാര്യമാണെന്നും കോടതി ഓർമ്മിപ്പിച്ചു.


നിലവിൽ 11 സംസ്ഥാനങ്ങൾ മാത്രമാണ് പദ്ധതിയുമായി ബന്ധപ്പെട്ട അനുസരണ സത്യവാങ്മൂലം സമർപ്പിച്ചിട്ടുള്ളത്. റിപ്പോർട്ട് നൽകാത്ത സംസ്ഥാനങ്ങൾക്ക് കോടതി മൂന്നാഴ്ചത്തെ സമയം കൂടി അനുവദിച്ചു. ഡിസംബർ 16ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ റിപ്പോർട്ട് സമർപ്പിക്കാത്ത പക്ഷം ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാർ നേരിട്ട് ഹാജരായി വിശദീകരണം നൽകേണ്ടി വരുമെന്നും കോടതി കർശന താക്കീത് നൽകി. പദ്ധതിയുടെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനങ്ങളുമാണ് വഹിക്കുന്നത്. ഏകോപനമില്ലായ്മ പദ്ധതിക്ക് തടസ്സമാകരുതെന്നും പൊലീസ് സംവിധാനത്തിൽ ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പാക്കാൻ സിസിടിവികൾ അടിയന്തിരമായി പ്രവർത്തനക്ഷമമാക്കണമെന്നും കോടതി നിർദ്ദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home