എന്ത് നടപടികളാണ് സ്വീകരിച്ചത്? ഐഐടിയിലെ വിദ്യാർഥി ആത്മഹത്യയിൽ ചോദ്യങ്ങളുയർത്തി സുപ്രീംകോടതി

ന്യൂഡൽഹി : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തുടർച്ചയായ വിദ്യാർഥി ആത്മഹത്യകളിൽ ചോദ്യങ്ങളുയർത്തി സുപ്രീംകോടതി. ഖരഗ്പൂർ ഐഐടിയിലെയും ഗ്രേറ്റർ നോയ്ഡയിലെ ശാരദ യൂണിവേഴ്സിറ്റിയിലെയും വിദ്യാർഥി ആത്മഹത്യകളിൽ ആശങ്കയറിയിച്ച കോടതി കേസുകളിൽ അന്വേഷണം വേഗത്തിൽ നടത്തണമെന്നും നിർദേശിച്ചു. ഐഐടി ഖരഗ്പൂരിലെയും ശാരദ സർവകലാശാലയിലെയും വിദ്യാർഥി ആത്മഹത്യകളുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ എടുത്ത കേസിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതി ചോദ്യമുന്നയിച്ചത്. ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബഞ്ചാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആത്മഹത്യകളെക്കുറിച്ചുള്ള കേസ് പരിഗണിച്ചത്.
നാലാം വർഷ മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഖരഗ്പൂർ ഐഐടിയോട് കോടതി ചോദ്യങ്ങളുന്നയിച്ചത്. "ഐഐടി ഖരഗ്പൂരിൽ എന്താണ് കുഴപ്പം? എന്തുകൊണ്ടാണ് വിദ്യാർഥികൾ ആത്മഹത്യ ചെയ്യുന്നത്? ഈ പ്രശ്നത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? നിങ്ങൾ എന്ത് നടപടികളാണ് സ്വീകരിച്ചത്?"- കോടതി ഐഐടി അഭിഭാഷകനോട് ചോദിച്ചു.
വിദ്യാർഥികളുടെ മാനസികാരോഗ്യ ആശങ്കകൾ പരിഹരിക്കുന്നതിനായി 10 അംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ഐഐടി ഖരഗ്പൂരിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികളെ തിരിച്ചറിയുന്നതിനും പിന്തുണയ്ക്കുന്നതിനുമായി ഒരു കൗൺസിലിംഗ് സെന്റർ പ്രവർത്തനക്ഷമമാണെന്നും ഹെൽപ്പ്‌ലൈൻ പോലുള്ള മുൻകരുതൽ നടപടികൾ നിലവിലുണ്ടെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ അതൃപ്തി പ്രകടിപ്പിച്ച കോടതി ദുരന്തങ്ങൾ തടയുന്നതിന് ഫലപ്രദമായ സംവിധാനങ്ങളുടെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.
സമാനമായി ശാരദ സർവകലാശാലയിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവവും പരാമർശിച്ച ശേഷം രണ്ട് സംഭവങ്ങളിലെയും അന്വേഷണം നിയമാനുസൃതമായും ശരിയായ ദിശയിലും കൂടുതൽ വേഗത്തിൽ മുന്നോട്ട് പോകണമെന്ന് ബെഞ്ച് ഉത്തരവിട്ടു. അമിക്കസ് ക്യൂറിയായ മുതിർന്ന അഭിഭാഷക അപർണ ഭട്ട് രണ്ട് കേസുകളിലെയും അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി ബെഞ്ചിനെ അറിയിച്ചു. ശാരദ യൂണിവേഴ്സിറ്റി കേസിനെക്കുറിച്ചുള്ള 30 പേജുള്ള സ്റ്റാറ്റസ് റിപ്പോർട്ടിനെപ്പറ്റി പറഞ്ഞ അഭിഭാഷക അറസ്റ്റിലായ രണ്ട് പേരുടെ പേരുകൾ അടങ്ങിയ ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായും പറഞ്ഞു.
ഐഐടി ഖരഗ്പൂരിലെ ആത്മഹത്യയിൽ പരാതി നൽകിയത് സ്ഥാപനമാണെന്നും ശാരദ യൂണിവേഴ്സിറ്റി കേസിൽ പരാതി രജിസ്റ്റർ ചെയ്തത് വിദ്യാർഥിനിയുടെ പിതാവാണെന്നും അഭിഭാഷകർ പറഞ്ഞു. സംഭവം നടന്ന് ഉടൻ തന്നെ പൊലീസിനെയും മാതാപിതാക്കളെയും അറിയിക്കുകയും പരാതി നൽകുകയും ചെയ്യേണ്ടത് സ്ഥാപനത്തിന്റെ കടമയല്ലേയെന്ന് ശാരദ സർവകലാശാല അഭിഭാഷകനോട് ബെഞ്ച് ചോദിച്ചു. രണ്ട് അന്വേഷണങ്ങളും ശരിയായ ദിശയിൽ തുടരണമെന്ന് കോടതി നിർദ്ദേശിച്ചു. ജൂൺ 4 ന് ഡൽഹി ഐഐടിയിൽ നടന്ന ആത്മഹത്യാ സംഭവവും ബെഞ്ച് പരാമർശിച്ചു. സംഭവത്തിൽ ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി കേസ് അമിക്കസ് ക്യൂറിയുടെ പരിഗണനയ്ക്ക് വിടാൻ നിർദ്ദേശിച്ചു.
ജൂലൈ 21 നാണ് രണ്ട് സ്ഥാപനങ്ങളിലെയും വിദ്യാർഥികളുടെ മരണത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ മാനസികാരോഗ്യ ആശങ്കകൾ പരിഹരിക്കുന്നതിനും അത്തരം സംഭവങ്ങൾ തടയുന്നതിനുമായി മാർച്ചിൽ ഒരു ദേശീയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരുന്നു. കേസിൽ നാല് ആഴ്ചകൾക്ക് ശേഷം കൂടുതൽ വാദം കേൾക്കും.










0 comments