NCERTപാഠപുസ്തകത്തിന് സുപ്രീം കോടതിയുടെ സമ്പൂർണ്ണ നിരോധനം ‘നീതിന്യായ വ്യവസ്ഥയിലെ അഴിമതി’ പരാമർശത്തിൽ രൂക്ഷവിമർശനം

ന്യൂഡൽഹി:നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗങ്ങൾ ഉൾപ്പെടുത്തിയ എട്ടാം ക്ലാസ്സിലെ NCERTപാഠപുസ്തകത്തിന് സുപ്രീം കോടതി സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി. പുസ്തകത്തിന്റെ എല്ലാ ഭൗതിക പകർപ്പുകളും കണ്ടുകെട്ടാനും ഡിജിറ്റൽ പതിപ്പുകൾ ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ നിർദ്ദേശങ്ങൾ ഉടനടി നടപ്പിലാക്കണമെന്നും വീഴ്ച വരുത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.വിഷയത്തിൽ ഇന്നലെ സ്വമേധയാ കേസെടുത്ത കോടതി,ഇത്തരം പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയത് നീതിന്യായ വ്യവസ്ഥയുടെ അന്തസ്സിനെ തകർക്കാനും സ്ഥാപനത്തെ അപകീർത്തിപ്പെടുത്താനുമുള്ള ആസൂത്രിതമായ നീക്കമാണെന്ന് നിരീക്ഷിച്ചിരുന്നു.
നീതിന്യായ വ്യവസ്ഥയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഇത്തരം നടപടികൾ ക്രിമിനൽ കോടതിയലക്ഷ്യത്തിന്റെ പരിധിയിൽ വരുമെന്ന് കോടതി വ്യക്തമാക്കി.കോടതിയെ അപകീർത്തിപ്പെടുത്താൻ ആഴത്തിലുള്ളതും ആസൂത്രിതവുമായ ഗൂഢാലോചന നടന്നതായി സംശയിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇതിനു പിന്നിൽ പ്രവർത്തിച്ചവർ ആരായാലും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "സ്ഥാപനത്തിന്റെ തലവൻ എന്ന നിലയിൽ ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തുക എന്നത് എന്റെ കടമയാണ് എന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കർശന ഭാഷയിൽ പ്രതികരിച്ചു.
Related News
ഷോക്കോസ് നോട്ടീസ് അയച്ചു
NCERTഡയറക്ടർക്കും സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറിക്കും കോടതി കാരണം കാണിക്കൽ നോട്ടീസ് (Show cause notice)അയച്ചു. ഉത്തരവാദികളായവർക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കരുത് എന്ന് വിശദീകരിക്കാൻ കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം NCERTനൽകിയ വിശദീകരണത്തിൽ ഒരിടത്തുപോലും ഖേദപ്രകടനമില്ലെന്നും പകരം പാഠഭാഗത്തെ ന്യായീകരിക്കാനാണ് ശ്രമിച്ചതെന്നും കോടതി കുറ്റപ്പെടുത്തി.

കേന്ദ്ര സർക്കാരിന്റെ മാപ്പ് തള്ളി
വാദത്തിനിടെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് വേണ്ടി നിരുപാധികമായ മാപ്പ് അപേക്ഷിച്ചു. എന്നാൽ വിഷയത്തിൽ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി.കേസ് അടുത്ത വാദം കേൾക്കുന്നതിനായി മാർച്ച് 11 ലേക്ക് മാറ്റി.
നേരത്തെ ഇക്കാര്യത്തിൽ കേന്ദ്ര സര്‍ക്കാര്‍ ന്യായീകരണ സ്വഭാവത്തോടെ പ്രതികരിച്ചിരുന്നു. വെറും 32 കോപ്പികൾ മാത്രമാണ് മാര്‍ക്കറ്റിൽ എത്തിയത്. എന്നായിരുന്നു വിശദീകരണം.
ഈ കുറഞ്ഞ എണ്ണം പുസ്തകങ്ങൾ പോലും വിപണിയിൽ എത്തിയത് ഗൗരവകരമാണെന്നും, അവ ഉടനടി പിടിച്ചെടുക്കണമെന്നും കോടതി കർശന നിർദ്ദേശം നൽകി. കേവലം 32 കോപ്പികൾ മാത്രം പുറത്തിറങ്ങിയ സാഹചര്യത്തിൽ, ഇതിന് പിന്നിൽ കൃത്യമായ അജണ്ടയുണ്ടോ എന്ന് കണ്ടെത്താൻ "ആഴത്തിലുള്ള അന്വേഷണം" (Deeper probe) ആവശ്യമാണെന്ന നിലപാടിൽ കോടതി ഉറച്ചുനിന്നു.
രാഷ്ട്രീയം കളിച്ചു, അവസാനം നീതിപീഠത്തോടും
ചരിത്രത്തിലും സാമൂഹിക പാഠത്തിലും ശാസ്ത്ര വിഷയങ്ങളിൽ പോലും ഇരുണ്ട കാലഘട്ടത്തെ തിരികെ കൊണ്ടു വരാനുള്ള തിടുക്കത്തിലായിരുന്നു എൻസിഇആര്‍ടി. സംഘപരിവാറിന്റെയും ആര്‍ എസ് എസിന്റെയും ചരിത്ര വിരുദ്ധവും വസ്തുതാ വിരുദ്ധവുമായ, ആധുനിക വിജ്ഞാനത്തെ നിരാകരിക്കുന്ന നിലപാടുകളും തത്വങ്ങളും പാഠപുസ്തങ്ങളിൽ യഥേഷ്ടം തിരുകി കയറ്റി.
വിമര്‍ശനങ്ങൾ ഉയര്‍ന്നപ്പോൾ എല്ലാം അന്ധമായ നിലപാടുകളെ സംഘ രാഷ്ട്രീത്തിൽ എന്ന പോലെ കണ്ണടച്ച് ന്യായീകരിച്ചു. മുഗൾ ഭരണ കാലഘട്ടത്തെ ആര്‍ എസ് എസ് കണ്ണിലൂടെ മാറ്റി മറിച്ചും പാഠപുസ്തകങ്ങളിൽ വിലക്കിയും മുന്നേറി. ബ്രട്ടീഷ് അധിനിവേശ ചരിത്രത്തെയും ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തെ തന്നെയും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ താത്പര്യങ്ങളുടെ അകത്താക്കി. ചരിത്ര വിരുദ്ധത കുത്തി നിറച്ചു.
ആര്‍ എസ് എസ്, ബിജെപി വീക്ഷണങ്ങളെ പുതിയ തലമുറയുടെ തലയിൽ കയറ്റി വെച്ച് ഇരുണ്ട കാലത്തെ രാജ്യത്ത് തിരികെ കൊണ്ടുവരാൻ ധൃതി കൂട്ടുന്ന സംഘപരിവാര്‍ ഭരണകൂടത്തിന് ഒപ്പം നിന്നു. ഗാന്ധിജിയെയും ജവഹര്‍ ലാൽ നെഹ്റുവിനെയും പാഠങ്ങളിൽ നിന്നും പുറത്താക്കി. പകരം ഗാന്ധി വധത്തിൽ പങ്കാളികളായ ക്രിമിനൽ സംഘങ്ങളെ തിരുകി കയറ്റി.
ചോദ്യം ചെയ്യാൻ ആരുമില്ലെന്ന ഊറ്റത്തോടെ അവസാനം ജുഡീഷ്യറിയെ തന്നെ കരിവാരി തേക്കുന്ന നിലയിലേക്ക് വളര്‍ന്നു. അടുത്ത കാലത്ത് കേസുകളിൽ ഒന്നിലും പ്രകടിപ്പിക്കാത്ത രോഷമാണ് സുപ്രീം കോടതി എൻസിഇആര്‍ടിയുടെ കാര്യത്തിൽ പുറത്തെടുത്തത്. ജനാധിപത്യത്തിന് പുറത്താണ് തങ്ങളെന്നും മോദി നയിക്കുന്ന ബിജെപി സര്‍ക്കാരും അതിന്റെ ഇരുണ്ട നയങ്ങളും സമീപനങ്ങളും പ്രചരിപ്പിക്കയാണ് ലക്ഷ്യമെന്നുമുള്ള അഹന്തയ്ക്കാണ് പരമോന്നത നീതിപീഠത്തിൽ നിന്നു തന്നെ തിരിച്ചടി ലഭിച്ചത്.










0 comments