വായു മലിനീകരണം തടയാൻ എന്തു ചെയ്തു, ഡൽഹി ഭരണകൂടത്തോട് സുപ്രീം കോടതി

ന്യൂഡൽഹി: അപകടകരമായി തുടരുന്ന വായുമലിനീകരണം നേരിടുന്നതിന് ഇതുവരെ എന്ത് ചെയ്തെന്ന് ഡൽഹി ഭരണകൂടത്തോട് സൂപ്രീം കോടതി. ദേശീയ തലസ്ഥാന നഗരിയിൽ മലിനീകരണം എന്നത്തേക്കാൾ വഷളായ സാഹചര്യത്തിൽ നിയന്ത്രണത്തിനായി സ്വീകരിച്ച നടപടികൾ വിശദീകരിക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷനോട് (സിഎക്യുഎം) ആവശ്യപ്പെട്ടു.
കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് അധികാരികൾ മുൻകൈയെടുത്ത് പ്രവർത്തിക്കണമെന്നും മലിനീകരണ തോത് ഇനിയും ഗുരുതരമായ ഘട്ടത്തിലെത്തുന്നത് വരെ കാത്തിരിക്കരുതെന്നും ഓർമ്മപ്പെടുത്തി.
നിരീക്ഷണ കേന്ദ്രങ്ങൾ പ്രവർത്തന രഹിതം
ഡൽഹിയിലെ നിരവധി വായു ഗുണനിലവാര നിരീക്ഷണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന് സൂചിപ്പിക്കുന്ന മാധ്യമ റിപ്പോർട്ടുകൾ അമിക്കസ് ക്യൂറിയായി ബെഞ്ചിനെ സഹായിക്കുന്ന അഭിഭാഷക അപരാജിത സിംഗ് ചൂണ്ടിക്കാട്ടി.
മോണിറ്ററിംഗ് സ്റ്റേഷനുകൾ പോലും പ്രവർത്തിക്കുന്നില്ലെങ്കിൽ, ഗ്രാപ്പ് (ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ) എപ്പോൾ നടപ്പിലാക്കണമെന്ന് അറിയില്ല. 37 മോണിറ്ററിംഗ് സ്റ്റേഷനിൽ ഒമ്പതെണ്ണം മാത്രമാണ് ദീപാവലി ദിവസം തുടർച്ചയായി പ്രവർത്തിച്ചിരുന്നത്," അവർ പറഞ്ഞു.
സിഎക്യുഎം വ്യക്തമായ ഡാറ്റയും ഒരു ആക്ഷൻ പ്ലാനും സമർപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അമിക്കസ് ബെഞ്ചിനോട് ആവശ്യപ്പെട്ടു.
ഡാറ്റ നിരീക്ഷിക്കേണ്ടത് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവാദിത്തമാണെന്ന് സിഎക്യുഎമ്മിന്റെ അഭിഭാഷകൻ ഉത്തരവാദിത്തം ഒഴിഞ്ഞു. എന്നാൽ ബന്ധപ്പെട്ട ഏജൻസികൾ ആവശ്യമായ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടി ബെഞ്ചിന് ഉറപ്പ് നൽകി.
ദീപാവലിയിലും ഒരു ദിവസം മുമ്പും പ്രത്യേക സമയങ്ങളിൽ മാത്രമേ പച്ച പടക്കങ്ങൾ ഉപയോഗിക്കാൻ പാടുള്ളൂ എന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഒക്ടോബർ 18 മുതൽ 20 വരെ പച്ച പടക്കങ്ങൾ അനുവദിച്ചിരുന്നു. ഇളവ് "ടെസ്റ്റ് കേസ് അടിസ്ഥാനത്തിൽ" മാത്രമാണെന്നും അത് നിർദ്ദിഷ്ട കാലയളവിലേക്ക് മാത്രമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഈ കാലയളവിലെ വിശദാമയ റിപ്പോർടും ആവശ്യപ്പെട്ടിരുന്നു.
വായു മലനീകരണം നിയന്ത്രണം വിട്ടതോടെ പരിഹാര നടപടികൾ ഇല്ലാത്ത സാഹചര്യമായിരുന്നു. വിമർശനങ്ങൾ ശക്തമായതോടെ ക്രിത്രിമ മഴ പെയ്യിക്കുന്നതായി പറഞ്ഞ് കോലാഹലം ഒതുക്കി. ഇതിനായി 3.21 കോടി രൂപയുടെ പദ്ധതിയിട്ടു. ക്ലൌഡ് സീഡിങ് നടത്തി എങ്കിലും മഴ പെയ്തില്ല. വായു നിലവാരം പലയിടത്തും വളരെ മോശം എന്ന നിലയിൽ തുടരുകയാണ്.










0 comments