നിസ്‍കരിച്ച വിദ്യാര്‍ഥികളെക്കൊണ്ട് മാപ്പുപറയിപ്പിച്ചു
print edition ഉത്തര്‍പ്രദേശിൽ ഡ്രൈവറെക്കൊണ്ട് ‘ജയ് ശ്രീറാം’ വിളിപ്പിച്ച് സംഘപരിവാറുകാർ

ആഗ്ര
ഉത്തർപ്രദേശിലെ ആഗ്രയിൽ ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹലിന്റെ സമീപം വയോധികനായ മുസ്ലിം ടാക്‌സി ഡ്രൈവറെ കൈയേറ്റം ചെയ്‌തും ഭീഷണിപ്പെടുത്തിയും ‘ജയ് ശ്രീറാം’ ഏറ്റുവിളിപ്പിച്ച് സംഘപരിവാർ അക്രമികൾ. തിങ്കളാഴ്‌ചയാണ് വയോധികനെ പാർക്കിങ് ഏരിയയിൽ തടഞ്ഞുവെച്ചത്. വീണ്ടും ‘ജയ് ശ്രീറാം’ പറയണമെന്ന ആവശ്യം വയോധികൻ നിരസിച്ചതോടെ ഇവർ ഭീഷണിപ്പെടുത്തി.
ഠാക്കൂർ രോഹിത് ധർമേന്ദ്രപ്രതാപ് സിങ് എന്നയാളും കൂട്ടാളികളുമാണ് ആക്രമണം നടത്തിയത്. അതിക്രമത്തിന്റെ ദൃശ്യങ്ങളും പ്രചരിപ്പിച്ചു. സൈബർ സെല്ലിനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും താജ്‌ഗഞ്ച് എസ്‌എച്ച്‌ഒ പറഞ്ഞു.
നിസ്‍കരിച്ച വിദ്യാര്‍ഥികളെക്കൊണ്ട് മാപ്പുപറയിപ്പിച്ചു
മഹാരാഷ്‌ട്ര കല്യാണിലെ കോളേജില്‍ ഒഴിഞ്ഞ ക്ലാസ് മുറിയിൽ നിസ്‍കാരം നടത്തിയ മുസ്ലിം വിദ്യാര്‍ഥികളെ തീവ്ര ഹിന്ദുത്വവാദികള്‍ മാപ്പുപറയിച്ചു. ഇതിനെതിരെ പ്രതിഷേധം ശക്തമായി. അഭിഭാഷകരും പൗരപ്രമുഖരും രാഷ്‌ട്രീയപ്രവര്‍ത്തകരും പ്രിന്‍സിപ്പലിന് വക്കീൽ നോട്ടീസയച്ചു. വിഎച്ച്പി, ബജ്‍രംഗദള്‍ പ്രവര്‍ത്തകര്‍ നിയമവിരുദ്ധമായി ക്യാമ്പസിൽ പ്രവേശിച്ചതിലടക്കം വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. നവംബര്‍ 21ന് ഐഡിയല്‍ കോളേജ് ഓഫ് ആര്‍ട്സ്, സയന്‍സ് ആൻഡ് കൊമേഴ്സിലാണ് സംഭവം.
ഫാര്‍മസി ഡിപ്പാര്‍ട്ട്മെന്റിലെ വിദ്യാര്‍ഥികള്‍ ഒഴിഞ്ഞ ക്ലാസ്‍മുറിയിൽ നിസ്‍കരിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചിരുന്നു. പിന്നാലെയാണ് നിയമവിരുദ്ധമായി ക്യാമ്പസിലെത്തി തീവ്രഹിന്ദുത്വവാദികള്‍ വിദ്യാര്‍ഥികളെക്കൊണ്ട് ശിവജിയുടെ പ്രതിമയുടെ കാൽതൊട്ട് മാപ്പുപറയിച്ചു. സിറ്റ് അപ്പും ചെയ്യിപ്പിച്ചു.










0 comments