ad
Deshabhimani

print edition ഇവര്‍ ചെയ്യുന്നതെന്തെന്ന് 
ഇവരറിയുന്നുണ്ട് ; ക്രൈസ്‌തവ വേട്ട തുടർന്ന്‌ സംഘപരിവാറുകാർ

Christmas Celebrations
വെബ് ഡെസ്ക്

Published on Dec 25, 2025, 02:17 AM | 2 min read


ന്യൂഡൽഹി ​

ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രിസ്‌മസ്‌ ആഘോഷിക്കാൻ അനുവദിക്കാത്ത സംഘപരിവാർ സംഘടനകളുടെ അതിക്രമങ്ങൾക്ക്‌ ഒത്താശയുമായി പൊലീസും അധികൃതരും. മധ്യപ്രദേശിലെ ജബൽപുരിൽ പള്ളിയിൽ കയറി കാഴ്‌ച പരിമിതി നേരിടുന്ന യുവതിയെ കൈയേറ്റം ചെയ്‌ത ബിജെപി ജില്ലാ വൈസ്‌പ്രസിഡന്റ്‌ അഞ്‌ജു ഭാർഗവ ഉൾപ്പടെയുള്ളവർക്കെതിരെ ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ല. ക്രിസ്‌മസ്‌കാലത്തെ തീവ്രഹിന്ദുത്വവാദികളുടെ തേർവാഴ്‌ചയിൽ രാജ്യത്തെ ക്രൈസ്‌തവസമൂഹം ആശങ്കയിലും അമർഷത്തിലുമാണ്‌.


​സാന്റാക്ലോസ്‌ വേഷം വേണ്ട

രാജസ്ഥാനിൽ സ്വകാര്യസ്‌കൂളുകളിൽ വിദ്യാർഥികളെ സാന്റാക്ലോസ്‌ വേഷം കെട്ടിക്കുന്നതിന്‌ എതിരെ വിദ്യാഭ്യാസ വകുപ്പ്‌ ഉത്തരവിറക്കി. എന്തെങ്കിലും പരാതിയുണ്ടായാൽ സ്‌കൂൾ അധികൃതർക്ക്‌ എതിരെ കർശനനടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസവകുപ്പ്‌ മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌. ഉത്തർപ്രദേശിൽ ആദിത്യനാഥ്‌ സർക്കാർ ക്രിസ്‌മസ്‌ അവധി റദ്ദാക്കുകയും അന്നേദിവസം മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്‌പേയിയുടെ ജന്മദിനം ആചരിക്കാനും നിർദേശം നൽകിയിട്ടുണ്ട്‌. ഉത്തരാഖണ്ഡിൽ ഹരിദ്വാറിൽ ക്രിസ്‌മസ്‌ പരിപാടികൾ തീവ്രഹിന്ദുത്വസംഘടനകളുടെ കടുത്ത എതിർപ്പിനെ തുടർന്ന്‌ ഉപേക്ഷിച്ചു. ഗംഗാതീരത്തുള്ള ഹോട്ടലിൽ സ്വകാര്യ ക്രിസ്‌മസ്‌പരിപാടികളും സാംസ്‌കാരിക സമ്മേളനവും നടത്താൻ തീരുമാനിച്ചിരുന്നു.


എന്നാൽ, ‘പവിത്രഗംഗ’യുടെ തീരത്ത്‌ ക്രിസ്‌മസ്‌ പരിപാടികൾ നടത്താൻ അനുവദിക്കില്ലെന്ന ഭീഷണിയുമായി തീവ്രഹിന്ദുത്വവാദികൾ രംഗത്തെത്തി. ഇതേതുടർന്ന്‌, ഹോട്ടൽ അധികൃതർ പരിപാടി ഉപേക്ഷിച്ചു. ഡൽഹിക്ക്‌ അടുത്ത്‌ ഗാസിയാബാദിൽ പാസ്‌റ്റർ രാജുസദാശിവത്തെയും ഭാര്യയെയും ശ്രീ സത്യനിഷ്‌ഠ്‌ ആര്യയെന്നയാളുടെ നേതൃത്വത്തിൽ അവഹേളിക്കുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ഒഡിഷയയിൽ സാന്റാക്ലോസിന്റെ തൊപ്പിയും മുഖംമൂടിയും വസ്‌ത്രങ്ങളും മറ്റും വിൽക്കുന്ന ഹിന്ദുക്കളായ കച്ചവടക്കാരെ സംഘപരിവാറുകാർ ഭീഷണിപ്പെടുത്തുന്നതിന്റെ കൂടുതല്‍ ദൃശ്യം പുറത്തുവന്നു.


​‘അവിടെ ആക്രമണം; 
ഇവിടെ ആഘോഷം’​

ഒരുവശത്ത്‌ സംഘപരിവാർ ശക്തികൾ ക്രൈസ്‌തവർക്ക്‌ എതിരെ ആക്രമണങ്ങൾ അഴിച്ചുവിടുന്പോൾ മറുവശത്ത്‌ കേന്ദ്രമന്ത്രി വിവിധ സഭകളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച്‌ ക്രിസ്‌മസ്‌ ആഘോഷം സംഘടിപ്പിച്ചു. കേന്ദ്രസഹമന്ത്രി ജോർജ്‌ കുര്യൻ ഡൽഹിയിലെ ഒ‍ൗദ്യോഗിക വസതിയിൽ നടത്തിയ ആഘോഷത്തിൽ സഭാപ്രതിനിധികളും ബിജെപി നേതാക്കളും പങ്കെടുത്തു. ആർച്ച്‌ ബിഷപ്പ്‌ കുര്യാക്കോസ്‌ ഭരണിക്കുളങ്ങര, ആർച്ച്‌ബിഷപ്പ്‌ അനിൽ ക്യൂട്ടോ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ, അൽഫോൺസ്‌ കണ്ണന്താനം, ടോം വടക്കൻ, ഷോൺ ജോർജ്‌ തുടങ്ങിയവർ പങ്കെടുത്തു. ക്രിസ്‌മസ്‌ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ കത്തീഡ്രൽ ചർച്ച്‌ ഓഫ്‌ ദി റിഡംപ്‌ഷൻ സന്ദർശിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.


‘അപൂർവമായ ക്രിസ്‌മസ്‌ സമ്മാനം’

സംഘപരിവാർ അഴിഞ്ഞാട്ടത്തിനെതിരെ കത്തോലിക്ക ഓൺലൈൻ കൂട്ടായ്‌മയായ ‘ദി കാത്തലിക്‌ കണക്‌റ്റ്‌’ പോർട്ടൽ. കഴിഞ്ഞ 15 ദിവസത്തിനിടെ രാജ്യവ്യാപകമായി പ്രത്യേകിച്ച്‌ ബിജെപി ഭരണ സംസ്ഥാനങ്ങളിൽ ക്രിസ്‌തുമത വിശ്വാസികൾക്കുനേരെ നടന്ന അതിക്രമങ്ങൾ എണ്ണമിട്ടു നിരത്തിയുള്ള ലേഖനത്തിലാണ്‌ വിമർശം.


‘ക്രൈസ്‌തവർക്ക്‌ എതിരായ അതിരാക്രമങ്ങൾ: അപൂർവമായ ക്രിസ്‌മസ്‌ സമ്മാനം’ എന്ന തലക്കെട്ടിലാണ്‌ ലേഖനം. പ്രതികാര ബുദ്ധിയോടെയുള്ള ആക്രമണങ്ങളാണ്‌ നടക്കുന്നതെന്നും നിരവധി പള്ളികളും ക്രൈസ്‌തവരും ആക്രമിക്കപ്പെട്ടെന്നും ചൂണ്ടിക്കാട്ടുന്നു.



ഛത്തീസ്ഗഡിൽ ബന്ദ് നടത്തി ഹിന്ദുത്വ സംഘടനകള്‍

മിഷണറിമാര്‍ വ്യാപകമായി മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിൽ വിഎച്ച്പി അടക്കമുള്ള ഹിന്ദുത്വ സംഘടനകള്‍ ബന്ദ് നടത്തി. റായ്‍പുര്‍, ദുര്‍ഗ്, ബസ്‍തര്‍, രാജ്നന്ദ്ഗാവ്, കോര്‍ബ, ബിലാസ്‍പുര്‍, ബിജാപുര്‍ ജില്ലകളെ ബന്ദ് സാരമായി ബാധിച്ചു. കടകളും മറ്റ് സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നു. ചിലയിടങ്ങളിൽ അക്രമ സംഭവങ്ങളുണ്ടായി. തലസ്ഥാനമായ റായ്‍പുരിലെ മാളിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള അലങ്കാരങ്ങള്‍ നശിപ്പിച്ചു. റോഡുകള്‍ തടഞ്ഞതിനാൽ വിവിധയിടങ്ങളിൽ ഗതാഗത തടസമുണ്ടായി.


ഡിസംബര്‍ 18ന് കാങ്കര്‍ ജില്ലയിൽ ക്രിസ്തുമതവിശ്വാസിയുടെ ശവസംസ്‍കാരത്തെ ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തിൽ കലാശിച്ചിരുന്നു. പിന്നാലെയാണ് സര്‍വ ഹിന്ദുസമാജ് ബന്ദ് പ്രഖ്യാപിച്ചത്. മിഷണറിമാര്‍ നിയമങ്ങള്‍ ലംഘിച്ച് വ്യാപകമായി മതപരിവര്‍ത്തനം നടത്തുകയാണെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഗണശ്യാം ചൗധരി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home