print edition ലക്ഷ്യം ഇടതുപക്ഷത്തെ അടിച്ചൊതുക്കൽ

എം പ്രശാന്ത്
Published on Oct 12, 2026, 01:17 AM | 2 min read
ന്യൂഡൽഹി: മോദിസർക്കാരിന്റെ ജനാധിപത്യവിരുദ്ധ നിലപാടുകൾക്കെതിരായി ദേശീയതലത്തിൽ ഉയരുന്ന സമരപ്രക്ഷോഭങ്ങളെ ധീരമായി മുന്നോട്ടുനയിക്കുന്ന ഇടതുപക്ഷത്തെ ഏതുവിധേനയും അടിച്ചൊതുക്കാൻ സംഘപരിവാർ ശ്രമം. ഡൽഹിയിലെ തെരുവോരങ്ങളിൽ പോരാടുന്ന സിപിഐ എമ്മും എസ്എഫ്ഐയും ഡിവൈഎഫ്ഐയുമടക്കമുള്ള ഇടതുപക്ഷ സംഘടനകൾക്കെതിരായി പൊലീസും കേന്ദ്രസേനകളും അഴിച്ചുവിടുന്ന നരനായാട്ട് കൃത്യമായ ഉദ്ദേശത്തൊടെ. സംഘപരിവാർ ഉയർത്തുന്ന ഫാസിസ്റ്റ് ഭീഷണിയെ ആശയപരമായും സംഘടനാപരമായും നേരിടുന്ന ഇടതുപക്ഷത്തെയും അതിനുനേതൃത്വം നൽകുന്ന സിപിഐ എമ്മിനെയും കായികമായി അടിച്ചൊതുക്കാനാണ് നീക്കം.
കോൺഗ്രസ് അടക്കമുള്ള വലതുപക്ഷ പാർടികൾ ആശയതലത്തിൽ തങ്ങളുടെ പ്രധാന എതിരാളികളല്ലെന്ന തിരിച്ചറിവ് ആർഎസ്എസിനും സംഘപരിവാറിനുമുണ്ട്. വർഗീയതയുടെ കാര്യത്തിലുള്ള ഏറ്റക്കുറച്ചിലുകളൊഴിച്ചാൽ കോർപ്പറേറ്റുകളോടുള്ള ഉദാരസമീപനത്തിലും തീവ്രവലതു സാമ്പത്തികനയത്തിലും ബിജെപിയും കോൺഗ്രസുമെല്ലാം ഒരേ തൂവൽപക്ഷികളാണ്. എന്നാൽ ഇടതുപക്ഷം അങ്ങനെയല്ല. വർഗീയതയ്ക്കെതിരായ സന്ധിയില്ലാത്ത പോരാട്ടത്തിനൊപ്പം കോർപ്പറേറ്റ് അനുകൂലമായ തീവ്രവലതു സാമ്പത്തികനയങ്ങൾക്കെതിരായും ആശയപരമായ പ്രതിരോധംതീർക്കുകയാണ്. എക്കാലവും കോർപ്പറേറ്റുകളുടെ വിധേയസേവകരായ ഫാസിസ്റ്റ് സംഘടനകൾക്ക് ഒരിക്കലും ദഹിക്കുന്നതല്ല ഇടതുപക്ഷത്തിന്റെ സമത്വാധിഷ്ഠിത സാമ്പത്തികനയം.
2014ൽ കേവലഭൂരിപക്ഷത്തോടെ അധികാരത്തിലേറിയതുമുതൽ ഒരേപോലെ വർഗീയതയെയും തീവ്രവലതു സാമ്പത്തികനിലപാടുകളെയും താലോലിക്കുന്ന സമീപനമാണ് മോദി സർക്കാർ സ്വീകരിച്ചത്. വൻകിട കോർപ്പറേറ്റുകളുടെ നിർലോഭ പിന്തുണയിൽ പ്രതിപക്ഷപാർടികളെ അപ്രസക്തമാക്കി സംഘപരിവാർ തങ്ങളുടെ വലതുപക്ഷ അജൻഡകൾ ഒന്നൊന്നായി നടപ്പാക്കി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞും അയോധ്യയിൽ രാമക്ഷേത്രം നിർമിച്ചും മതാടിസ്ഥാനത്തിൽ പൗരത്വത്തെ നിർണയിച്ചും തീവ്രഹിന്ദുത്വം അഴിഞ്ഞാടി.
മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് സംഘപരിവാർ കുതിപ്പിനുമുന്നിൽ പകച്ചുനിന്നപ്പോൾ പ്രതിരോധത്തിന്റെ മതിൽക്കെട്ടുകൾ ഇടതുപക്ഷം പടുത്തുയർത്തി. കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞപ്പോഴും പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയപ്പോഴും ഇടതുപക്ഷ സംഘടനകൾ രാജ്യവ്യാപകമായി പ്രതിഷേധം ഉയർത്തി. ജെഎൻയുവും ജാമിയയും അടക്കം ഡൽഹിയിലെ ക്യാമ്പസുകൾ സമരമുഖരിതമായി. കാർഷിക മേഖലയെക്കൂടി കോർപ്പറേറ്റുകൾക്ക് തീറെഴുതുകയെന്ന ലക്ഷ്യത്തോടെ സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങളെയും ഇടതുപക്ഷ പാർടികൾ ചോദ്യംചെയ്തു. കിസാൻസഭ മുൻകൈയ്യെടുത്ത് ദേശീയതലത്തിൽ കർഷകസംഘടനകളെ ഏകോപിപ്പിച്ചു. സംയുക്ത കിസാൻമോർച്ചയുടെ നേതൃത്വത്തിൽ കർഷകസംഘടനകൾ നടത്തിയ ഐതിഹാസിക സമരത്തിന് മുന്നിൽ സർക്കാർ മുട്ടുമടക്കി.
തൊഴിലാളി വർഗത്തിന്റെ എല്ലാ അവകാശങ്ങളും കവർന്നെടുത്തുള്ള പുതിയ തൊഴിൽ കോഡുകൾക്കെതിരായ പോരാട്ടങ്ങൾക്കും ഇടതുപക്ഷം നേതൃത്വം നൽകി. സിഐടിയുവും എഐടിയുസിയും അടക്കമുള്ള ട്രേഡ്യൂണിയൻ സംഘടനകൾ തൊഴിൽ കോഡുകൾക്കെതിരായ രാജ്യവ്യാപക പണിമുടക്കുകൾ സംഘടിപ്പിച്ചു. ഇപ്പോഴും ട്രേഡ്യൂണിയനുകൾ സമരപാതയിലാണ്. നീറ്റ് പേപ്പർ ചോർച്ചയടക്കം മൽസരപരീക്ഷകളുടെ നടത്തിപ്പിലുണ്ടായ തുടർച്ചയായ വീഴ്ചകൾക്കെതിരായി രാജ്യമെങ്ങും ഉയർന്ന വിദ്യാർത്ഥി– യുവജന പ്രക്ഷോഭത്തിനും ഇടതുപക്ഷം നേതൃത്വമേകി. സംഘപരിവാറിന് ഏറെ വേണ്ടപ്പെട്ട വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെയ്ക്കാൻ നിർബന്ധിതനായി.
മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ എസ്ഐആർ പ്രക്രിയയിലൂടെ കോടിക്കണക്കിന് സാധാരണക്കാരെ വോട്ടർപ്പട്ടികയിൽനിന്ന് പുറത്താക്കിയപ്പോഴും ചോദ്യങ്ങളുയർത്തി ആദ്യം രംഗത്തുവന്നത് ഇടതുപക്ഷ പാർടികളാണ്. ഗ്യാനേഷ് കുമാർ ഏകപക്ഷീയമായാണ് എസ്ഐആർ നടപടികൾ അടിച്ചേൽപ്പിക്കുന്നതെന്ന വെളിപ്പെടുത്തൽ വന്ന ഘട്ടത്തിൽ മറ്റ് പ്രതിപക്ഷ പാർടികളെ ഏകോപിപ്പിക്കുന്നതിൽ സിപിഐ എം നിർണായക പങ്ക് വഹിച്ചു. യോജിച്ചുള്ള പ്രക്ഷോഭത്തിന് ആഹ്വാനമേകി എല്ലാ പ്രതിപക്ഷ പാർടികൾക്കും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി കത്തയച്ചു. വൈകാതെ ഇന്ത്യാ കൂട്ടായ്മ യോഗം ചേർന്നു. ഗ്യാനേഷ് കുമാർ രാജിവയ്ക്കുംവരെ സമരമെന്ന നിലപാടിലേക്ക് പ്രതിപക്ഷ പാർടികൾ ഐക്യത്തോടെ എത്തി. രണ്ടാഴ്ചയായി രാജ്യത്ത് തുടരുന്ന പ്രക്ഷോഭങ്ങളുടെ സൂത്രധാരകർ ഇടതുപക്ഷമാണെന്ന തിരിച്ചറിവ് മോദി സർക്കാരിനും സംഘപരിവാറിനുമുണ്ട്. അതവരെ തെല്ലൊന്നുമല്ല അസ്വസ്ഥമാക്കുന്നത്.









0 comments