ശിവകാശിയുടെ ആദ്യ വനിതാ എംഎൽഎയായി എസ് കീർത്തന; വിജയ് മന്ത്രിസഭയിലെ പ്രായം കുറഞ്ഞ മന്ത്രി

എസ് കീര്‍ത്തന
ചെന്നൈ: തമിഴ്‌നാട്ടിൽ ദളപതി വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേറ്റപ്പോൾ മാധ്യമശ്രദ്ധ മുഴുവൻ കവരുന്നത് ഒരു ഇരുപത്തിയൊൻപതുകാരിയാണ്. ശിവകാശി മണ്ഡലത്തിൽ നിന്നും ഉജ്ജ്വല വിജയം നേടി സഭയിലെത്തിയ എസ് കീർത്തനയാണ് പുതിയ മന്ത്രിസഭയിലെ ഏക വനിതാ പ്രതിനിധിയും ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയും.
രാജ്യത്തിന്റെ പടക്ക നിർമ്മാണ ഹബ്ബായ ശിവകാശി മണ്ഡലത്തിൽ ഏഴ് പതിറ്റാണ്ടുകളായി തുടർന്നുവന്ന പുരുഷാധിപത്യത്തിനാണ് കീർത്തനയുടെ വിജയത്തോടെ അന്ത്യമായത്. കഴിഞ്ഞ തവണ കോൺഗ്രസിന്റെ എ എം എസ് ജി അശോകൻ പ്രതിനിധീകരിച്ച മണ്ഡലമാണിത്.
ഇതോടെ മണ്ഡലത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ എംഎൽഎ എന്ന റെക്കോർഡും കീർത്തന സ്വന്തമാക്കി. വിരുതുനഗർ സ്വദേശിയും സമ്പത്തിന്റെ മകളുമായ കീർത്തന, മധുര കാമരാജ് സർവ്വകലാശാലയിൽ നിന്ന് മാത്തമാറ്റിക്സിൽ ബിഎസ്‌സിയും, 2019-ൽ പോണ്ടിച്ചേരി സർവ്വകലാശാലയിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്സിൽ എംഎസ്‌സിയും പൂർത്തിയാക്കിയിട്ടുണ്ട്.
സജീവ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് മുൻപ് രാഷ്ട്രീയ ഉപദേശകയായും ഡിജിറ്റൽ കാമ്പയിൻ സ്ട്രാറ്റജിസ്റ്റായും പ്രവർത്തിച്ചിരുന്ന ഇവർ, ടിവികെയുടെ രൂപീകരണ ഘട്ടത്തിലും യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കുന്നതിലും നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളിലൊന്നും കാണാൻ കഴിയാത്ത അത്രയും വലിയൊരു അവസരമാണ് പുതിയ തലമുറയ്ക്ക് വിജയ് നൽകിയിരിക്കുന്നതെന്നും, മികച്ച ഭരണം കാഴ്ചവെച്ച് തങ്ങൾ ലോകത്തിന് മാതൃകയാകുമെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം കീർത്തന മാധ്യമങ്ങളോട് പറഞ്ഞു. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വിജയ്‌ക്കൊപ്പമാണ് കീർത്തനയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ടിവികെയ്ക്ക് ലഭിച്ച 108 സീറ്റുകൾക്ക് പുറമെ കോൺഗ്രസ്, സിപിഐഎം, സിപിഐ, വിസികെ, ഐയുഎംഎൽ എന്നീ പാർട്ടികളുടെ പിന്തുണയോടെ 118-ലധികം സീറ്റുകളുടെ ഭൂരിപക്ഷവുമായാണ് വിജയ് തമിഴ്‌നാട്ടിൽ മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്. ബിജെപിയുടെ വർഗീയ അജണ്ടകളെ തമിഴ് മണ്ണിൽ നിന്നും പൂർണ്ണമായും അകറ്റിനിർത്തുക എന്ന വിശാലമായ ലക്ഷ്യത്തോടെയാണ് ഇടതുപക്ഷ മതേതര കക്ഷികൾ പുതിയ സർക്കാരിന് തങ്ങളുടെ സുപ്രധാനമായ പിന്തുണ നൽകിയിരിക്കുന്നത്.










0 comments