ഇന്ത്യ - യുഎഇ നയതന്ത്രം; വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനും. (Photo Credit : X/@DrSJaishankar)
അബുദാബി: ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെ നിലവിലെ സങ്കീർണമായ സാഹചര്യങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവുമാണ് പ്രധാനമായും ചർച്ചയായത്.
പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളിൽ ഇരുനേതാക്കളും ആശങ്ക രേഖപ്പെടുത്തി. മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്യപ്പെട്ടു. ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (CEPA) പുരോഗതി ചർച്ചയിൽ വിലയിരുത്തി. വ്യാപാരം, നിക്ഷേപം, ഊർജം എന്നീ മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കാൻ തീരുമാനമായി.
യുഎഇയിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിന് നൽകുന്ന പിന്തുണക്ക് വിദേശകാര്യ മന്ത്രി യുഎഇ സർക്കാരിനോട് നന്ദി അറിയിച്ചു. ഐക്യരാഷ്ട്രസംഘടന ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിലെ പരസ്പര സഹകരണത്തെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു.
പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിൽ ഇന്ത്യയുടെ പ്രധാന നയതന്ത്ര പങ്കാളിയായ യുഎഇയുമായി നടത്തുന്ന ഈ ചർച്ചകൾക്ക് വലിയ പ്രാധാന്യമുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മേഖലയിലെ സമാധാനശ്രമങ്ങൾക്ക് കരുത്തുപകരുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം എസ് ജയശങ്കർ എക്സിലൂടെ പ്രതികരിച്ചു.










0 comments