ഇന്ത്യയും റഷ്യയും വീണ്ടും കൈകോർക്കുന്നു; കൂടുതൽ ക്രൂഡ് ഓയിലും വളവും എത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മന്തുറോവും ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചക്കിടയിൽ.
ന്യൂഡൽഹി : ഇന്ത്യയുമായുള്ള വ്യാപാര - ഊർജ്ജ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ക്രൂഡ് ഓയിലും പ്രകൃതിവാതകവും നൽകാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മാന്തുറോവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിർണായക വാഗ്ദാനം മുന്നോട്ടുവെച്ചത്. ഊർജം, രാസവളം, വ്യാപാരം, കണക്റ്റിവിറ്റി തുടങ്ങിയ മേഖലകളിലെ സഹകരണം ഇരുനേതാക്കളും ചർച്ച ചെയ്തു.
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള വിതരണം തടസപ്പെട്ട സാഹചര്യത്തിൽ റഷ്യയുടെ വാഗ്ദാനം ഇന്ത്യക്ക് വലിയ ആശ്വാസമാകും. 2025 അവസാനത്തോടെ ഇന്ത്യയിലേക്കുള്ള രാസവള വിതരണത്തിൽ റഷ്യ 40 ശതമാനം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ആവശ്യാനുസരണം കൂടുതൽ വളം നൽകാൻ തയ്യാറാണെന്നും മാന്തുറോവ് അറിയിച്ചു.
കൂടംകുളം ആണവനിലയത്തിന്റെ ശേഷിക്കുന്ന റിയാക്ടറുകളുടെ നിർമാണം നിശ്ചിത സമയക്രമത്തിൽ തന്നെ പൂർത്തിയാക്കുമെന്ന് റഷ്യ ഉറപ്പുനൽകി. അഞ്ച് എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാനുള്ള കരാറിന്റെ പുരോഗതിയും ചർച്ചയായി. കഴിഞ്ഞ ഡിസംബറിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിന്റെ സന്ദർശനവേളയിൽ എടുത്ത തീരുമാനങ്ങളുടെ പുരോഗതി പ്രധാനമന്ത്രി വിലയിരുത്തി.
വിദേശകാര്യമന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവരുമായും ഡെനിസ് മാന്തുറോവ് ചർച്ചകൾ നടത്തി. സാങ്കേതികവിദ്യ, ബഹിരാകാശം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പുതിയ സഹകരണ സാധ്യതകളും ഈ കൂടിക്കാഴ്ചകളിൽ വിഷയമായി.










0 comments