ad
Deshabhimani

സ്വര്‍ണ്ണത്തിനുമേലുള്ള നികുതിയും തുണച്ചില്ല, എക്കാലത്തെയും തകര്‍ച്ചയിൽ രൂപ, ഡോളറിനെതിരെ 95.80

Indian Rupee Reuters
വെബ് ഡെസ്ക്

Published on May 13, 2026, 04:42 PM | 2 min read

മുംബൈ: ബുധനാഴ്ച അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 95.80-ൽ എത്തി. വ്യാപാരത്തിനൊടുവിൽ നേരിയ തിരിച്ചുവരവ് നടത്തി എങ്കിലും 95.67 എന്ന നിരക്കിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. രൂപയുടെ വീഴ്ചയിലെ ഏറ്റവും വലിയ പതനമാണ്.


അതേസമയം, ലോകത്തിലെ പ്രധാന ആറ് കറൻസികൾക്കെതിരെയുള്ള യുഎസ് ഡോളറിന്റെ മൂല്യം സൂചിപ്പിക്കുന്ന 'ഡോളർ ഇൻഡക്സ്' 98.51 എന്ന നിലയിലേക്ക് ഉയർന്നു.


ചൊവ്വാഴ്ച റെക്കോർഡ് താഴ്ചയായ 95.63 എന്ന നിലയിലെത്തിയാണ് രൂപ ക്ലോസ് ചെയ്തത്. വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ 35 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. വ്യാപാരം തുടങ്ങിയപ്പോൾ തന്നെ 95.57 ലേക്ക് താഴുകയും പിന്നീട് സർവകാല റെക്കോർഡ് താഴ്ചയായ 95.63 ലേക്ക് എത്തുകയുമായിരുന്നു. ബുധനാഴ്ച വീണ്ടും താഴേക്ക് വീണു.


Related News

വിദേശ സ്ഥാപന നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വൻതോതിൽ പണം പിൻവലിച്ചതാണ് രൂപയെ കൂടുതൽ ഉലച്ചത്. ചൊവ്വാഴ്ച മാത്രം 1,959.39 കോടി രൂപയുടെ ഓഹരികളാണ് ഇവർ വിറ്റഴിച്ചത്. ഇതിന് പുറമെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിക്കുന്നത് രൂപയെ സമ്മർദ്ദത്തിലാക്കുന്നു. നിലവിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 107.30 ഡോളർ എന്ന നിലവാരത്തിലാണ്.


സ്വര്‍ണ്ണത്തിനുമേലുള്ള നികുതിയും തുണച്ചില്ല


രൂപയെ പിന്തുണയ്ക്കാൻ സ്വർണ്ണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തി. ഇത് വിദേശനാണ്യ ശേഖരം ചോരുന്നത് തടയാൻ സഹായിക്കും എന്ന പ്രതീക്ഷയായിരുന്നു. വിദേശനാണ്യം സംരക്ഷിക്കുന്നതിനായി ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിക്കയും ചെയ്തിരുന്നു. എന്നിട്ടും ഫലം കണ്ടില്ല. ഈ സാഹചര്യത്തിൽ രൂപയുടെ മൂല്യം അതിവേഗം ഇടിയുന്നത് തടയാൻ റിസർവ് ബാങ്ക് വിപണിയിൽ ഇടപെടാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.


Related News

ഏപ്രിൽ മാസത്തിലെ ചില്ലറ വിൽപ്പന അധിഷ്ഠിത നാണയപ്പെരുപ്പം 3.48 ശതമാനമായി ഉയർന്നു. സ്വർണ്ണം, വെള്ളി ആഭരണങ്ങളുടെ വിലവർധനയും ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റവും സമ്മര്‍ദ്ദം ചെലുത്തുന്നു.


രൂപ തളർച്ചയിലാണെങ്കിലും ഇന്ത്യൻ ഓഹരി വിപണിയിൽ നേരിയ മുന്നേറ്റമുണ്ടായി. സെൻസെക്സ് 49.74 പോയിന്റ് ഉയർന്ന് 74,608-ലും നിഫ്റ്റി 33.05 പോയിന്റ് ഉയർന്ന് 23,412-ലും ക്ലോസ് ചെയ്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home