ad
Deshabhimani

ബിജെപി ഭരിക്കുന്ന 
സംസ്ഥാനങ്ങളിൽ ക്രൈസ്‌തവർ ഭീതിയുടെ നിഴലിൽ ,പൊലീസ്‌ കൈയും 
കെട്ടി നോക്കി നിൽക്കുന്നു

print edition ‘ക്രിസ്‌മസ്‌ ആഘോഷിക്കാൻ സമ്മതിക്കില്ല’ ; ക്രൈസ്‌തവ വേട്ട തീവ്രമാക്കി ഹിന്ദുത്വവാദികൾ

rss vhp attack against christians

മധ്യപ്രദേശിലെ ജബൽപുരിൽ പ്രാർഥനയ്‌ക്കായി പള്ളിയിൽ എത്തിയ കാഴ്‌ച പരിമിതിയുള്ള യുവതിയെ 
ബിജെപി നേതാവ്‌ അഞ്‌ജു ഭാർഗവ കൈയേറ്റം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Dec 24, 2025, 03:14 AM | 3 min read


ന്യൂഡൽഹി​

ക്രിസ്‌മസ്‌കാലത്ത് ഉത്തരേന്ത്യയിൽ ക്രൈസ്‌തവവിശ്വാസികൾക്ക്‌ എതിരായ വേട്ട ശക്തമാക്കി തീവ്രഹിന്ദുത്വശക്തികൾ. വിവിധ സംസ്ഥാനങ്ങളിൽ ആർഎസ്‌എസ്‌, ബജ്‌റംഗ്‌ദൾ, വിഎച്ച്‌പി ഗുണ്ടാസംഘങ്ങൾ ക്രൈസ്‌തവർക്ക്‌ നേരെ ആക്രമണങ്ങൾ അഴിച്ചുവിട്ടു. മധ്യപ്രദേശിലെ ജബൽപുരിൽ പ്രാർഥനയ്‌ക്കായി പള്ളിയിൽ എത്തിയ കാഴ്‌ച്ചയ്‌ക്ക്‌ വെല്ലുവിളി നേരിടുന്ന യുവതിയെ ബിജെപി നേതാവ്‌ അഞ്‌ജുഭാർഗവ ശകാരിക്കുന്നതും കൈയ്യേറ്റം ചെയ്യുന്നതുമായ ദൃശ്യം പുറത്തുവന്നു. ‘നിനക്ക്‌ ഇ‍ൗ ജന്മത്തിൽ കാഴ്‌ചയില്ല.. അടുത്ത ജന്മത്തിലും ഇതു തന്നെയാകും അവസ്ഥ’– ആക്രോശിച്ച്‌ അഞ്‌ജു ഭാർഗവ യുവതിയെ പിടിച്ച്‌ തള്ളുന്നത്‌ ദൃശ്യങ്ങളിൽ വ്യക്തം. കാഴ്‌ച വെല്ലുവിളി നേരിടുന്നവരെ കൂട്ടത്തോടെ മതംമാറ്റുന്നുവെന്ന്‌ ആരോപിച്ചാണ്‌ ബിജെപി നേതാവും കൂട്ടാളികളും പള്ളിക്കുള്ളിലേക്ക്‌ ഇരച്ചുകയറിയത്‌.


ഡൽഹി ലജ്‌പത്‌ നഗറിൽ കരോൾ സംഘത്തെ തീവ്രഹിന്ദുത്വവാദികൾ തടയുന്ന ദൃശ്യവും പുറത്തുവന്നു. സാന്താക്ലോസിന്റെ വസ്‌ത്രം ധരിച്ച സ്‌ത്രീകളെയും കുട്ടികളെയുമാണ്‌ ബജ്‌റംഗ്‌ദൾ സംഘം തടഞ്ഞത്‌. പരാതി ഇല്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്നാണ്‌ പൊലീസ്ഭാഷ്യം.


ഒഡിഷയിൽ സാന്റാക്ലോസിന്റെ മുഖംമൂടിയും വസ്‌ത്രങ്ങളും മറ്റും വിൽക്കുകയായിരുന്ന കച്ചവടക്കാരനെ ഒരുസംഘം ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നു. ‘ഇത്‌ ഹിന്ദുരാഷ്ട്രമാണ് ഇവിടെ ക്രിസ്‌ത്യൻ സാധനങ്ങളൊന്നും വിൽക്കാൻ പാടില്ല’ എന്നാണ് തീവ്രഹിന്ദുത്വവാദികളുടെ ഭീഷണി. താനും ഹിന്ദുവാണെന്നും ഉപജീവനത്തിന്‌ വേണ്ടിയാണ്‌ സാധനങ്ങൾ വിൽക്കുന്നതെന്നും കച്ചവടക്കാരൻ പറഞ്ഞു. ‘ഹിന്ദുവാണെങ്കിൽ നീ എന്തിന്‌ ക്രിസ്‌ത്യാനികളുടെ സാധനങ്ങൾ വിൽക്കുന്നു?. ജീവിക്കാനാണെങ്കിൽ ജഗന്നാഥപ്രഭുവിന്റെ സാധനങ്ങൾ വിറ്റാൽ പോരെ?’– എന്നാണ് മറുചോദ്യം.


വിഎച്ച്‌പിക്കാരൻ പുരോഹിതനെ ഭീഷണിപ്പെടുത്തുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്‌. ‘യേശുക്രിസ്‌തു നമ്മുടെ ദൈവമല്ല. നമ്മുടെ ദൈവം ഭഗവാൻ രാമനാണ്‌. നിങ്ങൾ എന്തിനാണ്‌ ഞങ്ങളെ മതംമാറ്റുന്നത്‌?. ഇതൊന്നും ഇ‍വിടെ ചെലവാകില്ല’– എന്ന് വിഎച്ച്‌പി സംഘം പുരോഹിതനോട് ആക്രോശിക്കുന്നു.

രാജസ്ഥാനിലെ ദുംഗാർപുരിൽ ബിച്ഛിവാഡ ഗ്രാമത്തിൽ സെന്റ്‌ജോസഫ്‌സ്‌ പള്ളിയിലെ ഞായറാഴ്‌ച പ്രാർഥന ആർഎസ്‌എസ്‌, ബജ്‌റംഗ്‌ദൾ പ്രവർത്തകർ തടസ്സപ്പെടുത്തി. അക്രമികൾ ഭീഷണിപ്പെടുത്തിയെന്ന്‌ സെന്റ്‌ ജോസഫ്‌സ്‌ പള്ളിയിലെ ഫാദർ രാജേഷ്‌ സരേൽ പറഞ്ഞു.


എന്തും ചെയ്യാന്‍ ലൈസൻസ്‌ കിട്ടിയതുപോലെ

മോദി സർക്കാർ അധികാരമേറ്റ ശേഷം രാജ്യത്ത്‌ ക്രൈസ്‌തവർക്ക്‌ എതിരായ അതിക്രമങ്ങൾ ഒരോവർഷവും കുതിച്ചുയരുകയാണ്‌. 2014 മുതൽ 2025 വരെ ക്രൈസ്‌തവർക്ക്‌ എതിരെ രാജ്യത്ത്‌ 4,618 അതിക്രമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു.


2023ൽ 734 അക്രമങ്ങളുണ്ടായപ്പോള്‍ 2024ൽറിപ്പോര്‍ട്ട് ചെയ്തത് 834 അക്രമസംഭവങ്ങള്‍. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ‘നിർബന്ധിത മതപരിവർത്തനം’ തടയാനെന്ന പേരിൽ നിയമങ്ങൾ പാസാക്കിയതോടെ ക്രൈസ്‌തവർക്ക്‌ നേരെ ‘എന്തും ചെയ്യാനുള്ള ലൈസൻസ്‌’ കിട്ടിയ മട്ടിലാണ്‌ തീവ്രഹിന്ദുത്വവാദികളുടെ പെരുമാറ്റം. ക്രൈസ്‌തവ ദേവാലയങ്ങൾ തകർക്കുക, പ്രാർഥനാകൂട്ടായ്‌മകൾ അലങ്കോലപ്പെടുത്തുക, ക്രൈസ്‌തവരുടെ സംസ്‌കാരചടങ്ങുകൾ തടയുക, കള്ളക്കേസുകളിൽ കുടുക്കി ജയിലിൽ അടയ്‌ക്കുക, സാമൂഹ്യവിലക്ക്‌ ഏർപ്പെടുത്തുക– തുടങ്ങി മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ക്രൂരതകളാണ്‌ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്‌തവ സമൂഹത്തിന്‌ അനുഭവിക്കേണ്ടി വരുന്നത്‌. കന്യാസ്‌ത്രീകളും പുരോഹിതൻമാരും സഭാവസ്‌ത്രങ്ങൾ ധരിച്ച്‌ പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ്‌.


ഒരു ഭാഗത്ത്‌ ക്രൈസ്‌തവരെ വിശ്വാസത്തിന്റെ പേരിൽ വേട്ടയാടുന്പോൾ മറുഭാഗത്ത്‌ വോട്ടിന്‌ വേണ്ടി അവരോടൊപ്പമാണെന്ന്‌ കാണിക്കാനുള്ള പ്രഹസനങ്ങൾ നടത്താൻ പ്രധാനമന്ത്രിക്കും കൂട്ടർക്കും മടിയില്ല.


കഴിഞ്ഞ വർഷം ക്രിസ്‌മസിന്‌ ഡൽഹിയിൽ സിബിസിഐ സംഘടിപ്പിച്ച ക്രിസ്‌മസ്‌ ആഘോഷത്തിൽ പങ്കെടുത്ത മോദി യേശുക്രിസ്‌തു സ്‌നേഹവും സാഹോദര്യവും സഹവർത്തിത്വവുമാണ്‌ പഠിപ്പിച്ചതെന്ന്‌ പ്രസംഗിച്ചിരുന്നു.



ആഭ്യന്തരമന്ത്രി ഉടൻ ഇടപെടണമെന്ന്‌ യുണൈറ്റഡ്‌ ക്രിസ്‌ത്യൻ ഫോറം

രാജ്യത്ത്‌ ക്രൈസ്‌തവസമ‍ൂഹത്തെ ലക്ഷ്യമിട്ടുള്ള ആസ‍ൂത്രിതമായ ആക്രമണങ്ങൾ തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ യുണൈറ്റഡ്‌ ക്രിസ്‌ത്യൻ ഫോറം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷായ്‌ക്ക്‌ കത്ത്‌ നൽകി. 2024ൽ ക്രൈസ്‌തവർക്ക്‌ എതിരെ 834 ആക്രമണമുണ്ടായി. ഒരോ മാസവും ശരാശരി 69ലേറെ ആക്രമണം. 2025 നവംബർ വരെ 706 അക്രമണം റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഉത്തർപ്രദേശിലും ഛത്തീസ്‌ഗ‍ഡിലുമാണ്‌ കൂടുതൽ ക്രൈസ്തവവേട്ട അതിതീവ്രം. പല സംസ്ഥാനങ്ങളിലും പൊലീസ്‌ തീവ്രഹിന്ദുത്വ സംഘങ്ങളുമായി കൈകോർത്ത്‌ ക്രൈസ്‌തവർക്ക്‌ എതിരായ അതിക്രമങ്ങൾക്ക്‌ നേരെ കണ്ണടക്കുന്നതായി ‘പീപ്പിൾസ്‌ യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ്‌’ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്‌.


മതപരിവർത്തനം തടയാനാണെന്ന പേരിൽ 12 സംസ്ഥാനങ്ങളിലും നിയമങ്ങൾ വന്നതോടെ ക്രൈസ്‌തവർക്ക്‌ എതിരായ ആക്രമണങ്ങളുടെ എണ്ണം കുതിച്ചു. ഇത്തരം നിയമങ്ങൾ ന്യൂനപക്ഷവേട്ടയാടൽ മാത്രം ലക്ഷ്യമിട്ട്‌ സൃഷ്ടിച്ചതാണോയെന്ന ആശങ്കയുമുണ്ട്‌.

മതപരിവർത്തനം നടത്തിയെന്ന പേരിൽ ഉത്തർപ്രദേശിലും മധ്യപ്രദേശിലും രജിസ്‌റ്റർ ചെയ്‌ത മിക്ക കേസുകളും മൂന്നാംകക്ഷിയുടെ പരാതിയിലാണ്‌ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്‌.


ഛത്തീസ്‌ഗഡിലും മറ്റും ഗോത്രമേഖലയിൽ ക്രൈസ്‌തവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത്‌ തടയുന്നതും സംസ്‌കരിച്ച മൃതദേഹം പുറത്തെടുക്കുന്നതും പതിവായി.

2025ൽ മാത്രം സംസ്‌കാരവുമായി ബന്ധപ്പെട്ട്‌ 23 പ്രശ്‌നങ്ങളുണ്ടായി. ഛത്തീസ്‌ഗഡിൽ 24ന്‌ ക്രൈസ്‌തവസമൂഹത്തിന്‌ എതിരായ പ്രതിഷേധമെന്ന പേരിൽ ബന്ദ്‌ നടത്താൻ ചിലർ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. മതസ്‌പർധയും വിദ്വേഷവും പടർത്താനുള്ള ഇത്തരം നീക്കങ്ങള്‍ കേന്ദ്രസർക്കാർ ഇടപെട്ട്‌ തടയണമെന്നും യുണൈറ്റഡ്‌ ക്രിസ്‌ത്യൻ ഫേ-ാറം ആവശ്യപ്പെട്ടു.


ഹിന്ദുക്കള്‍ ക്രിസ്‍മസ് ആഘോഷിക്കരുതെന്ന്
വിഎച്ച്‍പി

ഹിന്ദുക്കള്‍ ക്രിസ്‍മസ് അടക്കമുള്ള മറ്റ് മതങ്ങളുടെ ആഘോഷങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന് തീവ്രഹിന്ദുത്വ സംഘടനയായ വിശ്വഹിന്ദു പരിഷത്ത്. വിഎച്ച്പി ‘ഇന്ദ്രപ്രസ്ഥ പ്രൊവിൻസ് മിനിസ്റ്റര്‍’ സുരേന്ദ്ര ഗുപ്തയാണ് ആഹ്വാനം നടത്തിയത്. ഹാപ്പി ക്രിസ്‍മസ് ബോര്‍ഡുകള്‍ വച്ചും അലങ്കരിച്ചും ക്രിസ്‍മസ് ആഘോഷത്തിന്റെ ഭാഗമാകരുതെന്ന് കട, ഷോപ്പിങ് മാള്‍ മാനേജ്മെന്റുകളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു. മതവും സംസ്‍കാരവും സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള "സമാധാനപരമായ സാംസ്‍കാരിക ഉണര്‍ത്ത'ലിന്റെ ഭാഗമായാണ് ആഹ്വാനമെന്നും സുരേന്ദ്ര ഗുപ്ത പറഞ്ഞു.


ദീര്‍ഘകാലമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മതപരിവര്‍ത്തനത്തിന് സംഘടിത ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മറ്റ് മതസ്ഥരുടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് അവരുടെ വിശ്വാസത്തിന് സാമൂഹ്യസ്വീകാര്യത നൽകും. ഇത് മതസ്വാതന്ത്ര്യത്തിന്റെ പ്രശ്നമല്ല. മതംമാറ്റത്തിന്റെ വിഷയമാണ്. നമ്മുടെ സഹിഷ്ണുതാ സ്വഭാവത്തെ ക്രിസ്ത്യൻ മിഷനറിമാര്‍ ചൂഷണം ചെയ്ത് മതപരിവര്‍ത്തനം നടത്തുന്നുവെന്നും സുരേന്ദ്ര ഗുപ്ത ആരോപിച്ചു.



കരോൾ സംഘത്തെ അധിക്ഷേപിച്ച്‌ ഷോൺ ജോർജ്‌

പാലക്കാട്ട് സംഘപരിവാർ ആക്രമണത്തിന്‌ വിധേയരായ ക്രിസ്‌മസ്‌ സംഘത്തെ അധിക്ഷേപിച്ച്‌ ബിജെപി നേതാവ്‌ ഷോൺ ജോർജ്‌. കരോൾ മാന്യമല്ലായിരുന്നു എന്ന്‌ പറഞ്ഞ ഷോൺ ആക്രമണത്തെ ന്യായീകരിച്ചു. മാന്യമായ കരോൾ ആയിരുന്നെങ്കിൽ അത്‌ പള്ളിയറിയേണ്ടേ എന്നായിരുന്നു ഷോണിന്റെ വിചിത്രവാദം. മാന്യമല്ലാത്ത കരോൾ നടത്തിയാൽ ഇനിയും അടികിട്ടും. നാട്ടുകാർക്ക്‌ പ്രകോപനമുണ്ടാക്കുന്ന രീതിയിൽ ആളുകൾ മദ്യപിച്ച്‌ നടത്തിയ കരോളായിരുന്നു അതെന്ന്‌ പറഞ്ഞും ഷോൺ അധിക്ഷേപിച്ചു.


ക്രിസ്മസ് കരോളുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയിൽ നടക്കുന്ന സംഘപരിവാർ ആക്രമങ്ങൾ, യുപിയിൽ ക്രിസ്‌മസ്‌ അവധി റദ്ദാക്കൽ തുടങ്ങിയ ചോദ്യങ്ങൾക്ക് ഷോൺ കൃത്യമായി മറുപടി പറഞ്ഞില്ല.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home