print edition ആർഎസ്‌എസിനെ വിലക്കണം: യുഎസ് മതസ്വാതന്ത്ര്യ കൗൺസിൽ

ന്യൂഡൽഹി : അമേരിക്കൻ സർക്കാർ ആർഎസ്‌എസിന് വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മതസ്വാതന്ത്ര്യത്തിനായുള്ള യുഎസ് അന്താരാഷ്ട്ര കൗൺസിൽ (യുഎസ്‌സിഐആർഎഫ്). ആർഎസ്‌എസ് തലവൻ മോഹൻ ഭാഗവത് അമേരിക്ക സന്ദർശിക്കാനിരിക്കെയാണ് ഇൗ ആവശ്യവുമായി യുഎസ്‌സിഐആർഎഫ് രംഗത്തുവന്നത്.
സംഘപരിവാറിന് നേതൃത്വം നൽകുന്ന ആർഎസ്‌എസിന്റെ പല പോഷക സംഘടനകളും മതന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നവരാണ്. ആർഎസ്‌എസ് നേതാക്കളുടെ കാര്യത്തിൽ നയതന്ത്ര മര്യാദകളുടെ ആവശ്യമില്ല. ഉന്നതതല കൂടിക്കാഴ്‌ചകൾക്ക് അവസരമൊരുക്കരുതെന്നും യുഎസ്‌സിഐആർഎഫ് ഭാരവാഹികൾ ആവശ്യപ്പെട്ടു. സംഘടനയുടെ വാർഷികറിപ്പോർട്ടിൽ ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ വിമർശിച്ചിരുന്നു. ഇത്തരം ആക്രമണങ്ങൾക്ക് പിന്നിലുള്ള ആർഎസ്‌എസ് അടക്കമുള്ള സംഘടനകൾക്കും വ്യക്തികൾക്കും വിലക്കേർപ്പെടുത്തണമെന്ന നിർദേശവും യുഎസ്‌സിഐആർഎഫ് മുന്നോട്ടുവച്ചു.
എന്നാൽ വളച്ചൊടിച്ച കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളതെന്നും വിവരങ്ങളുടെ സ്രോതസ്സുകൾ സംശയകരമാണെന്നുമായിരുന്നു കേന്ദ്രവിദേശ മന്ത്രാലയത്തിന്റെ നിലപാട്. അമേരിക്കയിൽ മതസ്വാതന്ത്ര്യ സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ട സർക്കാർ ഏജൻസിയാണ് യുഎസ്‌സിഐആർഎഫ്. യുഎസ് സർക്കാരിന് മുമ്പാകെ ഇൗ സംഘടന മുന്നോട്ടുവയ്‌ക്കുന്ന നിർദേശങ്ങൾക്ക് ഉപദേശ സ്വഭാവമാണുള്ളത്.
യുഎസിന് പുറമെ, യുകെ, കാനഡ എന്നീ രാജ്യങ്ങളും മോഹൻ ഭാഗവത് സന്ദർശിക്കുന്നുണ്ട്. ഭാഗവതിന് പ്രവേശനാനുമതി നിഷേധിക്കണം എന്നാവശ്യപ്പെട്ട് കാനഡയിലെ ചില എംപിമാർ രംഗത്തുവന്നിരുന്നു. ന്യൂ ഡെമോക്രാറ്റിക്ക് പാർടി എംപിമാരായ ജോണി ക്വാൻ, ഹെതർ മക്ക്‌ഫേഷൺ എന്നിവരും ചില സംഘടനകളുമാണ് ഭാവഗതിനെ കാനഡയിലേക്ക് പ്രവേശിപ്പിക്കരുതെന്ന ആവശ്യവുമായി രംഗത്തുവന്നത്. ഭാഗവതിന്റെ പരിപാടികളിൽ പങ്കെടുക്കാൻ പൂർവവിദ്യാർഥികളോട് ആവശ്യപ്പെടണമെന്ന നിർദേശം കേന്ദ്രസർക്കാർ ഐഐടി ഡയറക്ടർമാർക്ക് നൽകിയെന്ന് റിപ്പോര്‍ട്ടുണ്ട്.










0 comments