രണ്ട് പതിറ്റാണ്ടിന് ശേഷം അരുണാചലിൽ ബംഗാൾ കടുവയെ കണ്ടെത്തി; നേട്ടമെന്ന് വനംവകുപ്പ്

ബംഗാൾ കടുവ കാമറയില്‍ പതിഞ്ഞപ്പോള്‍ (Photo: NDTV)
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ പാസിഘട്ടിന് സമീപമുള്ള ഡി ഈറിങ് മെമ്മോറിയൽ വന്യജീവി സങ്കേതത്തിൽ രണ്ട് പതിറ്റാണ്ടിന് ശേഷം ബംഗാൾ കടുവയെ കണ്ടെത്തി. അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി ആൻഡ് ദി എൻവയോൺമെന്റിന്റെ സാങ്കേതിക സഹായത്തോടെ വനംവകുപ്പ് സ്ഥാപിച്ച കാമറ ട്രാപ്പിലാണ് കടുവയുടെ ചിത്രം പതിഞ്ഞത്. 2005-ന് ശേഷം മേഖലയിൽ കടുവയുടെ സാന്നിധ്യം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.
വേട്ടയാടൽ രൂക്ഷമായതിനെത്തുടർന്ന് വംശനാശഭീഷണി നേരിട്ടിരുന്ന ഈ മേഖലയിൽ കടുവകൾ തിരിച്ചെത്തിയത് നേട്ടമെന്നാണ് വനംവകുപ്പിന്റെ നിരീക്ഷണം. 2014-ൽ വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ നടത്തിയ സർവേയിൽ കടുവകളുടെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. എന്നാൽ, കഴിഞ്ഞ ജനുവരിയിൽ അസം-അരുണാചൽ അതിർത്തിയിലെ കോബു ചാപ്പൊരിയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയത് പ്രതീക്ഷ നൽകിയിരുന്നു. തുടർന്ന് നടത്തിയ നിരീക്ഷണത്തിലാണ് കടുവയെ കണ്ടെത്തിയത്.
ആവാസവ്യവസ്ഥയുടെ വീണ്ടെടുപ്പിന്റെ തെളിവാണ് കടുവയുടെ തിരിച്ചുവരവെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെമ്പി ഏതെ പ്രതികരിച്ചു. കടുവയ്ക്ക് പുറമെ അതീവ വംശനാശ ഭീഷണി നേരിടുന്ന ചൈനീസ് ഈനാംപേച്ചി, ഹിസ്പിഡ് ഹരേ (ഒരിനം മുയൽ) എന്നിവയെയും സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. വനംവകുപ്പിന്റെയും പ്രാദേശിക സമൂഹത്തിന്റെയും സംയുക്ത സംരക്ഷണ പ്രവർത്തനങ്ങളാണ് മേഖലയിലെ ജൈവവൈവിധ്യം തിരിച്ചുപിടിക്കാൻ സഹായിച്ചത്. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ മേഖലയിലെ വിനോദസഞ്ചാര സാധ്യതകളും വർധിക്കുമെന്നാണ് വിലയിരുത്തൽ.











0 comments