print edition നെഞ്ചിടിപ്പേറി നെല്ല്, കരിമ്പ് കർഷകർ

പ്രതീകാത്മക ചിത്രം

സ്വന്തം ലേഖകൻ
Published on May 31, 2026, 02:04 AM | 1 min read
ന്യൂഡൽഹി: കേന്ദ്രസർക്കാർ പിടിപ്പുകേടിൽ ദുരിതത്തിലായ കർഷകരെ ആശങ്കയിലാക്കി കാലവർഷത്തിൽ മഴ കുറയുമെന്ന അറിയിപ്പ്. രാസവള വിലവർധനയടക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് മഴ കൂടി ചതിക്കുമെന്ന മുന്നറിയിപ്പ്. കാലവർഷം വൈകുമെന്നും ജൂൺ മുതൽ സെപ്‌തംബർ വരെയുള്ള കാലയളവിൽ സാധാരണ ലഭിക്കുന്ന മഴയുടെ 90 ശതമാനം (ദീർഘകാല ശരാശരി) മാത്രമേ ലഭിക്കുകയുള്ളൂ എന്നുമാണ് അറിയിപ്പ്.
മഴ കുറയുന്നത് നെല്ല്, പരുത്തി, കരിമ്പ് തുടങ്ങിയ ഖാരിഫ് വിളകളുടെ ഉത്പാദനത്തെ ബാധിക്കും. ഇത് കർഷകരുടെ വരുമാനത്തിൽ വലിയ ഇടിവുണ്ടാക്കും. പശ്ചിമേഷ്യൻ സംഘർഷമുണ്ടായതിനെത്തുടർന്ന് പ്രഖ്യാപിച്ച താങ്ങുവില വർധനയിൽ പോലും സ്വാമിനാഥൻ കമീഷൻ നിർദേശപ്രകാരമുള്ള വില വിളകൾക്ക് നൽകാൻ കേന്ദ്രം തയ്യാറായില്ല. ഇൗ സാഹചര്യത്തിൽ ഉയർന്ന ചിലവ് നേരിടുന്ന കർഷകർ വിളവ് കൂടി കുറയുന്നതോടെ കടക്കെണിയിലേക്ക് നീങ്ങും.മഴ കുറയുന്നതിനാൽ കിണർ, കുളം, ഡാം, മറ്റ് ജലസ്രോതസ്സുകൾ എന്നിവ വറ്റും. ഇത് അടുത്ത വിളവെടുപ്പ് കാലത്തെയും(റാബി സീസൺ) ബാധിക്കും. പുല്ലിന്റെയുൾപ്പടെ ഉൽപ്പാദനം കുറയുന്നത് ക്ഷീരകർഷകരെയും പ്രതിസന്ധിയിലാക്കും.ഇൗ സാഹചര്യത്തിൽ സാമ്പത്തിക സഹായം, സൗജന്യ വിത്ത്, കുറഞ്ഞ പലിശയ്ക്ക് വായ്പ എന്നിവ കർഷകർക്ക് നൽകാൻ സർക്കാർ തയ്യാറായില്ലെങ്കിൽ പ്രതിസന്ധി മൂർച്ഛിക്കും. ഉത്‌പാദനം കുറയുന്പോൾ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമുണ്ടാവുകയും പ്രതിസന്ധി ജനങ്ങളിലേക്ക് നീങ്ങുകയും ചെയ്യും.










0 comments