ad
Deshabhimani

ഏജൻസി നിയമത്തിന്റെ നാല്‌ അതിരുകൾക്കുള്ളിൽ 
പ്രവർത്തിച്ചാൽ മതിയെന്ന്‌ കോടതി

ഇഡി വക്രബുദ്ധി 
കാട്ടരുത്‌ ; ഹർജികളിൽ വാദം തുടങ്ങി

review petition on ed
വെബ് ഡെസ്ക്

Published on Aug 08, 2025, 02:59 AM | 1 min read

ന്യൂഡൽഹി

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള ഇഡിയുടെ അധികാരങ്ങളെ ചോദ്യംചെയ്‌തുള്ള പുനഃപരിശോധന ഹർജികളിൽ സുപ്രീംകോടതിയിൽ വാദംകേൾക്കൽ തുടങ്ങി. ഹർജികളെ എതിർത്തുള്ള എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന്റെ വാദമാണ്‌ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ, എൻ കോടീശ്വർ സിങ്‌ എന്നിവരടങ്ങിയ ബെഞ്ചിന്‌ മുമ്പാകെ വ്യാഴാഴ്‌ച ആരംഭിച്ചത്‌. ഇഡി രജിസ്‌റ്റർ ചെയ്യുന്ന ഇസിഐആർ (എൻഫോഴ്‌സ്‌മെന്റ്‌ കേസ്‌ ഇൻഫർമേഷൻ റിപ്പോർട്ട്‌) പകർപ്പ്‌ പ്രതിക്ക്‌ നൽകേണ്ടതില്ലെന്നതടക്കം എല്ലാ വ്യവസ്ഥയും അംഗീകരിക്കുന്നതായിരുന്നു 2022ലെ ഉത്തരവ്‌. ഇതിനെതിരായ ഒരുകൂട്ടം പുനഃപരിശോധന ഹർജികളാണ്‌ കോടതി പരിഗണിക്കുന്നത്‌. ഇഡി കേസുകളുടെ ശിക്ഷാനിരക്ക്‌ കുറവാണെന്നും ഏജൻസി വക്രബുദ്ധി കാട്ടരുതെന്നുമുള്ള കോടതി നിരീക്ഷണങ്ങൾ അവർക്ക്‌ തിരിച്ചടിയായി.


പുനഃപരിശോധന ഹർജികൾ നിയമപരമായി നിലനിൽക്കില്ലന്ന്‌ ഹർജികളെ എതിർത്ത അഡീ. സോളിസിറ്റർ ജനറൽ എസ്‌ വി രാജു പറഞ്ഞു. 2022ലെ വിധിയെ പുതിയ ആഖ്യാനം നൽകി പുനഃപരിശോധിപ്പിക്കാനാണ്‌ ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. പ്രതികൾ പലസ്ഥലത്തേക്ക്‌ രക്ഷപ്പെടുന്നുണ്ടെന്നും അതിനാൽ പ്രതിക്ക് ഇസിഐആറിന്റെ പകർപ്പ് നൽകേണ്ടെന്നുമായിരുന്നു വാദം. എന്നാൽ വക്രബുദ്ധിവേണ്ടെന്നും നിയമത്തിന്റെ നാല്‌ അതിരുകൾക്കുള്ളിൽ പ്രവർത്തിച്ചാൽ മതിയെന്നും കോടതി തിരിച്ചടിച്ചു. 5000 പിഎംഎൽഎ കേസുകളിൽ 10 വർഷത്തിനുള്ളിൽ 40 എണ്ണത്തിൽ മാത്രമേ ശിക്ഷയുള്ളൂ. ഇഡി ഗുണനിലവാരമുള്ള പ്രോസിക്യൂഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കണം-കോടതി പറഞ്ഞു. അഞ്ചാറ്‌ വർഷം വിചാരണകൂടാതെ തടവിലിട്ടിട്ട്‌ നിരപാരാധിയെന്ന്‌ കണ്ട്‌ വിട്ടയക്കപ്പെടുന്നവർക്ക്‌ എങ്ങനെ നഷ്‌ടപരിഹാരം നൽകുമെന്നും ചോദിച്ചു. ജനങ്ങളുടെ സ്വതന്ത്ര്യത്തെക്കുറിച്ചും ഏജൻസിയുടെ പ്രതിച്ഛായയെക്കുറിച്ചും കോടതിക്ക്‌ ആശങ്കയുണ്ടെന്നും ബെഞ്ച്‌ പറഞ്ഞു. വാദം അടുത്ത ദിവസവും തുടരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home