യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം; പ്രതിയുടെ കാലിൽ വെടിവെച്ച് വീഴ്ത്തിയ ശേഷം പിടികൂടി പൊലീസ്

പ്രതി പ്രകാശ്
ചെന്നൈ: സർക്കാർ ആശുപത്രിയിൽ കരാർ ജീവനക്കാരിയായ യുവതിയെ തീക്കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് കാലിൽ വെടിവെച്ച് വീഴ്ത്തിയ ശേഷം പിടികൂടി. ചെന്നൈ മാധവരത്തിന് സമീപമാണ് സംഭവം. ചെന്നൈ മാധവരത്തിന് സമീപം വെച്ചാണ് പ്രതിയായ പ്രകാശിനെ (35) പൊലീസ് സംഘം സാഹസികമായി പിടികൂടിയത്.
തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ പൊന്നേരി സർക്കാർ ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററായി ജോലി ചെയ്യുന്ന രാജേശ്വരി (24) എന്ന യുവതി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പ്രതിയായ പ്രകാശ് പ്ലാസ്റ്റിക് കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെ മേൽ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു.
48 ശതമാനത്തിലധികം പൊള്ളലേറ്റ രാജേശ്വരിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കൂടുതൽ വിദഗ്ദ്ധ ചികിത്സയ്ക്കായി ചെന്നൈയിലെ കിൽപോക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവർ തമ്മിൽ മുൻപരിചയമുണ്ടോ എന്നും വ്യക്തിവൈരാഗ്യമാണോ ആക്രമണത്തിന് പിന്നിലെന്നും പോലീസ് അന്വേഷിച്ചുവരികയാണ്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
പ്രതിയെ പിടികൂടാൻ പൊന്നേരി ഇൻസ്‌പെക്ടർ ശിവകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചിരുന്നു. ചൊവ്വാഴ്ച പുലർച്ചെ മാധവരം ഭാഗത്ത് വെച്ച് പ്രകാശിനെ പൊലീസ് വളഞ്ഞു. ഈ സമയം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി സബ് ഇൻസ്പെക്ടർ തമിഴരസനെ ആക്രമിച്ചു. തുടർന്ന് ഇൻസ്‌പെക്ടർ ശിവകുമാർ പ്രകാശിന്റെ കാലിലേക്ക് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. വെടിയേറ്റ പ്രതിയെ പോലീസ് കസ്റ്റഡിയിൽ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.









0 comments