ad
Deshabhimani

തത്സമയം 37 അഭിനേതാക്കളുടെ മോഷൻ ക്യാപ്ചർ ചിത്രീകരണം! ഗിന്നസ് റെക്കോർഡിട്ട് 'രാക്ക'

വെബ് ഡെസ്ക്

Published on Sep 22, 2026, 10:54 AM | 2 min read

ഹൈദരാബാദ്: ഐക്കൺ സ്റ്റാർ' അല്ലു അർജുനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാക്ക’ ഗിന്നസ് വേൾഡ് റെക്കോർഡിൽ. ഏറ്റവും കൂടുതൽ ആളുകളെ ഒരേസമയം തത്സമയം മോഷൻ-ക്യാപ്ചർ ചെയ്ത നേട്ടത്തിനാണ് ചിത്രം ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്. സൺ പിക്ചേഴ്സിന്‍റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്.


2026 ഫെബ്രുവരിയിൽ ചിത്രീകരിച്ച സങ്കീർണ്ണമായ രംഗത്തിനാണ് അം​ഗീകാരം ലഭിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചിത്രത്തിന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗികമായി അംഗീകാരം നൽകിയത്. തത്സമയ മോഷൻ-ക്യാപ്ചർ രീതിയിൽ ഒരേ സമയം 37 അഭിനേതാക്കളുടെ പ്രകടനങ്ങളാണ് ക്യാമറയിൽ പകർത്തിയത്. 4 വയസ്സുള്ള കുട്ടി മുതൽ 70 വയസ്സുള്ള മുതിർന്ന വ്യക്തി വരെ ഈ രംഗത്തിന്‍റെ ഭാഗമായിരുന്നു.


ഒരൊറ്റ ക്യാപ്ചർ വോളിയത്തിനുള്ളിൽ 37 വ്യത്യസ്ത വ്യക്തികളുടെ പ്രകടനവും സൂക്ഷ്മമായ ചലനങ്ങളും ഒട്ടും ഗുണനിലവാരം ചോരാതെ റെക്കോർഡ് ചെയ്യുക എന്നത് വലിയൊരു സാങ്കേതിക വെല്ലുവിളിയായിരുന്നു. അത്യാധുനിക സാങ്കേതിക വിദ്യയുടെ മാജിക്കിനായി 'രാക്ക'യുടെ വിഎഫ്എക്സ് പ്രൊഡ്യൂസറാണ് പുതിയൊരു മോഷൻ-ക്യാപ്ചർ പൈപ്പ്‌ലൈനും വർക്ക്‌ഫ്ലോയും വികസിപ്പിച്ചെടുത്തത്.


റെക്കോർഡ് ചിത്രീകരണത്തിനായി 92 അത്യാധുനിക ഓപ്റ്റിക്കൽ മോഷൻ-ക്യാപ്ചർ ക്യാമറകൾ സജ്ജീകരിച്ചു. അഡ്വാൻസ്ഡ് നെറ്റ്‌വർക്കിംഗ്, സിൻക്രണൈസേഷൻ, അൺറിയൽ എൻജിൻ വഴിയുള്ള തത്സമയ വിഷ്വലൈസേഷൻ, വിറ്റ്‌നസ് ക്യാമറകൾ, ഫേഷ്യൽ ക്യാപ്ചർ സാങ്കേതികവിദ്യ എന്നിവ ഒരുമിച്ച് ഉപയോഗിച്ചു. ആപ്പിൾ ആർട്ട് സ്റ്റുഡിയോയുടെ സാങ്കേതിക നൈപുണ്യവും സാങ്കേതിക വിദഗ്ദ്ധരുടെ കൂട്ടായ പ്രയത്നവുമാണ് ഈ വിജയം സാധ്യമാക്കിയത്. ഔദ്യോഗിക റെക്കോർഡ് സമർപ്പണം ഗിന്നസ് വേൾഡ് റെക്കോർഡ്സിന്‍റെ സീനിയർ അഡ്ജുഡിക്കേറ്റർ സ്വപ്നിൽ ദാംഗ്രീകർ, 'രാക്ക'യുടെ പ്രധാന അഭിനേതാക്കളും അണിയറപ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ വെച്ച് നായകൻ അല്ലു അർജുനും സംവിധായകൻ അറ്റ്‌ലിക്കും ഔദ്യോഗിക ഗിന്നസ് സർട്ടിഫിക്കറ്റ് കൈമാറി.


മൊട്ടയടിച്ച തലയും, കണ്ണ് എഴുതിയ തീക്ഷ്ണമായ നോട്ടവും, തലയിലെ ടാറ്റൂകളും ചേർന്ന് ആരെയും അമ്പരപ്പിക്കുന്ന ലുക്കിലാണ് രാക്കയിൽ അല്ലു എത്തുന്നത്. അല്ലു അർജുന്‍റെ കരിയറിലെ തന്നെ ഏറെ വേറിട്ട വേഷമായിരിക്കും എന്നാണ് ആരാധകരുടെ വിലയിരുത്തൽ.


രാജാ റാണി, തെരി, മെർസൽ, ബിഗിൽ തുടങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രങ്ങൾക്കും ജവാൻ എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിനും ശേഷം അറ്റ്‍ലി ഒരുക്കുന്ന ചിത്രമാണ് രാക്ക. സയൻസ് ഫിക്​ഷൻ ഗണത്തിൽപെടുന്ന സിനിമയായാണ് ഒരുങ്ങുന്നത് എന്നാണ് വിവരം. അല്ലു അർജുന്‍റെ 22ാമത്തെ ചിത്രവും അറ്റ്ലിയുടെ 6ാമത്തെ ചിത്രവുമാണിത്. പിആർഒ: ആതിര ദിൽജിത്ത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home