print edition പശ്ചിമബംഗാളിൽ 92.47 ശതമാനം പോളിങ്; രണ്ടാംഘട്ടത്തിൽ 91.66 ശതമാനം

ഗോപി
Published on Apr 30, 2026, 12:54 AM | 1 min read
കൊൽക്കത്ത: രണ്ടുഘട്ടങ്ങളിലായി പശ്ചിമബംഗാളിൽ നടന്ന തെരഞ്ഞെടുപ്പിൽ 92.47 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമീഷൻ. സര്‍വീസ് വോട്ടും പോസ്റ്റൽ ബാലറ്റും ഉള്‍പ്പെടുത്താതെയുള്ള കണക്കാണിത്. 2011ലെ 84.72 ശതമാനമായിരുന്നു ഇതിന് മുമ്പ് ഉയര്‍ന്ന പോളിങ്.
ദക്ഷിണ ബംഗാളിലെ ഏഴു ജില്ലകളിലെ 142 മണ്ഡലത്തിൽ ബുധനാഴ്‌ച നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ രാത്രി 7.45 വരെയുള്ള കണക്കുപ്രകാരം 91.66 ശതമാനമാണ് പോളിങ്. 77 ഇടത്ത് ഇലക്‍ട്രോണിക് വോട്ടിങ് യന്ത്രത്തിൽ കൃത്രിമം കണ്ടെത്തി. ഈ ബൂത്തുകളിൽ മെയ് രണ്ടിന് റീപോളിങ്. 16 ജില്ലകളിലെ 152 നിയമസഭാ മണ്ഡലത്തിൽ നടന്ന ആദ്യഘട്ടത്തിൽ 93.19 ശതമാനമായിരുന്നു പോളിങ്.
രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന ബർധമാൻ, ഹൂഗ്ലി, നാദിയ ജില്ലകളിൽ പോളിങ് ശതമാനം 93 ശതമാനം കടന്നു. രാവിലെ മുതൽ എല്ലാ സ്ഥലങ്ങളിലും ബൂത്തുകൾക്കു മുമ്പിൽ നീണ്ടനിരയായിരുന്നു. എസ്ഐആറിൽ ലക്ഷക്കണക്കിന് വോട്ടര്‍മാരെ പുറത്താക്കിയശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. പലയിടത്തും തൃണമൂൽ, ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. എതിർപ്പുകൾ മറികടന്ന് വോട്ടുചെയ്‌ത ജനങ്ങളെ സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം അഭിനന്ദിച്ചു.











0 comments