print edition ഹൈക്കോടതിയില്‍ 5 ജഡ്‌ജിമാരെ സ്ഥിരപ്പെടുത്താൻ ശുപാർശ

ന്യൂഡൽഹി: കേരള ഹൈക്കോടതിയിലെ അഞ്ച് താൽക്കാലിക ജഡ്‌ജിമാരെ സ്ഥിരപ്പെടുത്താൻ ശുപാർശ നൽകി സുപ്രീംകോടതി കൊളീജിയം. ജസ്റ്റിസുമാരായ പി കൃഷ്ണകുമാർ, കെ വി ജയകുമാർ, എസ് മുരളീകൃഷ്ണ, ജോബിൻ സെബാസ്റ്റ്യൻ, പി വി ബാലകൃഷ്ണൻ എന്നിവരുടെ പേരുകളാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിലുള്ള യോഗം അംഗീകരിച്ചത്.
2024 ഒക്ടോബർ 29നാണ് ഇവരെ അഡീഷണൽ ജഡ്ജിമാരായി നിയമിച്ചത്. ജസ്റ്റിസ് പി കൃഷ്ണകുമാർ തിരുവനന്തപുരം സ്വദേശിയാണ്. കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ജില്ലാ ജഡ്ജിയായും എറണാകുളം സിബിഐ/എൻഐഎ കോടതി പ്രത്യേക ജഡ്ജിയായും സേവനം അനുഷ്ഠിച്ചു. ഹൈക്കോടതിയുടെ രജിസ്ട്രാർ (ഡിസ്ട്രിക്റ്റ് ജുഡീഷ്യറി), രജിസ്ട്രാർ ജനറൽ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
ചാലക്കുടി സ്വദേശിയായ ജസ്റ്റിസ് കെ വി ജയകുമാർ തലശ്ശേരി, പാലക്കാട്, കോഴിക്കോട്, കൊല്ലം കോടതികളിൽ ജഡ്ജിയായിരുന്നു.
ഹൈക്കോടതി രജിസ്ട്രാർ (വിജിലൻസ്) ആയും പ്രവർത്തിച്ചു. ജസ്റ്റിസ് എസ് മുരളീകൃഷ്ണ കാസർകോട് ഹോസ്ദുർഗ് സ്വദേശിയാണ്. കോഴിക്കോട്, പാലക്കാട്, മഞ്ചേരി, കോഴിക്കോട് ജില്ലാ ജഡ്ജിയുമായിരുന്നു. കോട്ടയം നീലൂർ സ്വദേശിയായ ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ തൊടുപുഴ, ഈരാറ്റുപേട്ട, തിരുവനന്തപുരം, മാവേലിക്കര എന്നിവിടങ്ങളിൽ ജഡ്ജിയായും മൂവാറ്റുപുഴ വിജിലൻസ് എൻക്വയറി കമ്മീഷണർ ആന്റ് സ്പെഷ്യൽ ജഡ്ജിയായും പ്രവർത്തിച്ചു. കേരള ഹൈക്കോടതി രജിസ്ട്രാറുമായിരുന്നു. ജസ്റ്റിസ് പി വി ബാലകൃഷ്ണൻ തിരുവനന്തപുരത്ത് പ്രത്യേക ജഡ്ജിയായിരുന്നു. കോഴിക്കോട്, മാവേലിക്കര, കാസർകോട് കോടതികളിലും സേവനമനുഷ്ഠിച്ചു.









0 comments