ആദ്യ പ്ലാസ്റ്റിക് നോട്ടുകൾ അടുത്തവർഷമെന്ന് ആർബിഐ ഗവർണർ

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്റ്റിക് അല്ലെങ്കിൽ പോളിമർ കറൻസി നോട്ടുകൾ അടുത്ത സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ വിപണിയിലെത്തുമെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ത്ര അറിയിച്ചു. പദ്ധതി പ്രാഥമിക ഘട്ടത്തിലാണെന്നും ഇത് വ്യാപിപ്പിക്കുന്നതു സംബന്ധിച്ച തീരുമാനം പരീക്ഷണ ഫലങ്ങളെ ആശ്രയിച്ചായിരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
10 രൂപ, 20 രൂപ മൂല്യങ്ങളിലായി 100 കോടി വീതം മൊത്തം 200 കോടി പോളിമർ നോട്ടുകൾ അച്ചടിക്കാൻ സർക്കാർ ആർബിഐക്ക് അനുമതി നൽകിയിട്ടുണ്ട്. നിലവിൽ പേപ്പർ കറൻസി പൂർണമായും പിൻവലിക്കാൻ പദ്ധതിയില്ലെന്നും പോളിമർ നോട്ടുകളും പേപ്പർ നോട്ടുകളും ഒരുപോലെ നിയമപരമായ കറൻസിയായി തുടരുമെന്നും ആർബിഐ ഗവർണർ അറിയിച്ചു.
"പോളിമർ നോട്ടുകൾ കറൻസിയുടെ ഈടും ആയുസ്സും വർധിപ്പിക്കും. വിവിധ രാജ്യങ്ങളിൽ കഴിഞ്ഞ 30 വർഷത്തിലേറെയായി ഈ നോട്ടുകൾ പ്രചാരത്തിലുണ്ട്. ഇന്ത്യയിലെ കാലാവസ്ഥയിലും മറ്റ് സൗകര്യങ്ങളിലും ഇവ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പരീക്ഷിച്ച ശേഷമേ വ്യാപിപ്പിക്കണമോ എന്ന് ഞങ്ങൾ തീരുമാനിക്കൂ."- സഞ്ജയ് മൽഹോത്ത്ര പറഞ്ഞു.
അതേസമയം, ഗുജറാത്തിലെ മുദ്രയിൽ അദാനി ഗ്രൂപ്പ് പോളിവിനൈൽ ക്ലോറൈഡ് പെട്രോകെമിക്കൽ പ്ലാന്റ് നിർമിക്കുന്നതും പ്ലാസ്റ്റിക് കറൻസികൾ അച്ചടിക്കാൻ തീരുമാനിച്ചതും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണങ്ങൾ നേരത്തെ ഉയർന്നിരുന്നു. ഇന്ത്യ പോളിമർ നോട്ടുകളിലേക്ക് മാറിയാൽ, ഈ നീക്കത്തിന്റെ പ്രധാന ഗുണഭോക്താവ് അദാനിയായിരിക്കാമെന്നും പുതിയ കറൻസിക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ വിതരണക്കാരനായി അദാനി ഗ്രൂപ്പ് മാറിയേക്കാമെന്നും ആരോപണമുണ്ട്.










0 comments