ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അപൂർവ കാലാവസ്ഥാ പ്രതിഭാസം; കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യത

ന്യൂഡൽഹി: വേനൽച്ചൂടിന് തുടക്കമാകേണ്ട സമയത്ത് രാജ്യം അസാധാരണമായ കാലാവസ്ഥാ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കുന്നു. ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളിൽ തീവ്ര മഴയും ഇടിമിന്നലും ശക്തമായ കാറ്റും തുടരുകയാണെന്ന് റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിൽ നിന്ന് ആരംഭിച്ച് പാകിസ്ഥാൻ വഴി ഇന്ത്യയിലേക്ക് 1000 കിലോമീറ്ററോളം നീളുന്ന വിചിത്രമായ 'ലീനിയർ' (നേർരേഖാ) പടിഞ്ഞാറൻ അസ്വസ്ഥതയാണ് (Western Disturbance) നിലവിലെ കാലാവസ്ഥാ മാറ്റത്തിന് കാരണം.
സാധാരണയായി ശൈത്യകാലത്ത് മഞ്ഞുവീഴ്ചയും തണുപ്പും കൊണ്ടുവരുന്ന പടിഞ്ഞാറൻ അസ്വസ്ഥതകൾ മാർച്ച് അവസാനത്തോടെ ദുർബലമാകാറാണ് പതിവ്. എന്നാൽ ഇത്തവണ ഏപ്രിൽ മാസത്തോടടുക്കുമ്പോഴും ഇവ അതിശക്തമായി തുടരുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ തെളിവായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മെഡിറ്ററേനിയൻ, കാസ്പിയൻ, കരിങ്കടൽ എന്നിവിടങ്ങളിൽ നിന്നുള്ള ഈർപ്പത്തിനൊപ്പം അറേബ്യൻ കടലിൽ നിന്നുള്ള കാറ്റും ചേരുന്നത് പ്രതിഭാസത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു.
കേരളത്തിലും മഴ തുടരും
വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും ആലിപ്പഴ വീഴ്ചയും തുടരുമ്പോൾ, ഇതിന്റെ സ്വാധീനം തെക്കേ ഇന്ത്യയിലും പ്രകടമാണ്. കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഡൽഹി ഉൾപ്പെടെയുള്ള ദേശീയ തലസ്ഥാന മേഖലകളിൽ താപനില സാധാരണയേക്കാൾ 25-28 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു.
നിലവിലെ പടിഞ്ഞാറൻ അസ്വസ്ഥത ഇന്ന് രാത്രിയോടെ പടിഞ്ഞാറൻ ഹിമാലയൻ മേഖലകളിൽ നിന്ന് പിൻവാങ്ങിത്തുടങ്ങുമെങ്കിലും ഞായറാഴ്ച മുതൽ പുതിയൊരു പടിഞ്ഞാറൻ അസ്വസ്ഥത കൂടി എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.











0 comments