യുപിയിൽ ബലാത്സംഗ കേസ് പ്രതി അതിജീവിതയെ വെടിവെച്ചു കൊന്നു

ലക്നൗ: ബലാത്സംഗ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി, അതിജീവിതയെ വെടിവെച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിൽ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 22 വയസ്സുള്ള പ്രതിക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.
2024 ഡിസംബറിലാണ് പ്രതി പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകി ബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങൾ പകർത്തിയത്. കുടുംബത്തിന്റെ പരാതിയിൽ കൽവാരി പൊലീസ് പ്രതിക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു. എന്നാൽ പ്രതി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു.
സംഭവ ദിവസം പെൺകുട്ടിയുടെ വീടിന്റെ പിൻവാതിലിലൂടെ അകത്തു കടന്ന പ്രതി, സഹോദരനൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയുടെ തലയിലും കഴുത്തിലും രണ്ട് തവണ വെടിയുതിർത്തു. മാരകമായി പരിക്കേറ്റ പെൺകുട്ടി സംഭവസ്ഥലത്ത് വെച്ച് മരിച്ചു. കൃത്യത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ അമ്മയ്ക്കും സഹോദരനും നേരെയും ഇയാൾ ആക്രമണം നടത്തി. തുടർന്ന് പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
അമ്മയ്ക്കും സഹോദരനുമൊപ്പം താമസിച്ചിരുന്ന പെൺകുട്ടി യുപി ബോർഡ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ഈ ദുരന്തം സംഭവിച്ചത്. പ്രതി ഒളിവിലായ സാഹചര്യത്തിൽ പെൺകുട്ടിക്കും കുടുംബത്തിനും ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസിന് വലിയ വീഴ്ചയാണുണ്ടായത്. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.










0 comments