ബലാത്സംഗക്കേസ് പ്രതിയെ നഗ്നനാക്കി കാളവണ്ടിയിൽ കെട്ടിവലിച്ചു; സംഭവം യുപിയിൽ

പ്രതീകാത്മക ചിത്രം
ലഖ്നൗ: ഉത്തർപ്രദേശിൽ ബലാത്സംഗക്കേസ് പ്രതിയെ കാളവണ്ടിയിൽ കെട്ടിവലിച്ചതായും നഗ്നനാക്കി നടത്തിയതായും ആരോപണം. ബഹ്‌റൈച്ച് ജില്ലയിലെ വിശേഷ്‍ശ്വർഗഞ്ചിലാണ് സംഭവം. യുവാവിനെ കാളവണ്ടിയിൽ കെട്ടിവലിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്തു.
22കാരനായ യുവാവിനെ നഗ്നനാക്കി കാളവണ്ടിയിൽ കെട്ടിവലിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇടയ്ക്ക് നായയെവിട്ട് യുവാവിനെ ആക്രമിക്കുന്നതും ദൃശ്യങ്ങളിലുള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. വീഡിയോ പ്രചരിച്ചതോടെ യുവാവിന്റെ കുടുംബം ലോക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ യുവാവിനെ ആക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രമേശ് പാണ്ഡെ പറഞ്ഞു.
"സംഭവത്തിൽ രണ്ട് വ്യത്യസ്ത സമുദായങ്ങളിൽ നിന്നുള്ള വ്യക്തികൾ ഉൾപ്പെട്ടിട്ടുണ്ട്. നിലവിൽ പ്രദേശത്ത് സാമുദായിക സംഘർഷത്തിന് സാധ്യതയില്ല. എങ്കിലും മുൻകരുതൽ നടപടിയായി ഗ്രാമത്തിൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്," വിശേഷ്‍ശ്വർഗഞ്ച് എസ്എച്ച്ഒ ഗ്യാൻ സിംഗ് പറഞ്ഞു.
പ്രദേശത്തെ ഒരു സ്ത്രീയുടെ പരാതിയിൽ യുവാവിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏപ്രിൽ ആദ്യ ആഴ്ചയാണ് സംഭവം നടന്നതെങ്കിലും പൊലീസിൽ പരാതിപ്പെട്ടത് ദിവസങ്ങൾക്ക് ശേഷമായിരുന്നു. പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതു മുതൽ യുവാവ് ഒളിവിലായിരുന്നു. ബലാത്സംഗ കേസിലും ആൾക്കൂട്ട ആക്രമണ കേസിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.









0 comments