ബാബ്റി മസ്ജിദ് തകർക്കുമെന്ന് റാവു സർക്കാരിന് നേരത്തെ അറിയാമായിരുന്നു: റിപ്പോർട്ട്

ബാബ്റി മസ്ജിദ്
ന്യൂഡൽഹി : ഇന്ത്യയുടെ മതനിരപേക്ഷതയ്ക്കേറ്റ മായാത്ത മുറിവായ ബാബ്റി മസ്ജിദ് തകർക്കലിൽ യുപി- കേന്ദ്ര സർക്കാരുകളുടെ പങ്കും നിഷ്ക്രിയത്വവും വെളിവാക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ആർഎസ്എസ് ബാബ്റി മസ്ജിദ് തകർക്കുമെന്ന് വളരെ മുമ്പ് തന്നെ കോൺഗ്രസ് നേതൃത്വത്തിലുള്ള റാവു സർക്കാരിന് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിരുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹിന്ദു ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച മുൻ അറ്റോർണി ജനറലായ കെ കെ വേണുഗോപാലിന്റെ അഭിമുഖത്തിലാണ് നേതൃത്വത്തിന്റെ അറിവോടുകൂടിയാണ് ബാബ്റി തകർത്തതെന്ന് വ്യക്തമാക്കിയത്. ബാബ്റി മസ്ജിദ് തകർത്ത സമയം ബിജെപിയുടെ കല്യാൺ സിങ്ങായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി. ആർഎസ്എസ് ബാബ്റി മസ്ജിദ് തകർക്കുമെന്നും കർസേവകർ ഇതിനായി വളരെക്കാലമായി പരിശീലനം നടത്തുന്നുണ്ടെന്നുമുള്ള ഇന്റലിജൻസ് റിപ്പോർട്ട് മുമ്പുതന്നെ സർക്കാരുകൾക്ക് ലഭിച്ചിരുന്നെന്ന് കെ കെ വേണുഗോപാൽ പറയുന്നു.

ബാബ്റി മസ്ജിദ് പൊളിക്കാൻ കർസേവകർക്ക് വളരെക്കാലമായി പരിശീലനം നൽകിയിട്ടുണ്ടെന്ന് പറയുന്ന ഒരു ഇന്റലിജൻസ് റിപ്പോർട്ട് അറ്റോർണി ജനറൽ മിലോൺ ബാനർജി സർക്കാരിന് കൈമാറിയിരുന്നു. അവർ ബാബ്റി മസ്ജിദ് പൊളിക്കുമെന്നും ആക്രമണങ്ങൾ നടക്കുമെന്നും ഉറപ്പായിരുന്നു. എന്നാൽ ഒന്നും പൊളിക്കില്ലെന്ന് താൻ ഉറപ്പാക്കുമെന്ന് കല്യാൺ സിംഗ് പറഞ്ഞതായി വേണുഗോപാൽ വ്യക്തമാക്കുന്നു. ബാബറിയിൽ പ്രവേശിക്കാൻ ശ്രമിച്ചാൽ പൊലീസ് അവരെ തടയുമെന്നും കല്യാൺ സിങ് ഉറപ്പുപറഞ്ഞിരുന്നു. ഇതു പറഞ്ഞുകൊണ്ട് സർക്കാർ കോടതിയിൽ സത്യവാങ്ങ്മൂലം ഫയൽ ചെയ്തു. യുപി മുഖ്യമന്ത്രിയുടെ വാക്കുകൾ കോടതിക്ക് അംഗീകരിക്കേണ്ടി വന്നു. എന്നാൽ കോടതിയേയും തന്നെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു കല്യാൺ സിങ്ങെന്ന് വേണുഗോപാൽ പറഞ്ഞു. നടപടിയെടുത്താൽ വോട്ട്ബാങ്ക് നഷ്ടപ്പെടുമെന്ന് കരുതി കോൺഗ്രസ് വിഷയത്തിൽ അന്നും പിന്നീടും ഇടപെട്ടില്ലെന്നും അഭിമുഖത്തിൽ പറയുന്നു.
കെ കെ വേണുഗോപാല്‍
രാജ്യത്തെ രക്തരൂഷിതമാക്കിയ സിഖ് കലാപങ്ങൾ രാഷ്ട്രീയ നേതാക്കളുടെ അറിവോടെ രൂപ കൽപ്പന ചെയ്ത ഒന്നായിരുന്നുവെന്നും വേണുഗോപാൽ അഭിമുഖത്തിൽ പറയുന്നു.
1992 ഡിസംബർ ആറിനാണ് ഇന്ത്യയുടെ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും ആഴത്തിൽ മുറിവേറ്റ സംഭവമുണ്ടായത്. 464 വർഷം പഴക്കമുള്ള ബാബ്റി മസ്ജിദ് സംഘടിച്ചെത്തിയ സംഘപരിവാർ വർഗീയവാദികൾ തകർക്കുകയായിരുന്നു. ഇന്ത്യയെ മതരാഷ്ട്രമാക്കുകയെന്ന പ്രഖ്യാപിത അജൻഡയെ മുൻനിർത്തി വർഗീയധ്രുവീകരണത്തിന് നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്ന ആർഎസ്എസിന്റെ പദ്ധതിയായിരുന്നു ബാബ്‌റി മസ്ജിദ് തകർക്കൽ.രാമജന്മഭൂമിയിലാണ് മസ്ജിദ് എന്ന മുദ്രാവാക്യം ഉയർത്തി ഇരച്ചെത്തിയ അക്രമികൾ പള്ളി പൂർണമായി തകർത്തു. സർക്കാരിന്റെ അറിവോടെയും മൗനസമ്മതത്തോടെയുമായിരുന്നു ആക്രമണങ്ങൾ.
കല്യാണ്‍ സിങ്, പി വി നരസിംഹറാവു
ആർഎസ്‌എസിനോട് സാഹോദര്യഭാവം പുലർത്തിയ നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് മസ്ജിദ് തകർക്കപ്പെട്ടത്. പിന്നീട് രാമജന്മഭൂമി ഉയർത്തിപ്പിടിച്ചായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ. ബാബ്‌റി മസ്ജിദ് തകർത്തത് തെറ്റാണെന്ന് കോടതി കണ്ടെത്തിയെങ്കിലും പള്ളിനിന്ന സ്ഥലം ക്ഷേത്രനിർമാണത്തിന് വിട്ടുകൊടുക്കുന്നെന്ന വിചിത്രവിധിയാണ് പുറപ്പെടുവിച്ചത്. പകരം പള്ളി നിർമിക്കാനായി അഞ്ചേക്കർ സ്ഥലം നൽകണമെന്നും വിധിച്ചു. ക്ഷേത്രത്തിന്റെ നിർമാണത്തിനും കോൺഗ്രസ് സഹായവുമായെത്തി. രാമക്ഷേത്രത്തിന്റെ പണിയും പൂർത്തിയായി. പ്രാണ പ്രതിഷ്ഠ എന്ന പേരിൽ ഉദ്ഘാടനവും നടത്തി. എന്നാൽ കോടതിവിധി അനുസരിച്ച് നിർമിക്കേണ്ട പള്ളി ഇപ്പോഴും യാഥാർഥ്യമായിട്ടില്ല.










0 comments