ad
Deshabhimani

print edition രംഗസ്വാമി ഇന്ന്‌ ചുമതലയേൽക്കും

Rangaswami

എൻ രംഗസ്വാമി

വെബ് ഡെസ്ക്

Published on May 13, 2026, 12:00 AM | 1 min read

​പുതുച്ചേരി: ​പുതുച്ചേരിയിൽ എൻആർ കോൺഗ്രസ്‌–ബിജെപി സഖ്യസർക്കാർ ബുധനാഴ്‌ച അധികാരമേൽക്കും. ലോക്‌നിവാസിൽ രാവിലെ 9.47ന്‌ മുഖ്യമന്ത്രിയായി ഓൾ ഇന്ത്യാ എൻആർ കോൺഗ്രസ്‌ പ്രസിഡന്റ്‌ എൻ രംഗസ്വാമി സത്യപ്രതിജ്ഞചെയ്യും. ലഫ്‌. ഗവർണർ കെ കൈലാസനാഥൻ സത്യവാചകം ചൊല്ലിക്കൊടുക്കും. ബിജെപിയിലെ എ നമശിവായം, ജി എൻ എസ്‌ രാജശേഖർ എന്നിവരും മന്ത്രിമാരായി ചുമതലയേൽക്കും. എൻആർ കോൺഗ്രസ്‌ മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട്‌.


അഞ്ചാംതവണയാണ്‌ എൻ രംഗസ്വാമി പുതുച്ചേരി മുഖ്യമന്ത്രിയാവുന്നത്‌. എൻആർ കോൺഗ്രസ്‌–ബിജെപി സഖ്യത്തിന്‌ മുപ്പതംഗ നിയമസഭയിൽ 18 പേരുടെ പിന്തുണയുണ്ട്‌. എൻആർ കോൺഗ്രസ്‌–12, ബിജെപി–4, എൽജെകെ–1, എഐഎഡിഎംകെ–1 എന്നിങ്ങനെയാണ്‌ കക്ഷിനില. ഡിഎംകെ–5, ടിവികെ–2, സിപിഐ എം സ്വതന്ത്രൻ–1, കോൺഗ്രസ്‌–1, നാം മക്കൾ കഴകം–1, സ്വതന്ത്രർ–2 എന്നിങ്ങനെയാണ്‌ പ്രതിപക്ഷത്തെ അംഗബലം. നിയമസഭാ തെരഞ്ഞെടുപ്പിൽ തട്ടാൻചാവടി, മംഗളം മണ്ഡലങ്ങളിൽനിന്ന്‌ രംഗസ്വാമി വിജയിച്ചിരുന്നു.


​ മന്ത്രിമാരുടെ എണ്ണത്തെച്ചാല്ലിയുള്ള കടുത്ത ഭിന്നതയ്‌ക്കൊടുവിലാണ്‌ എൻഡിഎ സഖ്യ സർക്കാർ വീണ്ടും അധികാരത്തിലേറുന്നത്‌.

തർക്കത്തിനൊടുവിൽ ബിജെപിക്ക്‌ രണ്ട്‌ മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്‌പീക്കർ പദവിയും അനുവദിക്കാൻ മുഖ്യമന്ത്രി നിർബന്ധിതനായി. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്‌ക്കുള്ള ക്ഷണക്കത്താണ്‌ ആദ്യം വിതരണം ചെയ്‌തത്‌. പിന്നീട്‌ ബിജെപി മന്ത്രിമാരുടെ സത്യപ്രതിജ്ഞകൂടി ഉൾപ്പെടുത്തി അറിയിപ്പ്‌ നൽകി.


കോൺഗ്രസിന് 
8 മണ്ഡലത്തിൽ കെട്ടിവച്ച കാശില്ല


നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ കോൺഗ്രസിന്‌ എട്ട്‌ മണ്ഡലത്തിൽ കെട്ടിവച്ച കാശുപോലുമില്ല. ഇന്ദിരാനഗർ, കാലാപ്പേട്ട്‌, മംഗളം, നെടുങ്ങാട്‌, രാജ്‌ഭവൻ, ഒഴുകരൈ, തട്ടാൻചാവടി, തിരുഭുവനൈ മണ്ഡലങ്ങളിലാണ്‌ കെട്ടിവച്ച പണം നഷ്ടപ്പെട്ടത്‌.


മുൻ മുഖ്യമന്ത്രിയും പിസിസി പ്രസിഡന്റുമായ വി വൈദ്യലിംഗമാണ്‌ കെട്ടിവച്ച പണം നഷ്ടപ്പെട്ട സ്ഥാനാർഥികളിൽ പ്രമുഖൻ. നിലവിലെ എംപികൂടിയായ വൈദ്യലിംഗം തട്ടാൻചാവടി മണ്ഡലത്തിൽ 2990 വോട്ടുമായി നാലാംസ്ഥാനത്തായത്‌ കോൺഗ്രസിന്‌ കനത്ത തിരിച്ചടിയായി. 22 സീറ്റിലാണ്‌ കോൺഗ്രസ്‌ മത്സരിച്ചത്‌. ഏഴുപേർ നാലാംസ്ഥാനത്തും രണ്ടിടത്ത്‌ മൂന്നാമതും 12 മണ്ഡലത്തിൽ രണ്ടാമതുമാണ്‌. സിറ്റിങ് സീറ്റുകൾ രണ്ടും നഷ്‌ടമായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home