print edition രാജ്യസഭാ തെരഞ്ഞെടുപ്പ്: ബിഹാറിലും ഒഡിഷയിലും ബിജെപിയെ ജയിപ്പിച്ച് കോൺഗ്രസ്

ന്യൂഡൽഹി: ബിഹാറിലും ഒഡിഷയിലും രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എംഎൽഎമാർ കൂറുമാറിയതോടെ എൻഡിഎ സ്ഥാനാർഥികൾക്ക് അപ്രതീക്ഷിത ജയം. ബിഹാറിൽ അഞ്ചും ഒഡിഷയിൽ നാലും ഒഴിവുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.
ബിഹാറിൽ 41 വോട്ടാണ് ജയിക്കാൻ വേണ്ടത്.
ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് 35 എംഎൽഎമാരുണ്ട്. എഐഎംഐഎമ്മിന്റെ അഞ്ചും ബിഎസ്‌പിയുടെ ഒരു എംഎൽഎയും പിന്തുണ അറിയിച്ചതോടെ പ്രതിപക്ഷം ജയം ഉറപ്പിച്ചിരുന്നു. എന്നാൽ മൂന്ന് കോൺഗ്രസ് എംഎൽഎമാരും ഒരു ആർജെഡി എംഎൽഎയും വിട്ടുനിന്നതോടെ ചിത്രം മാറി. ഇതോടെ 38 വോട്ടുനേടി എൻഡിഎയിലെ ഉപേന്ദ്ര കുശ്‌വാഹ വിജയിച്ചു.
ഒഡിഷയിൽ ജയിക്കാൻ 30 വോട്ടാണ് വേണ്ടത്. 66 എംഎൽഎമാരുള്ള സംയുക്ത പ്രതിപക്ഷത്തിന് രണ്ട് സീറ്റ് ജയിക്കാമായിരുന്നു. എന്നാൽ പ്രതിപക്ഷ കൂട്ടായ്‌മയിലെ 11 എംഎൽഎമാർ കൂറുമാറി. ബിജെഡിയുടെ ആറ് എംഎൽഎമാരും കോൺഗ്രസിന്റെ മൂന്ന് എംഎൽഎമാരും ബിജെഡി സസ്‌പെൻഡ് ചെയ്‌ത രണ്ട് എംഎൽഎമാരുമാണ് കൂറുമാറി വോട്ടുചെയ്‌തത്. ഇതോടെ ബിജെപി പിന്തുണയിൽ മത്സരിച്ച സ്വതന്ത്രസ്ഥാനാർഥി 34 വോട്ടോടെ വിജയിച്ചു. സ്വതന്ത്രസ്ഥാനാർഥിയായ ഡോ. ദത്തേശ്വർ ഹോട്ടയെയാണ് പ്രതിപക്ഷം സംയുക്തമായി പിന്തുണച്ചത്.
രണ്ട് സംസ്ഥാനങ്ങളിലും സിപിഐ എമ്മിനുള്ള ഏക എംഎൽഎമാർ പ്രതിപക്ഷ സ്ഥാനാർഥികൾക്ക് വോട്ടുചെയ്‌തു. ഹരിയാനയിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും ഏജന്റുമാർ തടസ്സം ഉന്നയിച്ചതോടെ വോട്ടെണ്ണൽ നിർത്തി. തെരഞ്ഞെടുപ്പ് കമീഷന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പരാതി നൽകി.









0 comments