print edition 27 രാജ്യസഭ സീറ്റിൽ 18ന് തെരഞ്ഞെടുപ്പ്

ന്യൂഡൽഹി: 13 സംസ്ഥാനങ്ങളിലായി 27 രാജ്യസഭ സീറ്റുകളിലേക്ക് 18ന് തെരഞ്ഞെടുപ്പ് നടക്കും. തിങ്കളാഴ്‌ച വരെ പത്രിക സമർപ്പിക്കാം. ആന്ധ്ര, ഗുജറാത്ത്, ജാർഖണ്ഡ്, മധ്യപ്രദേശ്, മണിപ്പുർ, മേഘാലയ, രാജസ്ഥാൻ, അരുണാചൽ, കർണാടക, മിസോറം എന്നീ സംസ്ഥാനങ്ങളിൽ കാലാവധി പൂർത്തിയാകുന്ന സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.
മഹാരാഷ്ട്ര, തമിഴ്‌നാട്, ഒഡീഷ സംസ്ഥാനങ്ങളിൽ ഒഴിവുവന്ന ഓരോ സീറ്റുകളിലേക്കുവീതം ഉപതെരഞ്ഞെടുപ്പുണ്ടാകും.
ഇൗ തെരഞ്ഞെടുപ്പോടെ ഗുജറാത്തിൽനിന്ന് ആദ്യമായി കോൺഗ്രസിന് രാജ്യസഭാംഗമില്ലാത്ത സ്ഥിതിയുണ്ടാകും. ഗുജറാത്തിൽ നിന്നുള്ള കോൺഗ്രസിന്റെ ഏക രാജ്യസഭാംഗം ശക്തിസിങ് ഗോഹില്ലിന്റെ കാലാവധി 21ന് അവസാനിക്കും. പുതിയൊരു രാജ്യസഭാംഗത്തെ ജയിപ്പിക്കാൻ 46 എംഎൽഎമാരുടെ പിന്തുണ ആവശ്യമാണ്.
എന്നാൽ ഗുജറാത്തിൽ കോൺഗ്രസിന് 12 എംഎൽഎമാർ മാത്രമാണുള്ളത്.
നേരത്തെ ഹരിയാന, ഒഡിഷ, ബിഹാർ സംസ്ഥാനങ്ങളിലെ രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ വ്യാപകമായ കൂറുമാറ്റം സംഭവിച്ചിരുന്നു. മധ്യപ്രദേശിലും കോൺഗ്രസ് സമാന ആശങ്കയിലാണ്. ഒഴിവുവരുന്ന മൂന്ന് സീറ്റിൽ ഒന്നിൽ കോൺഗ്രസിന് ജയിക്കാനാകും.
നിലവിൽ എൻഡിഎയ്‌ക്ക് 148 അംഗങ്ങളുണ്ട് രാജ്യസഭയിൽ. 27ൽ 18 സീറ്റുവരെ എൻഡിഎ പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ രാജ്യസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോട് എൻഡിഎ അടുക്കും.










0 comments