ഡ്രോൺ വഴി മയക്കുമരുന്ന് വര്‍ഷം; 50 കോടി രൂപയുടെ ഹെറോയിൻ പിടികൂടി

പ്രതീകാത്മകചിത്രം
ശ്രീഗംഗാനഗർ: രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തി പ്രദേശത്ത് 10 കിലോ ഹെറോയിൻ പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 50 കോടി രൂപ വിലമതിക്കുന്ന 10 കിലോ ഹെറോയിൻ ആണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രിയാണ് അതിർത്തി ഗ്രാമമായ 2 കെ എൻ ഡി പരിസരത്ത് പാകിസ്ഥാൻ ഭാഗത്തുനിന്നും എത്തിയ ഡ്രോൺ മയക്കുമരുന്ന് പാക്കറ്റുകൾ നിക്ഷേപിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അതിർത്തി രക്ഷാസേനയും രാജസ്ഥാൻ പൊലീസ് ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ മയക്കുമരുന്ന് പായ്ക്കറ്റുകൾ കണ്ടെടുത്തു.
ഡ്രോൺ വര്‍ഷിച്ച പായ്കറ്റുകൾ എടുക്കാൻ എത്തിയ സംഘത്തെ പോലീസ് തന്ത്രപൂര്‍വം വലയിലാക്കി. മൂന്ന് പേർ പഞ്ചാബ് സ്വദേശികളും രണ്ട് പേർ പ്രാദേശികവാസികളുമാണ്. മൂന്ന് പേര്‍ സംഭവ സ്ഥലത്തും രണ്ട് പേര്‍ അവരുടെ ഗ്രാമങ്ങളിൽ നിന്നുമാണ് പിടിയിലായത്.
മയക്കുമരുന്ന് കടത്തിന് പിന്നിൽ അന്തർ സംസ്ഥാന ലഹരി മാഫിയ സംഘമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ഗംഗാനഗർ എസ് പി ഹരിശങ്കർ അറിയിച്ചു.
അതിർത്തി കടന്ന് ഡ്രോൺ വഴി എത്തുന്ന ലഹരിമരുന്ന് ശേഖരിച്ച് വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്ന ശൃംഖലയെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
കഴിഞ്ഞ കുറച്ചു കാലങ്ങളായി അതിർത്തി മേഖലകളിൽ ഡ്രോൺ ഉപയോഗിച്ചുള്ള ആയുധ-ലഹരി കടത്ത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷാ സേന പരിശോധന കർശനമാക്കിയിട്ടുണ്ട്.
Related News
ഫെബ്രുവരിയിലും ഇതേ മാതൃകയിൽ ഡ്രോൺ വഴി കടത്തിയ മയക്കു മരുന്ന് പായ്ക്കറ്റുകൾ കണ്ടെടുത്തിരുന്നു. കത്വയിലും ആര്‍ എസ് പുര സെക്റ്ററിലും സമാനമായ കേസുകൾ ഉണ്ടായി.










0 comments